കുഞ്ഞാലി മരയ്ക്കാര്‍
കേരളവും പോര്‍ച്ചുഗീസുകാരും
സുഗന്ധവ്യഞ്ജനങ്ങളുടെ നാടെന്നായിരുന്നു കേരളം വിദേശരാജ്യങ്ങളില്‍ അറിയപ്പെട്ടിരുന്നത്. സമുദ്രസഞ്ചാരികള്‍ വാമൊഴിയായി കൈമാറി വന്ന വീരകഥകള്‍ കൂടിയായപ്പോള്‍ പോര്‍ച്ചുഗീസുകാര്‍ക്ക് കേരളത്തിലെത്തണമെന്ന അടങ്ങാത്ത വാശിയായി. മാത്രമല്ല കേരളത്തിലെ വ്യാപാര മേല്‍ക്കോയ്മ സ്വന്തമാക്കിയ അറബികളെ തുരത്തിയോടിച്ച് വ്യാപാര മേല്‍ക്കോയ്മ നേടണമെന്ന ഗൂഢലക്ഷ്യവും ഇതിനു പിന്നിലുണ്ടായിരുന്നു. ഒടുവില്‍ ലോക പ്രസിദ്ധ നാവികനായ ബര്‍ത്തലോമിയാ ഡയസിനെ തഴഞ്ഞ് വാസ്‌കോഡ ഗാമയെ ആ സമുദ്രപര്യവേഷണത്തിന്റെ ചുമതലയേല്‍പ്പിച്ചു. ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റി മലബാര്‍ തീരത്തെത്തുകയും ചെയ്തു. കേരളത്തിലെ കോഴിക്കോടായിരുന്നു പോര്‍ച്ചുഗീസുകാരുടെ പ്രഥമ ലക്ഷ്യം. കേരളത്തില്‍നിന്നു വാണിജ്യ വസ്തുക്കളുടെ വന്‍ ശേഖരവുമായി ഗാമ തിരിച്ചു പോര്‍ച്ചുഗീസില്‍ എത്തിയപ്പോള്‍ ലോര്‍ഡ് ഓഫ് കോണ്‍ക്വസ്റ്റ് നാവിഗേഷന്‍ ആന്‍ഡ് കമേഴ്‌സ് ഓഫ് എത്തിയോപ്പിയ, അറേബ്യ, പേര്‍ഷ്യ ആന്‍ഡ് ഇന്ത്യ എന്ന ബിരുദം നല്‍കിയാണ് ഇമാനുവല്‍ രാജാവ് സ്വീകരിച്ചത്.
അതോടെ ഇന്ത്യന്‍ കടലുകളുടെ അഡ്മിറല്‍ സ്ഥാനവും 3000 റെയ്‌സ് വാര്‍ഷിക പെന്‍ഷനും അനുവദിക്കപ്പെട്ടു. ആദ്യ യാത്രയ്ക്കു ശേഷം ഗാമയുടെ സംഘം വീണ്ടും കോഴിക്കോടെത്തുകയും കച്ചവട മേല്‍ക്കോയ്മയ്ക്കു പുറമേ രാഷ്ട്രീയ സാമൂഹിക നിയന്ത്രണങ്ങളും അടിച്ചേല്‍പ്പിക്കുകയും ചെയ്തതോടെ കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരി രാജാവിന് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടി വന്നു.
അങ്ങനെയാണ് സാമൂതിരിയുടെ നാവികസൈന്യത്തിന്റെ തലവന്മാരായി കുഞ്ഞാലിമാര്‍ നിയമിതരാകുന്നത്. പതിനാറാം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധരായ നാവികസംഘമായിരുന്നു കുഞ്ഞാലിമാരുടേത്. പോര്‍ച്ചുഗീസ് ആധിപത്യത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ ആഞ്ഞടിക്കുക ഓടിപ്പോകുക എന്ന തന്ത്രമായിരുന്നു കുഞ്ഞാലിമാര്‍ പയറ്റിയിരുന്നത്. ഇതേ തന്ത്രമാണ് പില്‍ക്കാലത്ത് ഇന്ത്യന്‍ സൈന്യത്തിന്റ മുഖമുദ്രയായി മാറിയത്. പോര്‍ച്ചുഗീസ് ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിച്ച കുഞ്ഞാലി സൈന്യത്തെ, കടല്‍ക്കൊള്ളക്കാര്‍ എന്ന പേരിലാണ് പോര്‍ച്ചുഗീസുകാര്‍ വിശേഷിപ്പിച്ചത്.
