ഇംഗ്ലണ്ടിലെ ഡാമിന്റെ ഒരുഭാഗം തകര്‍ന്നു; ആയിരങ്ങളെ ഒഴിപ്പിച്ചു
ലണ്ടന്‍: കനത്ത മഴയില്‍ ഇംഗ്ലണ്ടിലെ വാലി ബ്രിഡ്ജ് ഡാമിന്റെ ഒരുഭാഗം തകര്‍ന്നു. ഡാം തകര്‍ന്നേക്കാമെന്ന ആശങ്കയെ തുടര്‍ന്ന് ഡെര്‍ബിഷയര്‍ പട്ടണത്തില്‍നിന്നും നൂറുകണക്കിന് വീടുകള്‍ നേരത്തേ ഒഴിപ്പിച്ചിരുന്നു. 6500ഓളം പ്രദേശവാസികളെയും അവരുടെ വളര്‍ത്തുമൃഗങ്ങളെയും മാറ്റി പാര്‍പ്പിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
അടിയന്തര സാഹചര്യം പരിഗണിച്ച് എല്ലാവരും ഉടന്‍ ഒഴിഞ്ഞു പോകണമെന്ന് വ്യാഴാഴ്ച രാത്രി 12 മണിയോടെ സമീപവാസികളെ അറിയിക്കുകയായിരുന്നു. വാലി ബ്രിഡ്ജിലെ 400 വീടുകളിലായി കഴിയുന്ന 1,400 ഓളം പേരോട് എത്രയും പെട്ടന്ന് രക്ഷപ്പെടണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ 300 മില്യണ്‍ ഗാലണ്‍ വെള്ളമുള്ള ടോഡ്ബ്രൂക്ക് റിസര്‍വോയറിനാണ് വ്യാഴാഴ്ചയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വ്യാപകമായ കേടുപാടുകള്‍ സംഭവിച്ചത്. മഴ ശക്തമായതോടെ ഡാമിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഡാമിന്റെ ഭിത്തിയില്‍ വലിയൊരു ദ്വാരം ഉണ്ടായതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ജലസംഭരണിയില്‍ നിന്ന് അസാധാരണമാംവിധം വെള്ളം ഒഴുക്കിവിടുന്നതിനാല്‍ ഗോയിറ്റ് നദിയിലെ ജലനിരപ്പ് ഉയരുമെന്നും സമീപ പ്രദേശങ്ങളിലെ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും പരിസ്ഥിതി മന്ത്രാലയവും കര്‍ശന നിര്‍ദേശം നല്‍കിട്ടുണ്ട്. ജലസംഭരണിയിലേക്ക് വെള്ളം ഒഴുകിയെത്തുന്നത് തടയാനുള്ള പരമാവധി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഡെര്‍ബിഷയര്‍ പോലീസ് അറിയിച്ചു.
പ്രതിസന്ധി നേരിടുന്നതിനായി ഒരു മള്‍ട്ടിഏജന്‍സി ടാസ്‌ക്‌ഫോഴ്‌സിനെയും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ചീഫ് കോണ്‍സ്റ്റബിള്‍ റേച്ചല്‍ സ്വാന്‍ പറഞ്ഞു. അടുത്തുള്ള ചാപ്പല്‍എന്‍ലെഫ്രിത്ത് സ്‌കൂളിലേക്കാണ് ആളുകളെ മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."