ആവശ്യത്തിന് ബസ് സര്‍വിസില്ല
വെട്ടത്തൂര്‍: മികച്ച റോഡ് ഉണ്ടായിട്ടും ആവശ്യത്തിന് ബസ് സര്‍വിസ് ഇല്ല. കാപ്പ്-മേല്‍ക്കുളങ്ങര നിവാസികള്‍ ദുരിതത്തില്‍. അഞ്ചുവര്‍ഷം മുന്‍പ് മൂന്നു സ്വകാര്യ ബസുകളാണ് ഇതുവഴി സര്‍വിസ് നടത്തിയിരുന്നത്.
അതില്‍ ഒന്നാണ് തേലക്കാട്ട് അപകടത്തില്‍പ്പെട്ട് തകര്‍ന്നത്. യാത്രാക്ലേശം പരിഹരിക്കണമെന്ന് നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തേലക്കാട് ബസ് അപകടത്തിന് ശേഷം പെരിന്തല്‍മണ്ണയില്‍നിന്നു മേല്‍ക്കുളങ്ങരയിലേക്ക് കെ.എസ്.ആര്.ടി.സി ബസ് സര്‍വിസ് തുടങ്ങി.
വിവിധ ഭാഗങ്ങളില്‍ ജനകീയ സ്വീകരണവും അന്ന് നാട്ടുകാര്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, പിന്നീട് ഒന്നരവര്‍ഷം മാത്രമാണ് ഈ ബസ് സര്‍വിസ് നടത്തിയത്.
നിലവിലുള്ള രണ്ടുസ്വകാര്യ ബസുകളില്‍ ഒരെണ്ണം ഇടയ്ക്കിടെയാണ് സര്‍വിസ് നടത്തുന്നതെന്നാണ് യാത്രക്കാരുടെ പരാതി. ജനകീയ കൂട്ടായ്മയിലൂടെ റോഡ് വീതികൂട്ടിയതിനു ശേഷമാണ് റോഡ് നവീകരിക്കാന്‍ അധികൃതര്‍ നടപടിയെടുത്തത്. എന്നിട്ടും ആവശ്യത്തിന് ബസ് സര്‍വിസ് ഇല്ലാത്തത് വിദ്യാര്‍ഥികള്‍ അടക്കമുള്ളവരുടെ യാത്രാക്ലേശം വര്‍ധിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. മേല്ക്കുളങ്ങരയില്നിന്നു പെരിന്തല്‍മണ്ണ, വെട്ടത്തൂര്‍, അലനല്ലൂര്‍ എന്നിവിടങ്ങളില്‍ പോകണമെങ്കില്‍ ആദ്യം രണ്ടര കിലോമീറ്ററിലധികം നടന്നോ ഓട്ടോ വിളിച്ചോ കാപ്പിലെത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."