ജൂണ്‍ 5ന് വൃക്ഷത്തൈകള്‍ നടുന്നവരോട്
ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് എല്ലാ വര്‍ഷവും തകൃതിയായി തൈകള്‍ നടീല്‍ യജ്ഞം നടക്കാറുണ്ടല്ലോ. എന്നാല്‍, നടുന്ന തൈകള്‍ മുഴുവന്‍ മുളയ്ക്കാറില്ലെന്ന പരാതിയും ഉയര്‍ന്നുവരാറുണ്ട്. വേണ്ട രീതിയില്‍ സംരക്ഷിക്കാത്തതു കൊണ്ടു മാത്രമല്ല ഇത് സംഭവിക്കുന്നത്. നമ്മുടെ കാലാവസ്ഥയ്ക്കനുസരിച്ച് മരത്തൈകള്‍ നടാന്‍ അനുയോജ്യമായ സമയമല്ല ജൂണ്‍ 5. ലോക പരിസ്ഥിതി ദിനം കുറിക്കപ്പെട്ടത് കേരളത്തിന്റെ കാലാവസ്ഥ നോക്കിയിട്ടല്ല.
കാര്‍ഷിക കലണ്ടറനുസരിച്ച് രോഹിണി ഞാറ്റുവേലയുടെ അവസാന കാലഘട്ടമാണ് ജൂണ്‍ 5 (ഇടവം 22). അതായത് ശക്തമായ ഇടവപ്പാതി മഴ ലഭിക്കുന്ന സമയം. രണ്ട് ദിവസം കഴിഞ്ഞാല്‍ പിന്നീട് മതിമറന്ന് മഴ പെയ്യുന്ന മകയിരം ഞാറ്റുവേല ആരംഭിക്കുകയാണ്. പരമ്പരാഗത കൃഷിയില്‍ വിളസംരക്ഷണവും ജലസംരക്ഷണവും ഉറപ്പുവരുത്തേണ്ട സമയങ്ങളാണിവ. വിളകള്‍ക്ക് ചുറ്റും പച്ചിലവളം കൊണ്ട് പൊതയിട്ട് മേല്‍മണ്ണ് ഒലിച്ചുപോകാതെ നോക്കുകയും പരമാവധി വെള്ളം മണ്ണില്‍ പിടിച്ചുനിര്‍ത്താനുള്ള പണികള്‍ ചെയ്യേണ്ടതുമായ സമയം. ഈ സമയത്ത് മണ്ണ് കൊത്തിയിളക്കുന്നത് ഉചിതമല്ല.
മേല്‍മണ്ണ് മുഴുവന്‍ ഒലിച്ചു പോകും. ആ ദിവസങ്ങളില്‍ കുഴിയെടുത്ത് തൈകള്‍ നട്ടാല്‍ കുഴിക്കകത്ത് വെള്ളം കെട്ടി നിന്ന് വേരുകള്‍ ചീഞ്ഞുപോകാന്‍ സാധ്യതയുണ്ട്. തൈകള്‍ നടുന്നുണ്ടെങ്കില്‍ മകീര്യം ഞാറ്റുവേലയുടെ അവസാനത്തിലോ തിരുവാതിര ഞാറ്റുവേലയുടെ ആദ്യ പകുതിയിലോ (മിഥുനം 8) നടണം. കുഴികളെടുത്ത് അടിവളമായി ചാണകമോ ആട്ടിന്‍ കാഷ്ഠമോ ഇട്ടു കൊടുത്തിനു ശേഷം നന്നായി മണ്ണിട്ടു മൂടണം. സംരക്ഷണ വേലി കെട്ടിക്കൊടുക്കാനും മറക്കരുത്. ഈ മഴക്കാലത്ത് വൃക്ഷത്തൈകള്‍ നടുന്നതോടൊപ്പം ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലും നമുക്ക് പങ്കാളികളാകാം.
ഫാത്തിമ നസ്‌റിന്‍, എടപ്പാള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."