മലമ്പുഴ അണക്കെട്ടിലെ മത്സ്യങ്ങള്‍ വംശനാശത്തിലേക്ക്
പാലക്കാട്: മലമ്പുഴ ഡാമിലെ മല്‍സ്യസമ്പത്തില്‍ ഗണ്യമായി കുറവ്. ദിനംപ്രതി മൂന്നു ടണ്‍ വരെ മല്‍സ്യം ലഭിച്ച സ്ഥാനത്തിപ്പോള്‍ ഒരു ടണ്ണില്‍ താഴെ മാത്രമാണ് മല്‍സ്യം ലഭിക്കുന്നത്. രുചിയേറിയ മല്‍സ്യങ്ങളായ കരിമീന്‍, തിലോപ്പിയ, രോഹു എന്നിവ ഡാമില്‍നിന്നു അപ്രത്യക്ഷമാകുന്നു. മല്‍സ്യ വിലയില്‍ ഒരു വര്‍ഷത്തിനിടെ ഇരട്ടിയിലേറെ വര്‍ധനയുണ്ടായി.
കിലോയ്ക്കു 150രൂപയുണ്ടായിരുന്ന കരിമീനിന് 350 രൂപ വരെയായി. 60 രൂപയുണ്ടായിരുന്ന തിലോപ്പിയക്കു 150രൂപയാണ് വില. 50രൂപയുണ്ടായിരുന്ന പൊടിമീനുകള്‍ക്ക് കിലോ 100 രൂപയാണ് വില. കട്‌ല, രോഹു, മൃഗാല തുടങ്ങിയ മല്‍സ്യങ്ങള്‍ക്കും ഇരട്ടിയിലേറെയായി വില. മല്‍സ്യ സമ്പത്ത് കുറഞ്ഞതോടെ മലമ്പുഴയിലെ മല്‍സ്യ ബന്ധന തൊഴിലാളികള്‍ക്കു തിരിച്ചടിയായി. 116 മല്‍സ്യബന്ധന തൊഴിലാളികളാണ് മലമ്പുഴ ഡാമിനെ ആശ്രയിച്ചു കഴിയുന്നത്.
മുഷി, വാള തുടങ്ങിയ മല്‍സ്യങ്ങള്‍ക്കു ഡാമില്‍ വംശനാശം സംഭവിച്ചു. കണ്ണന്‍ എന്നറിയപ്പെടുന്ന ബ്രാല്‍ മല്‍സ്യവും കുറച്ചു നാളായി ലഭിക്കുന്നില്ലത്രേ. കൃത്യമായ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്താത്തതും സമയത്ത് മല്‍സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാത്തതും ഡാമിലെ മല്‍സ്യ സമ്പത്തിനെ ബാധിച്ചെന്ന് തൊഴിലാളികള്‍ പറയുന്നു.
മല്‍സ്യങ്ങളുടെ പ്രജനന സമയമായ മഴക്കാലത്ത് മല്‍സ്യം പിടിക്കുന്നതും മല്‍സ്യ സമ്പത്തിനെ ബാധിച്ചു. മഴക്കാലക്ക് മല്‍സ്യബന്ധനത്തൊഴിലാളികള്‍ അല്ലാത്തവരും മീന്‍ പിടിക്കാന്‍ ഇറങ്ങാറുണ്ട്. ഊത്തപിടിത്തം എന്നു വിളിക്കുന്ന ഇത്തരം മീന്‍പിടിത്തം മല്‍സ്യ സമ്പത്തിനെ ഇല്ലാതാക്കുമെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ പറയുന്നു.
പിടിച്ച മല്‍സ്യം തൊഴിലാളികള്‍ ഫിഷറീസ് വകുപ്പിന്റെ മലമ്പുഴയിലുള്ള സ്റ്റാളിലെത്തിച്ചാണ് വില്‍പന. ഇവിടെനിന്നു മീന്‍ വെട്ടി നല്‍കി ഉപജീവനം പുലര്‍ത്തുന്ന തൊഴിലാളികളുമുണ്ട്. മല്‍സ്യ വില്‍പന ഇല്ലാതായതോടെ ഇവരുടെ ജീവിതവും ദുരിതത്തിലായി.
ഡാമുകളില്‍നിന്നു മീന്‍ ലഭിക്കാതായതോടെ കുളത്തില്‍ വളര്‍ത്തിയ മീനുകളാണ് വിപണിയില്‍ ലഭിക്കുന്നത്. ഇതിനും വന്‍ വിലയാണ് കച്ചവടക്കാര്‍ ഈടാക്കുന്നത്. ഡാം മീനുകള്‍കൊണ്ടുള്ള ഭക്ഷ്യോല്‍പന്നങ്ങള്‍ വില്‍ക്കുന്ന മലമ്പുഴയിലെ കുടുംബശ്രീക്കാരുടെ ഹോട്ടലും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."