കുഞ്ഞാലിമരയ്ക്കാരുടെ പിറവി
1498 ല്‍ പോര്‍ച്ചുഗീസുകാര്‍ വ്യാപാര ആവശ്യങ്ങള്‍ക്കായി കേരളത്തിലെത്തിയപ്പോള്‍ പോര്‍ച്ചുഗീസുകാരെക്കുറിച്ചറിയാവുന്ന ഏതാനും അറബിവ്യാപാരികള്‍ വ്യാപാരത്തിന് പിന്നിലെ ഗൂഢലക്ഷ്യത്തെക്കുറിച്ച് സാമൂതിരിയോട് സൂചിപ്പിച്ചിരുന്നുവത്രെ.
എന്നാല്‍ വൈദേശിക വ്യാപാരത്തെ സ്വാഗതം ചെയ്ത സാമൂതിരി പോര്‍ച്ചുഗീസുകാരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും വ്യാപാരത്തിനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. സാമൂതിരിയുമായി വ്യാപാരബന്ധം തുടങ്ങിയ നാളില്‍ത്തന്നെ കോഴിക്കോട്ടെ വ്യാപാരകുത്തക സ്വന്തമാക്കാന്‍ പോര്‍ച്ചുഗീസുകാര്‍ ശ്രമം തുടങ്ങി.
സാമൂതിരി ഈ കാര്യം എതിര്‍ത്തപ്പോള്‍ സാമൂതിരിയുമായി ശത്രുതയില്‍ കഴിഞ്ഞിരുന്ന കൊച്ചി, കോലത്തിരി രാജാക്കന്മാരുമായി ബന്ധം സ്ഥാപിച്ച് സാമൂതിരിക്കെതിരെ തിരിഞ്ഞു. മാത്രമല്ല കടലിന്റെ കുത്തക തങ്ങള്‍ക്കു മാത്രമാണെന്ന് പോര്‍ച്ചുഗീസുകാര്‍ വാദിച്ചു.
പോര്‍ച്ചുഗീസുകാരുടെ സമ്മതം കൂടാതെ ചരക്കുമായി പോകുന്ന കപ്പലുകള്‍ കൊള്ളയടിക്കുകയും കപ്പലിലെ ജീവനക്കാരെയടക്കം ചുട്ടെരിക്കുകയും ചെയ്തു. ആദ്യ ഘട്ടങ്ങളില്‍ അറബിക്കപ്പലുകളെയാണ് പോര്‍ച്ചുഗീസുകാര്‍ ലക്ഷ്യംവച്ചതെങ്കിലും ക്രമേണ സാമൂതിരിയുടെ നിരവധി കപ്പലുകളിലേക്കും ആക്രമണം നീണ്ടു. ആദ്യ ഘട്ടത്തില്‍ പോര്‍ച്ചുഗീസിലേക്ക് തിരികെപ്പോയ ഗാമ 1502 ല്‍ രണ്ടാമതും കേരളം ലക്ഷ്യമാക്കി വന്നു. ആ യാത്രയില്‍ കണ്ണില്‍ കണ്ടതൊക്കെയും ഗാമയും സംഘവും നശിപ്പിച്ചു. മക്കയില്‍ തീര്‍ഥാടനത്തിന് പോയി വരികയായിരുന്ന ഒരു കപ്പലിലെ യാത്രക്കാരെ ഏഴിമലയില്‍വച്ച് ഗാമയും സംഘവും ക്രൂരമായി ആക്രമിക്കുകയും കപ്പലിലെ സമ്പത്ത് കൊള്ളടയിക്കുകയും ചെയ്തു. ഈജിപ്ത് സുല്‍ത്താന്റെ സ്ഥാനപതി ജാവേര്‍ബേഗും ആ തീര്‍ഥാടന കപ്പലിലുണ്ടായിരുന്നു.
