കെ.എം ബഷീറിന്റെ അപകടമരണത്തില്‍ മുഖ്യമന്ത്രി സര്‍ക്കാരിന്റെ ഉത്തരവാദിത്വം മറന്നു പോകരുതെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍
തിരുവനന്തപുരം: കെ.എം ബഷീറിന്റെ അപകടമരണത്തില്‍ മുഖ്യമന്ത്രി സര്‍ക്കാരിന്റെ ഉത്തരവാദിത്വം മറന്നു പോകരുതെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍. ഒരു പാവം മനുഷ്യന് ഒറ്റനിമിഷത്തില്‍ ഇല്ലാതായിപ്പോയ കാര്യമാണ്. അപകടം യാദൃച്ഛികം എന്നു പറഞ്ഞ് ലഘൂകരിക്കാനാവില്ല. അപകടത്തിലേക്ക് നയിച്ച കാര്യങ്ങള്‍ യാദൃച്ഛികമല്ല. വലിയ ധാര്‍മികതയും ഉത്തരവാദിത്വവും മാതൃകാ പ്രവര്‍ത്തനവും ആവശ്യമുള്ള ഒരു ഉന്നത ബ്യൂറോക്രാറ്റിന്റെ നടപടി വിളിച്ചു വരുത്തിയ ദുരന്തമാണിത് എന്ന് പ്രഥമദൃഷ്ട്യാ മനസിലാകുന്നു.
എന്താണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം എന്ന് മറന്നു പോകരുത്. സി.സി.ടി.വി. ഉള്‍പ്പെടെ ഒരു തെളിവും നഷ്ടപ്പെടാത്ത അന്വേഷണം വേണം.
പൊലിസ് ഇപ്പോള്‍ കാര്യങ്ങള്‍ മൂടിവെക്കാനും വളച്ചൊടിക്കാനും ശ്രമിക്കുകയാണ്. ഇത് അനുവദിക്കരുത്. സത്യസന്ധമായി കാര്യങ്ങള്‍ പോകണം. ശ്രീരാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുത്തുവോ എന്ന കാര്യത്തില്‍ പോലും അധികൃതര്‍ ഉറപ്പു പറയുന്നില്ല ഇപ്പോള്‍. പൊലിസിന്റെ നിലപാടുകള്‍ സംശയാസ്പദമാണ്.
രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും കുടുബത്തെയും അനാഥമാക്കിയ സംഭവമാണ്. കുടുംബത്തെ സഹായിക്കണം, ഭാര്യയ്ക്ക് ജോലി നല്കാന് നടപടി ഉണ്ടാവണം.
എല്ലാറ്റിലും ഉപരി ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തിനു വഴങ്ങി പൊലിസ് ഈ കേസ് മുക്കരുത്. യഥാര്‍ഥ പ്രതികളെ തന്നെ അറസ്റ്റ് ചെയ്യണം എന്ന് മാധ്യമ സമൂഹം ഒന്നടങ്കം അങ്ങയോട് ആവശ്യപ്പെടുന്നു. ഇല്ലെങ്കില്‍ ഞങ്ങള്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തു വരും.
കേരള പത്രപ്രവര്‍ത്തക യൂണിയന്
സംസ്ഥാന സമിതി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."