മത്സ്യവില പൊള്ളുന്നു
കണ്ണൂര്‍: ചുഴലിക്കാറ്റിനും ശക്തമായ തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ ആഴക്കടലില്‍ മത്സ്യബന്ധനത്തിന് ഇറങ്ങാത്തതോടെ ജില്ലയില്‍ മത്സ്യക്ഷാമം രൂക്ഷമായി. ഇതോടെ മത്സ്യങ്ങളുടെ വില കുത്തനെ കൂടി. ജില്ലയിലെ പ്രധാന മത്സ്യവിപണന കേന്ദ്രമായ കണ്ണൂര്‍ ആയിക്കരയില്‍ ആഴക്കടലില്‍ മത്സ്യബന്ധനത്തിന് ഇറങ്ങിയിട്ട് അഞ്ചുദിവസം പിന്നിട്ടു.
ജാഗ്രതാ നിര്‍ദേശമുള്ളതിനാല്‍ മത്സ്യബന്ധനത്തിനിറങ്ങി അപകടം സംഭവിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കില്ലെന്ന ഫിഷറീസ് വകുപ്പിന്റെ തീരുമാനമാണ് ചെറിയ വള്ളങ്ങളില്‍ അധികം അകലെയല്ലാതെ കടലില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ പിന്‍വലിഞ്ഞത്.
മംഗളൂരുവില്‍ നിന്നും കോഴിക്കോട്, ചോമ്പാല്‍, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണു മത്സ്യങ്ങള്‍ കണ്ണൂരില്‍ എത്തുന്നത്. നേരത്തെ 1500 പെട്ടി മത്സ്യമാണു ഈ സ്ഥലങ്ങളില്‍ നിന്നു കണ്ണൂരില്‍ എത്തിയിരുന്നത്. എന്നാല്‍ ഇതു പകുതിയായി ചുരുങ്ങിയതും മത്സ്യക്ഷാമത്തിനു കാരണമായി.
100 രൂപയ്ക്കു കിട്ടിയിരുന്ന മത്തിക്ക് ഇന്നലത്തെ വില 260 രൂപയായിരുന്നു. 60 രൂപയുടെ അയലയുടെ വില 200 രൂപയിലെത്തി. ചൂര 140, ചെമ്മീന്‍ 320, വലിയ ചെമ്മീന്‍ 500, മാന്ത 200, ചെറിയ മാന്ത 130 എന്നിങ്ങനെയാണ് ഇന്നലെത്തെ മാര്‍ക്കറ്റിലെ മത്സ്യവില. എന്നാല്‍ ആവോലിയ്ക്കും നെയ്മീനും (അയക്കൂറ) കാര്യമായി വിലവര്‍ധിച്ചില്ല. ആവോലിക്ക് 450 രൂപയും നെയ്മീനു 500 രൂപയും മാത്രമേ ഇന്നലെയുണ്ടായുള്ളൂ.
അതേസമയം, ആയിക്കരയില്‍ ഇന്നലെ ചെറുവള്ളങ്ങള്‍ മത്സ്യബന്ധനത്തിന് ഇറങ്ങുകുയും ഒമാന്‍ മത്തി ലഭിക്കുകയും ചെയ്തു. 350 രൂപയ്ക്കാണ് ഒമാന്‍ മത്തി വില്‍പന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."