വൈദ്യുതി മുടക്കം: ബാവിക്കരയില്‍ പമ്പിങ് താറുമാറായി
ബോവിക്കാനം: അടിക്കടിയുള്ള വൈദ്യുതി മുടക്കം ബാവിക്കരയിലെ പമ്പിങ് താറുമാറാക്കുന്നതായി പരാതി. ബാവിക്കര പദ്ധതി പ്രദേശത്തും വിദ്യാനഗര്‍ ശുദ്ധീകരണ പ്ലാന്റ് പ്രദേശങ്ങളിലും ഇടക്കിടെയുള്ള വൈദ്യുതി മുടക്കമാണ് നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്നത്. ബാവിക്കര ജലസംഭരണിയില്‍ ജലനിരപ്പ് താഴ്ന്നതു മൂലവും പുഴയില്‍ ഉപ്പുവെള്ളം കയറിയതിനാലും ഒരു മാസത്തിലധികമായി നിര്‍ത്തിവച്ചിരുന്ന ജലവിതരണം കഴിഞ്ഞ ദിവസമാണു പുനരാരംഭിച്ചത്.
മൂന്നു ദിവസമായി ബാവിക്കര പദ്ധതി പ്രദേശത്തും പരിസരങ്ങളിലും ആവര്‍ത്തിച്ചുണ്ടാകുന്ന വൈദ്യുതി തടസം കാരണം ജലസംഭരണിയില്‍ നിന്നു പമ്പിങ് നടത്താനാവാത്തതാണ് ജലവിതരണം വീണ്ടും തടസപ്പെടാന്‍ കാരണമാവുന്നത്.
ഇതിനു ശാശ്വത പരിഹാരം കാണുന്നതിനു വേണ്ടി വിദ്യാനഗര്‍ കെ.എസ്.ഇ.ബി സ്റ്റേഷനില്‍ നിന്നു ജല അതോറിറ്റിയുടെ ബാവിക്കര പമ്പിങ് സ്റ്റേഷനിലേക്ക് നേരിട്ട് വൈദ്യുതിയെത്തിക്കുന്നതിനുള്ള ഭൂഗര്‍ഭ പദ്ധതി ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെയായും നടപ്പിലായിട്ടില്ല.
മഴക്കാലമാവുന്നതോടെ ബാവിക്കര പ്രദേശങ്ങളില്‍ മരം വീണും ഇടിമിന്നലില്‍ ട്രാന്‍സ്ഫോര്‍മര്‍ തകരാറിലായും വൈദ്യുതി മുടങ്ങുന്നത് പതിവാണ്. ഈ സമയങ്ങളിലാണ് മോട്ടോര്‍ പ്രവര്‍ത്തിക്കാനാകാതെ പമ്പിങ് തടസത്തിലാകുന്നത്.
24 മണിക്കൂറും മോട്ടോര്‍ പ്രവര്‍ത്തിച്ചാലേ എല്ലാ പ്രദേശത്തും കൃത്യമായി കുടിവെള്ളം എത്തിക്കാന്‍ സാധിക്കുകയുള്ളു. പ്രശ്നത്തിനു പരിഹാരം കാണാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ജനത്തിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."