ശ്രീറാം വെങ്കിട്ടരാമന്റ കാര്‍ ഇടിച്ച് പത്രപ്രവര്ത്തകന് മരിച്ചു: സിറാജ് ദിനപത്രം യൂനിറ്റ് ചീഫ് കെ.എം ബഷീറാണ് മരിച്ചത്
തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റ കാര്‍ ഇടിച്ച് പത്രപ്രവര്ത്തകന് ദാരുണാന്ത്യം. സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ.എം ബഷീര്‍(35) ആണ് വാഹനാപകടത്തില്‍ മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പൊലിസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നിലായിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയിട്ട ബഷീറിന്റെ ബൈക്കിന് പിറകില്‍ അമിത വേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ശ്രീരാം വെങ്കിട്ടരാമന് ആണ് കാര്‍ ഓടിച്ചിരുന്നത് എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വെങ്കിട്ടരാമനും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. അതേ സമയം താനല്ല കാറോടിച്ചിരുന്നതെന്നും സുഹൃത്തായിരുന്നുവെന്നുമാണ് ശ്രീരാം വെങ്കിട്ടരാമന് പറയുന്നത്. വൈദ്യ പരിശോധനയില്‍ വെങ്കിട്ടരാമന് മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാറില്‍ ഉണ്ടായിരുന്ന സ്ത്രീയെ പൊലിസ് കസ്റ്റഡിയില്‍ എടുത്ത് വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.
എന്നാല്‍ ഇവരെ വൈദ്യപരിശോധനക്ക് വിധേയയാക്കാതെയാണ് വിട്ടയച്ചതെന്നും പരാതിയുണ്ട്.
കൊല്ലത്ത് സിറാജ് പ്രമോഷന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീര്‍.
2004ല്‍ തിരൂര്‍ പ്രാദേശിക റിപ്പോര്‍ട്ടറായി പത്രപ്രവര്‍ത്തനം ആരംഭിച്ച കെ.എം ബഷീര്‍ പിന്നീട് സിറാജ് മലപ്പുറം ബ്യൂറോയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി. 2006 ല്‍ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം രാത്രിയോടെ സ്വദേശമായ വാണിയന്നൂരില്‍ എത്തിക്കും.
വടകര മുഹമ്മദാജി തങ്ങളുടെ മകനാണ്. മാതാവ്: തിത്താച്ചുമ്മ. ഭാര്യ: ജസീല. മക്കള്‍: ജന്ന,അസ്മി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."