കരപ്പന്‍, ചൊറി, ചിരങ്ങ്
മഴക്കാലം ഈര്‍പ്പകാലമായതിനാല്‍ ത്വക് രോഗങ്ങളും പലരെയും പിടികൂടുന്നുണ്ട്. ത്വക് രോഗങ്ങളില്‍പെട്ടവയാണ് കരപ്പന്‍, ചൊറി, ചിരങ്ങ് മുതലായവ. ചര്‍മം പൊട്ടുന്നതും ചിലയിനം ഫംഗസ് രോഗങ്ങളും ഈ കാലത്ത് വരാറുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇവയിലേതെങ്കിലുമൊക്കെ പിടിപെടാറുണ്ടെന്നത് വസ്തുതയാണ്. നമ്മുടെ വൃത്തിക്കുറവ് ഇതില്‍ ഒരു പ്രധാനപങ്ക് വഹിക്കുന്നുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ത്വക്കിനുള്ളിലേക്ക് ഇറങ്ങുന്ന ഒരുതരം സൂക്ഷമ ജീവികളാണ് ഇതിനു കാരണം. സര്‍കോപ്‌സ് സ്‌കാബി എന്നറിയപ്പെടുന്ന ഇവ ത്വക്കില്‍ ചൊറിച്ചിലും നിറവ്യത്യാസവും അസ്വസ്ഥതയുമുണ്ടാക്കുന്നു. ഒരു മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ മാത്രമേ ഇത്തരം ജീവികളെ കണ്ടെത്താന്‍ കഴിയൂ.
മൃഗങ്ങളില്‍ നിന്ന്
വളര്‍ത്തു മൃഗങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് നായ, പൂച്ച, പശു, ആട്, പോത്ത്, എരുമ തുടങ്ങിയവയില്‍ നിന്ന് ത്വക് രോഗത്തിലേക്ക് നയിക്കാവുന്ന സൂക്ഷ്മജീവികള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കാറുണ്ട്. എന്നാല്‍ മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്ന തരം അസുഖങ്ങളുണ്ടാക്കുന്ന സൂക്ഷ്മജീവികളല്ല ഇവ. മൃഗച്ചെരങ്ങ്, നായച്ചൊറി എന്നൊക്കെ അറിയപ്പെടുന്ന ത്വക് രോഗങ്ങള്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യര്‍ക്ക് പകരുമെങ്കിലും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയില്ല. ചെറിയ രീതിയിലുള്ള ചൊറിച്ചിലും ത്വക്കില്‍ നിറവ്യത്യാസവും ഉണ്ടാവുമെന്നല്ലാതെ ഇവയ്ക്ക് മനുഷ്യശരീരത്തില്‍ അധിക കാലം കഴിയാന്‍ സാധിക്കില്ല. അവ പെരുകാതെ സ്വയം ഇല്ലാതാകുകയാണ് പതിവ്. മൃഗങ്ങളില്‍ നിന്ന് ഈ രോഗം പകര്‍ന്നാല്‍ ചികിത്സ തന്നെ വേണ്ടിവരില്ല. എന്നാല്‍ മൃഗങ്ങളില്‍ ഈ അസുഖം പകരുകയും വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. രോമം കൊഴിയുക, ചൊറിച്ചിലുണ്ടാകുക, ത്വക്ക് ശല്‍ക്കങ്ങളായോ മൊരി പിടിച്ചതായോ കാണുക എന്നിവയാണ് രോഗത്തിന്റെ ഫലം.
കണ്ടുപിടിക്കുന്നത്
ഈ അസുഖം ബാധിച്ചിട്ടുണ്ടോ എന്നറിയുന്നത് അസഹനീയമായ ചൊറിച്ചിലില്‍ നിന്നാണ്. രാത്രികാലങ്ങളില്‍ ചൊറിച്ചില്‍ അധികരിക്കും. ചെറിയ രീതിയില്‍ തുടങ്ങുന്ന ചൊറിച്ചില്‍ ഉറങ്ങാന്‍ പോലും ആകാത്ത രീതിയിലേക്ക് രൂക്ഷമാകുന്നു. അസുഖബാധ കണ്ടുപിടിക്കുന്നത് ശാരീരിക പരിശോധനയിലൂടെയാണ്. ഒപ്പം രോഗിയുടെ പ്രവൃത്തി, സഹവാസം എന്നിവയും അറിയേണ്ടതുണ്ട്. തടിപ്പുള്ള ഭാഗത്തെ ത്വക്ക് സാംപിളിലൂടെ സൂക്ഷ്മജീവിയുടെ മുട്ട കണ്ടെത്താനാവും. ഡെര്‍മോസ്‌കോപ്പിയിലൂടെയാണ് സൂക്ഷ്മാണുക്കളെ കണ്ടെത്തുക. ഒട്ടിക്കുന്ന ടേപ്പ് രോഗബാധയുള്ളിടത്ത് പതിച്ചശേഷം വലിച്ചെടുത്ത് സൂക്ഷ്മജീവികളോ അവയുടെ മുട്ടകളോ ഉണ്ടോ എന്ന് മൈക്രോസ്‌കോപ്പിനടിയില്‍ വച്ച് പരിശോധിച്ചാണ് ഇത് കണ്ടുപിടിക്കുന്നത്.
