എല്‍നിനോ പോയി, ഇനി കാലവര്‍ഷം തകര്‍ക്കും, തിങ്കള്‍ മുതല്‍ മഴ തിരികെയെത്തുമെന്ന് നിരീക്ഷകര്‍
കെ.ജംഷാദ്
കോഴിക്കോട്: ശാന്തസമുദ്രത്തിലെ എല്‍നിനോ ഭീഷണി പൂര്‍ണമായും നീങ്ങിയതോടെ സംസ്ഥാനത്ത് അടുത്ത രണ്ടുമാസം കാലവര്‍ഷം തകര്‍ത്തുപെയ്യുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി).
ഇന്നലെ ഇറക്കിയ അവലോകനത്തിലാണ് ഇക്കാര്യം ഐ.എം.ഡി വ്യക്തമാക്കുന്നത്. കാലവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സംസ്ഥാനത്ത് 32 ശതമാനം മഴക്കുറവാണുണ്ടായിരുന്നത്. ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 31 വരെയാണ് ആദ്യ പാദമായി കണക്കാക്കുന്നത്.
ഈ മഴക്കുറവു പരിഹരിക്കാന്‍ രണ്ടാം പാദത്തിന് കഴിയുമെന്നാണ് ഇപ്പോഴത്തെ പ്രവചനം. ഇന്നു മുതല്‍ മണ്‍സൂണ്‍ വിടവാങ്ങുന്ന സെപ്തംബര്‍ 30 വരെ ദീര്‍ഘകാല ശരാശരിയുടെ 100 ശതമാനം മഴ പ്രതീക്ഷിക്കുന്നുവെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
8 ശതമാനം വ്യതിയാനം ഇതിലുണ്ടായേക്കാം. മണ്‍സൂണ്‍ മിഷന്‍ കപ്പിള്‍ഡ് ഡൈനാമിക് ഫോര്‍കാസ്റ്റ് സിസ്റ്റം (എം.എം.സി.എഫ്.എസ്) മാനദണ്ഡമാക്കിയാണ് തങ്ങളുടെ പ്രവചനമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.
കഴിഞ്ഞ വേനല്‍ മുതല്‍ ശാന്തസമുദ്രത്തില്‍ നേരിയതോതില്‍ തുടരുന്ന എല്‍നിനോ പ്രതിഭാസം ഇപ്പോഴില്ല. ഇതിനാല്‍ കാലവര്‍ഷക്കാറ്റ് പതിവുപോലെ കേരളത്തിലെത്താന്‍ ഇനി തടസമുണ്ടാകില്ല.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ സമുദ്രതാപനിലയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ (ഐ.ഒ.ഡി) പോസിറ്റീവ് ഫേസിലേക്ക് മാറിയിട്ടുണ്ട്. മഴമേഘങ്ങളുടെ സമൂഹമായ എം.ജെ.ഒയും ഇന്ത്യന്‍ മഹാസമുദ്രത്തിലാണുള്ളത്.
ശക്തമായ കാലവര്‍ഷത്തിനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തുവരുന്നുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
കേരളം, തമിഴ്‌നാട് ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 19 ശതമാനം മഴക്കുറവുണ്ടെങ്കിലും ദേശീയതലത്തില്‍ ഇതുവരെയുള്ള മഴക്കുറവ് ദീര്‍ഘകാല ശരാശരിയുടെ 9 ശതമാനം മാത്രമാണ്.
അതിനിടെ, തിങ്കള്‍ മുതല്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടുമെന്നും ഈ മാസം ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരും പറയുന്നു.
ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ നേരത്തെ ഇവര്‍ പ്രവചിച്ചിരുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാനിരിക്കുന്ന ന്യൂനമര്‍ദം മൂലം ഇപ്പോള്‍ ഗുജറാത്ത്, മഹാരാഷ്ട്ര മേഖലവഴി വീശുന്ന കാലവര്‍ഷക്കാറ്റ് ഗതിമാറി കേരളം വഴി കടന്നുപോകുന്നതാണ് മഴക്ക് കാരണമാകുക.
കാര്യമായ മഴക്കുറവ് അനുഭവപ്പെടുന്ന തെക്കന്‍ ജില്ലകളിലും മഴക്കുള്ള സാഹചര്യമാണുള്ളത്. ഇത് കുടിവെള്ള, വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."