സഊദിയില്‍ വിദേശ അക്കൗണ്ടന്റുമാര്‍ക്ക് രജിസ്‌ട്രേഷനും അക്രഡിറ്റേഷനും നിര്‍ബന്ധമാക്കി
റിയാദ്: സഊദിയില്‍ വിദേശ അക്കൗണ്ടന്റുമാര്‍ക്ക് സഊദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സിന്റെ രജിസ്‌ട്രേഷനും അക്രഡിറ്റേഷനും നിര്‍ബന്ധമാക്കി.
സ്വദേശികള്‍ക്കു കൂടുതല്‍ തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇതനുസരിച്ച് മുഹറം ഒന്നു മുതല്‍ വിദേശി അക്കൗണ്ടന്റുമാര്‍ക്ക് ഇതില്‍ രജിസ്റ്റര്‍ ചെയ്യാതെ ഇഖാമ പുതുക്കാന്‍ സാധിക്കില്ല.
ഔദ്യോഗിക സ്ഥാപനങ്ങളില്‍നിന്നു പഠിച്ചിറങ്ങിയവര്‍ക്കു മാത്രമേ ഇതില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നതിനാല്‍ പുതിയ തീരുമാനം മേഖലയിലെ നിരവധി അക്കൗണ്ടന്റുമാര്‍ക്ക് തൊഴില്‍ ഭീഷണി സൃഷ്ടിക്കും.
ജീവനക്കാരുടെ ശേഷിയും ഗുണമേന്മയും ഉയര്‍ത്തുന്നതിനും പുതിയ തീരുമാനം സഹായിക്കും.
സ്വകാര്യ-പൊതുമേഖലകള്‍ തമ്മിലുള്ള സഹകരണത്തിലൂടെയും പങ്കാളിത്തത്തിലൂടെയും അക്കൗണ്ടിംഗ് മേഖല അടക്കമുള്ള വ്യത്യസ്ത മേഖലകളില്‍ സഊദി യുവതീയുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കി ദേശീയ സമ്പദ്‌വ്യവസ്ഥക്ക് കരുത്തു പകരാന്‍ സാധിക്കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.
അക്കൗണ്ടിംഗ് മേഖലയില്‍ ഇരുപതിനായിരം തൊഴിലുകള്‍ 2022 അവസാനത്തോടെ സഊദിവല്‍ക്കരിക്കുന്നതിന് ലക്ഷ്യമിട്ട് സഊദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സുമായും മാനവശേഷി വികസന നിധിയുമായും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നേരത്തെ ധാരണാപത്രം ഒപ്പുവച്ചിരുന്നു.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് അക്കൗണ്ടന്റുമാരായി ജോലി ചെയ്യുന്നവരെയും ജോലിക്ക് ശ്രമിക്കുന്നവരെയും കണ്ടെത്തുന്നതിനും ഈ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും രജിസ്‌ട്രേഷന്‍ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."