അസുഖം പിടിപെടുന്നത്
ഈ അസുഖങ്ങളെല്ലാം തന്നെ പകര്‍ച്ചാ സ്വഭാവമുള്ളവയാണ്. ലോകമെങ്ങും ഈ ചൊറിയും ചിരങ്ങും കരപ്പനും കണ്ടുവരുന്നുണ്ട്. ഒരാളില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഈ സൂക്ഷ്മജീവികള്‍ വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക് ചേക്കേറുന്നു. അസുഖമുള്ളയാളുമായുള്ള സഹവര്‍ത്തിത്വത്തിലൂടെയാണ് അസുഖം പകരുന്നത്. ലൈംഗിക ബന്ധത്തിലൂടെയും ഇത് പകരുന്നു. രോഗമുള്ള മാതാവില്‍ നിന്ന് കുഞ്ഞിലേക്ക് അസുഖം വേഗം പിടിപെടും.
രോഗിയുടെ കിടക്കയില്‍ നിന്നും രോഗി ഉപയോഗിച്ച വസ്തുക്കളില്‍ നിന്നുമാണ് സാധാരണഗതിയില്‍ രോഗകാരികളായ സൂക്ഷ്മജീവികള്‍ മറ്റുള്ളവരുടെ ശരീരത്തില്‍ കയറിപ്പറ്റുക. ഈ സൂക്ഷ്മജീവികള്‍ക്ക് മനുഷ്യ ശരീരത്തില്‍ നിന്നകന്ന് 48 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍ വരെ മാത്രമേ ജീവിക്കാന്‍ സാധിക്കൂ. എന്നാല്‍ മനുഷ്യ ശരീരത്തില്‍ ഈ സൂക്ഷ്മജീവിക്ക് രണ്ടുമാസം വരെ ജീവിക്കാന്‍ കഴിയും. കൂടുതല്‍ തണുത്ത കാലാവസ്ഥയും കൂടിയ ഹ്യുമിഡിറ്റിയുമുണ്ടെങ്കില്‍ ഇവ ഇതില്‍ കൂടുതല്‍ കാലം ശരീരത്തില്‍ തങ്ങും.
ശരീരത്തില്‍ പ്രവേശിക്കുന്ന ഈ സൂക്ഷ്മജീവി ത്വക്കില്‍ ചെറുമാളങ്ങളുണ്ടാക്കി ഉള്ളിലേക്ക് പ്രവേശിക്കുകയാണ് രീതി. മൂന്നു മുതല്‍ ആറു ദിവസത്തിനകം ത്വക്കില്‍ ചൊറിച്ചിലും കരപ്പന്‍, ചൊറി, ചിരങ്ങ് മുതലായ രോഗങ്ങളും പ്രത്യക്ഷപ്പെടുന്നു.
ലക്ഷണങ്ങള്‍
ചൊറി, ചിരങ്ങ്, കരപ്പന്‍ എന്നിവയുടെ ലക്ഷണങ്ങള്‍ ചൊറിച്ചിലില്‍ നിന്നാണ് ആരംഭിക്കുന്നത്. രാത്രികാലങ്ങളില്‍ അസഹനീയമായ ചൊറിച്ചിലായിരിക്കും അനുഭവപ്പെടുക. ചൂടുപൊങ്ങല്‍ പോലെയോ മുഖക്കുരു പോലെയോ തിണര്‍പ്പോ തടിപ്പോ ത്വക്കിന്റെ ഏതുഭാഗത്തും കാണപ്പെടാം. കട്ടിയുള്ളതും മൊരിഞ്ഞതും പരുപരുപ്പുള്ളതുമായ പ്രതലമുള്ള മുഖക്കുരുവിനോട് സാദൃശ്യത്തിലുള്ള തടിപ്പുകളായിരിക്കും ഇവ.
ഇവയ്ക്കുള്ളില്‍ ചെറിയ കുഴികളും ദൃശ്യമാകും. ഇവയില്‍ നിന്ന് ചാര-തവിട്ട്-ചുവന്ന നിറങ്ങളില്‍ ചുറ്റിലേക്കും അതിസൂക്ഷ്മമായ വരകള്‍പോലെ കാണപ്പെടാം. കണ്ടെത്താന്‍ പ്രയാസമാണെങ്കിലും ചിലപ്പോള്‍ ചൊറിഞ്ഞ പാടുകള്‍ പോലെ ഇവ ദൃശ്യമാകാറുണ്ട്.സാധാരണയായി കൈത്തണ്ട, മുട്ട്, കക്ഷം, വിരലുകള്‍ക്കിടയില്‍, കാല്‍വിരലുകള്‍ക്കടിയില്‍, നഖങ്ങള്‍ക്കു ചുറ്റും, പൃഷ്ഠം, ബെല്‍റ്റ് ലൈന്‍, മുലഞെട്ട്, ലിംഗം എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്.
കുഞ്ഞുങ്ങളിലും ചെറിയ കുട്ടികളിലും തല, മുഖം, കഴുത്ത്, കൈവെള്ള, കാല്‍വെള്ള എന്നീ ഭാഗങ്ങളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. പ്രതിരോധം വളരെ കുറവുള്ള ആളുകളില്‍ തൊലി പൊളിഞ്ഞിളകാന്‍ ഇത് കാരണമാകാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."