കപ്പല്‍ കൊള്ളയടിച്ച ശേഷം യാത്രക്കാരെ രക്ഷപ്പെടാനാകാത്ത വിധം ബന്ധിച്ച് തീകൊളുത്താനും ഗാമ ഉത്തരവിട്ടു. അനേകം യാത്രക്കാര്‍ നടുക്കടലില്‍ വെന്തുമരിച്ച സംഭവം മലബാറിന്റെ ഉറക്കം കെടുത്തി. ഗാമ കോഴിക്കോട്ടെത്തിയപ്പോള്‍ ആദ്യംവച്ച നിര്‍ദ്ദേശം തന്നെ മതസ്പര്‍ദ്ധവളര്‍ത്തുമെന്ന് മനസ്സിലാക്കിയ സാമൂതിരി അത് ചെവിക്കൊണ്ടില്ല. ഇതോടെ ഗാമയും സംഘവും ആക്രമണം ആരംഭിച്ചു.
ആ സമയം അതു വഴി വന്ന ചരക്കുകപ്പലുകള്‍ കൊള്ളയടിക്കുകയും ജീവനക്കാരെ തടവുകാരായി പിടിക്കുകയും ചെയ്തു. വൈകാതെ ജീവനക്കാരുടെ കൈകാലുകളും മൂക്കും ഛേദിക്കുകയും പല്ലുകള്‍ അടിച്ചു കൊഴിക്കുകയും ചെയ്തു. പിന്നെ കരയെ ലക്ഷ്യമാക്കി കപ്പലയച്ച് അതിന് തീ കൊളുത്തി. കപ്പലുകള്‍ കൊള്ളയടിക്കുകയും തീവയ്ക്കുകയും ചെയ്യുന്നതിനോടൊപ്പം കടലോരത്തെ കുടിലുകളും പോര്‍ച്ചുഗീസുകാര്‍ തീവച്ച് നശിപ്പിച്ചു തുടങ്ങി. സാമൂതിരിക്ക് സന്ദേശവുമായി വന്ന സാധു ബ്രാഹ്മണന്റെ കൈയ്യും മൂക്കും ഛേദിച്ച് കഴുത്തില്‍ മാലയാക്കി കെട്ടിയ ശേഷം ബ്രാഹ്മണന്‍ കൊണ്ടു വരുന്നത് പാകം ചെയ്ത് ഭക്ഷിക്കാന്‍ സാമൂതിരിക്ക് സന്ദേശവുമയച്ചു. ഇതിന് ശേഷം കൊച്ചിയിലേക്ക് പോയ ഗാമ അവിടെയുളള സാമൂതിരിഅനുകൂലികള്‍ക്കു നേരെയും ആക്രമണം തുടര്‍ന്നു. ഇതോടെ പ്രജാക്ഷേമ തല്‍പ്പരനായ സാമൂതിരി ഒരു നാവിക സേനയ്ക്കു രൂപം കൊടുത്തു. കുഞ്ഞാലിമരയ്ക്കാരായിരുന്നു സംഘത്തെ നയിച്ചിരുന്നത്. കുഞ്ഞാലിയെന്നത് സാമൂതിരി തന്റെ നാവികപ്പടത്തലവന് കല്‍പ്പിച്ച് നല്‍കിയ പേരായിരുന്നു.
ഈ സമയം മുസ്‌ലിംകളുടെ ആത്മീയ ആചാര്യനായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം പോര്‍ച്ചുഗീസുകാര്‍ക്കെതിരെ വിശുദ്ധ യുദ്ധത്തിന് ആഹ്വാനം ചെയ്യുകയുണ്ടായി. ഇതിന്റെ ഭാഗമായി കേരളക്കാരെ യുദ്ധസജ്ജരാക്കാന്‍ രചിച്ച ഗ്രന്ഥമാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍. 1524 ല്‍ കൊച്ചിയില്‍നിന്നു വന്ന അഹമ്മദ് മരയ്ക്കാര്‍ക്കൊപ്പം കോഴിക്കോടെത്തിയ ഈ ധീരയോദ്ധാക്കളെക്കുറിച്ച് ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.
