ചേട്ടന്മാരും ചേച്ചിമാരും പാട്ടുപാടി, നവാഗതര്‍ അതേറ്റു പാടി
ചെറുവത്തൂര്‍: ചേട്ടന്‍മാരും ചേച്ചിമാരും പാട്ടുപാടി..കൈയടിച്ചു ഏറ്റുപാടി നവാഗതര്‍ പ്രവേശനോത്സവം ഉത്സവമാക്കി. ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാം എ.എല്‍.പി സ്‌കൂളില്‍ നടന്ന പിലിക്കോട് പഞ്ചായത്ത് തല പ്രവേശനോത്സവമാണ് മുതിര്‍ന്ന കുട്ടികളുടെ നേതൃത്വത്തില്‍ കലാവിരുന്നൊരുക്കി വേറിട്ടതാക്കിയത്. നാടന്‍പാട്ടുകള്‍, കഥകള്‍, കുട്ടിപ്പാട്ടുകള്‍ എന്നിവയെല്ലാം കുട്ടികള്‍ അവതരിപ്പിച്ചു.
അധ്യാപകരുടെ കലാപരിപാടികളും അരങ്ങേറി. കുട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള നടപടികള്‍ക്കും പ്രവേശനോത്സവദിനത്തില്‍ തുടക്കമായി. വിദ്യാലയത്തിലെ കുട്ടികള്‍ക്ക് ഇനി സ്‌കൂളില്‍ വരുമ്പോള്‍ പ്ലേറ്റും വാട്ടര്‍ബോട്ടിലും കൊണ്ടുവരേണ്ട. പൊതുസമൂഹത്തിന്റെ സഹായത്തോടെ അറുപതിനായിരം രൂപ ചെലവില്‍ കുടിവെള്ള സംവിധാനവും മുഴുവന്‍ കുട്ടികള്‍ക്കുമുള്ള പ്ലേറ്റും ഗ്ലാസും ഒരുക്കി. ചന്തേരയിലെ എ.പി.കെ കാസിം കുടിവെള്ള സംവിധാനവും എ.ജി മുഹമ്മദ് കുഞ്ഞി ഹാജി പ്ലേറ്റും ഗ്ലാസുകളും നല്‍കി.
പ്രവേശനോത്സവം പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം. ബാബു അധ്യക്ഷനായി.
പഞ്ചായത്ത് അംഗം വി.പി രാജീവന്‍ കുട്ടികള്‍ക്കുള്ള പ്ലേറ്റും ഗ്ലാസുകളും വിതരണം ചെയ്തു. സി.എം മീനാകുമാരി, വിനയന്‍ പിലിക്കോട് സംസാരിച്ചു. 53 കുട്ടികള്‍ ഒന്നാംതരത്തിലും 100 കുട്ടികള്‍ പ്രീപ്രൈമറി ക്ലാസിലും പ്രവേശനം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."