ജൂലൈ, ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ മെഡല്‍ മാസം
ന്യൂഡല്‍ഹി: കഴിഞ്ഞ മാസം മാത്രം ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത് 227 മെഡലുകള്‍. ഇന്ത്യയുടെ എക്കാലത്തേയും മികച്ച മെഡല്‍ നേട്ടമാണിത്. 227 മെഡലുകളില്‍ അധികവും സ്വന്തമാക്കിയത് വനിതാ താരങ്ങളായിരുന്നു. അത്‌ലറ്റിക്‌സ്, ഗുസ്തി, ജുഡോ, ടേബിള്‍ ടെന്നിസ്, ബാഡ്മിന്റണ്‍, ഷൂട്ടിങ്, പാരാഷൂട്ടിങ്, അമ്പെയ്ത്ത്, ഭാരോദ്വഹനം, ബോക്‌സിങ് എന്നീ ഇനങ്ങളിലായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ മെഡല്‍ വേട്ട.
അഞ്ച് സ്വര്‍ണവുമായി ഇന്ത്യന്‍ യുവ താരം ഹിമാ ദാസാണ് മെഡല്‍ വേട്ടയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ആറു തവണ ലോക ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കിയ മേരി കോം പ്രസിഡന്റ് കപ്പില്‍ സ്വര്‍ണം സ്വന്തമാക്കിയതും ഇന്ത്യക്ക് നേട്ടമായി. തുര്‍ക്കിയില്‍ നടന്ന ഗുസ്തി ചാംപ്യന്‍ഷിപ്പിപ്പില്‍ വിനേഷ് ഫൊഗാട്ടും സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ഇത് വലിയ നേട്ടമാണെന്നും ഇന്ത്യക്ക് ഇനിയും മുന്നേറാനുണ്ടെന്നും ഇന്ത്യന്‍ കായിക മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
താരങ്ങള്‍ക്ക് ആശംസ അറിയിച്ച് കൊണ്ട് ട്വിറ്ററില്‍ കുറിപ്പിടാനും റിജിജു മറന്നില്ല. യുദോകാ തബാബി ദേവി, ഭാരോദ്വഹന താരം മീരുഭായ് ചാനു, ഷൂട്ടിങ് താരം മെഹുലി ഘോഷ് എന്നിവരും കഴിഞ്ഞ മാസം അന്താരാഷ്ട്ര മീറ്റില്‍ സ്വര്‍ണം സ്വന്തമാക്കിയവരില്‍ ഉള്‍പ്പെടുന്നു.
റിയോ ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവ് പി.വി സിന്ധു ഇന്തോനേഷ്യന്‍ ഓപ്പണില്‍ വെള്ളി നേടിയതും കഴിഞ്ഞ മാസമായിരുന്നു. അമ്പെയ്ത്ത് താരം ദീപികാ കുരമാരിയുടെ വെള്ളിയും ഇക്കൂട്ടത്തില്‍ പെടും. 227 മെഡലില്‍ 71 മെഡലും ചെക്ക് റിപ്പബ്ലിക്, പോളണ്ട്, കസാകിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ നടന്ന അത്‌ലറ്റിക്‌സ് മീറ്റില്‍ നിന്നായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത്. കോമണ്‍വെല്‍ത്ത് ഭാരോദ്വഹന ചാംപ്യന്‍ഷിപ്പില്‍നിന്ന് ഇന്ത്യ 35 മെഡലും സ്വന്തമാക്കി.
ദക്ഷിണ കൊറിയയിലെ സോളില്‍ നടന്ന ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് 24 മെഡലുകളായിരുന്നു ഇന്ത്യ നേടിയത്. ഇതില്‍ പത്ത് സ്വര്‍ണവും നാല് വെള്ളിയും ഉള്‍പ്പെടും. ക്രൊയേഷ്യയില്‍ നടന്ന പാരാഷൂട്ടിങ് ചാംപ്യന്‍ഷിപ്പിലെ നാല് സ്വര്‍ണം, രണ്ട് വെള്ളി, മുന്ന് വെങ്കലം എന്നിവയും ഇതില്‍ ഉള്‍പ്പെടും.
ജുഡോയില്‍ ആറു മെഡലുകളും ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ഇന്തോനേഷ്യ, കസാക്കിസ്ഥാന്‍, തായ്‌ലന്റ് എന്നിവിടങ്ങളില്‍ നടന്ന ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് 21 മെഡലുകളാണ് താരങ്ങള്‍ ഇന്ത്യയിലെത്തിച്ചത്. 50 മെഡലുകളാണ് ഗുസ്തി താരങ്ങള്‍ സ്വന്തമാക്കിയത്. ഇതില്‍ ജൂനിയര്‍ ഗുസ്തി താരങ്ങളാണ് കൂടുതല്‍ നേട്ടം കൊയ്തത്. തായ്‌ലന്റില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍നിന്ന് 18 മെഡലും ഇന്ത്യന്‍ യുവസംഘം സ്വന്തമാക്കി. ടേബില്‍ ടെന്നിസില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലായി ഏഴ് മെഡലുകളും ഇന്ത്യന്‍ താരങ്ങള്‍ സ്വന്തം പേരില്‍ കുറിച്ചു. ഇന്ത്യയുടെ എക്കാലത്തേയും വലിയ മെഡല്‍ വേട്ടയാണിതെന്നാണ് വിലയിരുത്തലുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."