പോര്‍ച്ചുഗീസുകാരെ തുരത്താന്‍ മുസ്‌ലിം വ്യാപാരികള്‍ ഒന്നടങ്കം സാമൂതിരിയുടെ പിന്നില്‍ അണിനിരന്നു. അവരുടെ കപ്പലുകള്‍ സാമൂതിരിയുടെ കപ്പല്‍ പടയില്‍ച്ചേര്‍ത്തു. അങ്ങനെ ഏകദേശം എണ്‍പത് കപ്പലുകളും ആയിരത്തഞ്ഞൂറ് ഭടന്മാരും സാമൂതിരിയുടെ നാവികപ്പടയില്‍ അണിചേര്‍ന്നു. സര്‍വസന്നാഹങ്ങളോടെ കോഴിക്കോട് ലക്ഷ്യമാക്കി വന്ന പോര്‍ച്ചുഗീസ് കപ്പല്‍ വ്യൂഹത്തെ കൊച്ചുവള്ളങ്ങളായി സഞ്ചരിച്ചായിരുന്നു കുഞ്ഞാലിമരയ്ക്കാരുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടിരുന്നത്. പീരങ്കിയടക്കമുള്ള ആയുധ സംവിധാനങ്ങളോടെ സാമൂതിരിപ്പട്ടാളത്തെ നേരിടാന്‍ വന്ന പോര്‍ച്ചുഗീസുകാര്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ അടിപതറി. കപ്പലുകളിലേക്ക് കൊച്ചുവള്ളങ്ങളില്‍ വന്നവര്‍ തീപ്പന്തങ്ങളെറിഞ്ഞ് ഓടിരക്ഷപ്പെട്ടതോടെ പോര്‍ച്ചുഗീസുകാരുടെ ധൈര്യം ചോര്‍ന്നു. കൊച്ചു വള്ളങ്ങളെ പീരങ്കിയുപയോഗിച്ച് നേരിടാന്‍ സാധിച്ചില്ലെന്നു മാത്രമല്ല ആ പ്രവൃത്തി തുടര്‍ന്നപ്പോള്‍ പോര്‍ച്ചുഗീസ് കപ്പലുകള്‍ക്കു തന്നെ നാശനഷ്ടമുണ്ടായി. ഒടുവില്‍ നിരവധി ഭടന്മാരും ആയുധങ്ങളും നഷ്ടപ്പെട്ട് പോര്‍ച്ചുഗീസുകാര്‍ തോറ്റ് പിന്മാറി.
കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമന്‍
കുട്ട്യാലി മരയ്ക്കാരുടെ പുത്രനായ മുഹമ്മദ് മരയ്ക്കാരായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍ എന്ന സ്ഥാനപ്പേര് ലഭിച്ച ആദ്യത്തെ നാവികത്തലവന്‍. ഇദ്ദേഹം കുഞ്ഞാലിമരയ്ക്കാര്‍ ഒന്നാമന്‍ എന്ന പേരില്‍ അറിയപ്പെടുന്നു.മുഹമ്മദ് മരയ്ക്കാര്‍ തന്റെ സൈന്യത്തിനു മികച്ച പരിശീലനം നല്‍കുകയും ഒളിപ്പോരിനാവശ്യമുള്ള വഞ്ചികള്‍ നിര്‍മിക്കുകയും ചെയ്തു. സാമൂതിരിയുടെ അപേക്ഷ പ്രകാരം ഈജിപ്ത് സുല്‍ത്താന്‍, പോര്‍ച്ചുഗീസുകാര്‍ക്കെതിരെ യുദ്ധം ചെയ്യാനായി അമീര്‍ ഹുസൈന്‍ എന്ന പടത്തലവന്റെ നേതൃത്വത്തിലുള്ള ആയിരത്തഞ്ഞൂറോളം വരുന്ന വന്‍ സംഘത്തെ കോഴിക്കോടേക്ക് അയച്ചു കൊടുക്കുകയുണ്ടായി.ഈ സംഘത്തേയും ചേര്‍ത്ത് പോര്‍ച്ചുഗീസുകാരെ നേരിടാന്‍ കുഞ്ഞാലിമരയ്ക്കാര്‍ ഒന്നാമന്‍ ഗുജറാത്തിലെ ഡ്യൂവിലെത്തി.ലോറന്‍സോഡ അല്‍ മേഡയായിരുന്നു ആ സമയം പോര്‍ച്ചുഗീസ് നാവികന്‍.കുഞ്ഞാലിയുടെ വന്‍ സൈന്യത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ നാവികന്‍ ഗുജറാത്ത് ഗവര്‍ണര്‍ക്ക് കൈക്കൂലി നല്‍കി പടയാളികള്‍ക്കുള്ള ഭക്ഷണം അയക്കുന്നതില്‍ താമസം വരുത്തിയതിനാല്‍ വിശന്ന് വലഞ്ഞ് ധാരാളം ഈജിപത്യന്‍ പടയാളികള്‍ രോഗബാധിതരാവുകയും ചെയ്തു.