മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വേണം; ഹിന്ദു മഹാസഭയും വി.പി സുഹറയും കോടതിയിലേക്ക്
കോഴിക്കോട്: മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് അഖില കേരള ഹിന്ദു മഹാസഭ ഹൈക്കോടതിയിലേക്ക്. ഹിന്ദു മഹാസഭ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപാണ് പൊതു താല്പര്യ ഹരജി നല്‍കിയത്. ഇതേ ആവശ്യമുന്നയിച്ചു സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രോഗ്രസീവ് വുമന്‍സ് ഫോറം അധ്യക്ഷ വി.പി സുഹറ. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും സുഹറ പറഞ്ഞു. കേരളത്തിലെ പള്ളികളില്‍ കടുത്ത വിവേചനമാണ് സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവരുന്നതെന്നും സുഹറ പറയുന്നു.
മുസ്ലിം സ്ത്രീകള്‍ക്കു പള്ളികളില്‍ പ്രവേശനം അനുവദിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹിന്ദു മഹാസഭയുടെ ഹരജിയില്‍ പറയുന്നത്.
പര്‍ദ പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് വിലക്കണമെന്നും കേന്ദ്ര ന്യൂനപക്ഷ വകുപ്പ് പര്‍ദ നിരോധിക്കണമെന്നും ഹരജിയിലുണ്ട്.
അതേസമയം, സുന്നി പള്ളികള്‍ ഉള്‍പ്പെടെ എല്ലാ മതങ്ങളുടെയും ദേവാലയങ്ങളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന് പറഞ്ഞു. ശബരിമല കയറാന്‍ വരുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും ജോസഫൈന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."