സാഹചര്യം പ്രതികൂലമായതോടെഈജിപ്തുകാര്‍ തിരിച്ച് പോയി.എന്നിട്ടും മനോവീര്യം കളയാതെ കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമന്റെ നേതൃത്വത്തിലുള്ള സംഘം പോര്‍ച്ചുഗീസുകാരോട് യുദ്ധം ചെയ്യുകയും അവര്‍ക്ക് വന്‍ നാശനഷ്ടം വരുത്തുകയും ചെയ്തു.ഇതിനെത്തുടര്‍ന്ന് പോര്‍ച്ചുഗീസുകാര്‍ക്ക് ഗോവയും കൊച്ചിയുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയാതെ വന്നു.കുഞ്ഞാലിയേയും സംഘത്തേയും നേരിടാന്‍ പോര്‍ച്ചീഗീസ് ഗവണ്ണര്‍ കൂടുതല്‍ സൈനികരെ വരുത്തിച്ചു.വലിയൊരു സംഘം പോര്‍ച്ചുഗീസ് പടയാളികള്‍ കുഞ്ഞാലിയെ തടവില്‍ പിടിച്ചു.വൈകാതെ വധിക്കുകയും ചെയ്തു.
കുഞ്ഞാലി മരയ്ക്കാര്‍ രണ്ടാമന്‍
കുഞ്ഞാലി ഒന്നാമന്റെ പുത്രനായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍ രണ്ടാമന്‍.മിന്നലാക്രമണങ്ങളായിരുന്നു ഇദ്ദേഹത്തിന്റെ പ്രത്യേകത. ആധുനിക രീതിയിലുള്ള ആയുധങ്ങളും കപ്പലുകളും ഇദ്ദേഹം പോരാട്ടത്തിനു ഉപയോഗപ്പെടുത്തി.1540 നിലവിലെ സാമൂതിരി മരണപ്പെടുകയും പുതിയ സാമൂതിരി പോര്‍ച്ചുഗീസുകാരുമായി സന്ധിസംഭാഷണത്തിന് ആഗ്രഹിക്കുകയും ചെയ്തു. 1540 ല്‍ പോര്‍ച്ചുഗീസുകാരും സാമൂതിരിയും തമ്മില്‍ ഉടമ്പടി ഒപ്പിട്ടു.ഈ ഉടമ്പടി പ്രകാരം സാമൂതിരി സ്വന്തം നിലയില്‍ പോര്‍ച്ചുഗീസുകാര്‍ക്ക് കുരുമുളക് നല്‍കുകയും കൊച്ചിയുമായുള്ള സാമൂതിരിയുടെയുദ്ധം റദ്ദ്‌ചെയ്യുകയും വേണം.
കുഞ്ഞാലി മരയ്ക്കാര്‍ മൂന്നാമന്‍
സാമൂതിരി, ആദില്‍ഷായും നൈസാമുമായും സഖ്യം ചേര്‍ന്ന് പോര്‍ച്ച്ഗീസ് കോട്ടയായ ചാലിയം തകര്‍ത്തത് പോര്‍ച്ചുഗീസ് പതനം എളുപ്പമാക്കി.ചാലിയം കോട്ട പിടിച്ചെടുക്കാനുള്ള പോരാട്ടത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച പട്ട് മരയ്ക്കാരാണ് കുഞ്ഞാലിമരയ്ക്കാര്‍ മൂന്നാമന്‍ എന്ന പേരില്‍ അറിയപ്പെട്ടത്.ഇദ്ദേഹത്തിന്റെ പോരാട്ട കാലത്ത് അമ്പതിലേറെ പോര്‍ച്ചുഗീസ് കപ്പലുകള്‍ പിടിച്ചെടുക്കുകയുണ്ടായി.കുഞ്ഞാലിമാര്‍ക്ക് സ്വന്തമായി കോട്ട പണിയാനുള്ള ശ്രമങ്ങളാരംഭിച്ചത് ഇദ്ദേഹമാണ്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലാണ് ഇന്ന് ഈ പ്രദേശം.കപ്പലുകള്‍ യൂറോപ്യന്‍ മാതൃകയില്‍ നിര്‍മ്മിക്കാനും പോര്‍ച്ച്ഗീസുകാരെ നിരീക്ഷണക്കുന്നതിനായുള്ള കാവല്‍കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചതും ഇദ്ദേഹമാണ്.ഇദ്ദേഹത്തിന്റെ കാലത്ത് പൊന്നാനിയില്‍ പോര്‍ച്ചുഗീസുകാര്‍ക്ക് കോട്ട കെട്ടാനുള്ള അനുമതി സാമൂതിരി നല്‍കുകയുണ്ടായി.1595 ല്‍ ഇദ്ദേഹം നിര്യാതനായി.
കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍
കുഞ്ഞാലി മരയ്ക്കാര്‍ മൂന്നാമന്റെ മരണശേഷം മുഹമ്മദ് മരയ്ക്കാര്‍ എന്ന കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്‍ നാവിക സൈന്യത്തെ നയിച്ചു.ഏറ്റവും പ്രമുഖനായ പോരാളി കൂടിയായിരുന്നു ഇദ്ദേഹം.ചൈനയില്‍ വരെ ഇദ്ദേഹത്തിന്റെ പ്രസിദ്ധി നീണ്ടു നിന്നു.കുഞ്ഞാലിമരയ്ക്കാര്‍ നാലാമനെ തകര്‍ക്കാതെ സമുദ്രവ്യാപാരം മുന്നോട്ട് പോകില്ലെന്ന് പോര്‍ച്ചുഗീസുകാര്‍ മനസ്സിലാക്കി..കുഞ്ഞാലിമാരുടെ കോട്ട പൂര്‍ത്തീകരിച്ചത് ഇദ്ദേഹമായിരുന്നു.ഈ കാലഘട്ടത്തില്‍ കുഞ്ഞാലിമരയ്ക്കാര്‍ക്ക് സാമന്ത പദവി സാമൂതിരി നല്‍കി.ഇത് സാമൂതിരിയുടെ പല ആശ്രിതര്‍ക്കും ഇഷ്ടമായില്ല.അവര്‍ സാമൂതിരിയേയും കുഞ്ഞാലിയേയും തെറ്റിക്കാനുള്ള ശ്രമങ്ങള്‍ നടത്തി.കുഞ്ഞാലി നാലാമന്‍ അങ്ങനെ സാമൂതിരിയുടെ ശത്രുവായി മാറി.പോര്‍ച്ചുഗീസുകാരും സാമൂതിരിയുടെ സൈന്യവും സംയുക്തമായി കുഞ്ഞാലി മരയ്ക്കാരെ നേരിട്ടു.കോട്ടയ്ക്കുള്ളില്‍ നിന്ന് യുദ്ധം ചെയ്തിരുന്ന നാലാമനെ മാസങ്ങളോളം സംയുക്ത സൈന്യത്തിന് തോല്‍പ്പിക്കാനായില്ല.ഒടുവില്‍ കോട്ടയിലെ ഭക്ഷ്യവിഭവങ്ങള്‍ തീര്‍ന്നതോടെ നാലാമന്റെ കൂടെയുണ്ടായിരുന്ന സൈന്യത്തിന്റെ നില നില്‍പ്പ് തന്നെ അപകടത്തിലായി.ഒടുവില്‍ കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്‍ സാമൂതിരിക്ക് മുമ്പാകെ കീഴടങ്ങി.പോര്‍ച്ചുഗീസുകാര്‍ കുഞ്ഞാലി നാലാമനെ വിട്ടു തരാന്‍ സാമൂതിരിക്ക് മുമ്പാകെ സമ്മര്‍ദ്ധം ചെലുത്തി.അങ്ങനെ ഇദ്ദേഹത്തെ തടവിലാക്കുകയും പിന്നീട് വധിക്കുകയും ചെയ്തു.മരണ ശേഷം ഇദ്ദേഹത്തിന്റെ തല വെട്ടിയെടുത്ത് ശൂലത്തില്‍ തറച്ച് പ്രദര്‍ശിപ്പിക്കുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."