HOME
DETAILS

പട്ടം പട്ടക്കാരനെക്കാള്‍ മേലെയല്ല

  
backup
August 04 2019 | 05:08 AM

ulkkazhcha-njayarprabhaatham-c-muhammad-04-08-2019

'മേലെ'യാണോ 'താഴെ'യാണോ വലുത്..?''
അധ്യാപകന്റെ വിചിത്രമായ ചോദ്യം.
കുട്ടികളൊന്നടങ്കം സംശയലേശമന്യേ പറഞ്ഞു: ''മേലെ..''
അധ്യാപകന്‍ പറഞ്ഞു: ''അല്ല, 'താഴെ'യാണു വലുത്..''
കുട്ടികള്‍ക്ക് അത്ഭുതമായി. ജിജ്ഞാസയോടെ അവര്‍ കാരണം തിരക്കി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''മേലെയെ സൃഷ്ടിക്കുന്നത് താഴെയാണ്. താഴെയില്ലെങ്കില്‍ മേലെയില്ല. എന്നാല്‍ മേലെയില്ലെങ്കിലും താഴെയുണ്ടാകും.. 'താഴെ' ഏതു നേരവും ഉണ്ടാകുമ്പോള്‍ 'മേലെ' 'താഴെ'യുണ്ടെങ്കിലാണുണ്ടാവുക. അപ്പോള്‍ കാഴ്ചയില്‍ 'മേലെ'യാണു മേലെയെങ്കിലും യഥാര്‍ഥത്തില്‍ 'താഴെ'യാണു മേലെ കിടക്കുന്നത്.''


ഒന്നാം നില ഉണ്ടെങ്കിലേ രണ്ടാം നിലയുണ്ടാകൂ. എന്നാല്‍ രണ്ടാം നിലയില്ലെങ്കിലും ഒന്നാം നിലയുണ്ടാകും. മുകള്‍ ഭാഗത്തെ മുകള്‍ ഭാഗമാക്കി നിര്‍ത്തുന്നത് താഴ്ഭാഗമാണ്. അതേസമയം താഴ്ഭാഗത്തെ താങ്ങിനിറുത്തുന്നതില്‍ മുകള്‍ ഭാഗത്തിന് ഒരു പങ്കുമില്ല. അപ്പോള്‍ താഴ്ഭാഗത്തിന് ഇരട്ടയോഗ്യതകളുണ്ട്. സ്വന്തം കാലില്‍ നില്‍ക്കുന്നുവെന്ന യോഗ്യതയും മറ്റൊന്നിനെ ഉയര്‍ത്തിക്കാണിക്കുന്നു എന്ന യോഗ്യതയും. ഈ ഇരട്ടയോഗ്യത മുകള്‍ ഭാഗത്തിനില്ല. അത് നില്‍ക്കുന്നത് താഴ്ഭാഗത്തിന്റെ ബലത്തിലാണെന്നതിനു പുറമെ മറ്റൊന്നിനെ താങ്ങിനിര്‍ത്തുന്നുമില്ല. ഈ അര്‍ഥത്തില്‍ നോക്കുമ്പോള്‍ മുകള്‍ ഭാഗത്തിന് താഴ്ഭാഗത്തെ നോക്കി അഹങ്കരിക്കാന്‍ ഒരവകാശവുമില്ല എന്നു വരും. അതുകൊണ്ടാണ് മുകള്‍ ഭാഗത്തിന് രണ്ടാം സ്ഥാനവും താഴ്ഭാഗത്തിന് ഒന്നാം സ്ഥാനവും ലഭിക്കുന്നത്. ഒന്നാം നില, രണ്ടാം നില, മൂന്നാം നില എന്നിങ്ങനെയാണല്ലോ തട്ടുകള്‍ക്ക് ഗ്രേഡ് നിശ്ചയിക്കാറുള്ളത്.


പറവകള്‍ക്കുപോലും എത്തിപ്പിടിക്കാനാവാത്തത്ര ഉയരത്തിലാണു പട്ടമെങ്കിലും പട്ടം പറത്തുന്നവനെക്കാള്‍ ഉയരത്തിലെത്താന്‍ അതിനു കഴിയില്ല. പട്ടം ഉയരത്തില്‍നില്‍ക്കുമ്പോഴും താഴെ കിടക്കുന്ന പട്ടക്കാരന്‍ പട്ടത്തിനു മുകളിലാണ്. അതുകൊണ്ടാണല്ലോ സമ്മാനം താഴെ കിടക്കുന്ന പട്ടക്കാരന്‍ കൊണ്ടുപോകുന്നത്.


ഉയരത്തില്‍ നിലകൊള്ളുന്നതിന് അതിന്റെതായ പദവിയുണ്ടെന്നതു അവഗണിക്കുന്നില്ല. പക്ഷേ, ഉയരത്തിലേക്കുയര്‍ത്തുന്നതിനുള്ള സ്ഥാനം ഉയരത്തിലിരിക്കുന്നതിനെക്കാളും ഉന്നതമാണെന്നതാണു സത്യം. വിദ്യാര്‍ഥി അധ്യാപകനെയും കവച്ചുവയ്ക്കുന്ന പാണ്ഡിത്യം തെളിയിച്ചാലും മേലെ അധ്യാപകന്‍ തന്നെയാണുണ്ടാവുക.
കാഴ്ചയില്‍ ഒന്ന് രണ്ടിനെക്കാള്‍ ചെറിയ സംഖ്യയാണ്. എന്നാല്‍ സൂക്ഷ്മനിരീക്ഷണത്തില്‍ രണ്ടല്ല, ഒന്നാണു വലുത് എന്നു ബോധ്യപ്പെടും. കാരണം ഒന്നാണ് രണ്ടിനെ സൃഷ്ടിക്കുന്നത്. ഒന്നില്ലെങ്കില്‍ രണ്ടില്ല. രണ്ടില്ലെങ്കില്‍ ഒന്നില്ല എന്നില്ല; ഒന്നുണ്ടാകും. രണ്ടിന്റെ നിലനില്‍പ്പ് ഒന്നിന്റെ ബലത്തിലാണെങ്കില്‍ രണ്ടിന്റെ ബലത്തിലല്ല ഒന്നിന്റെ നിലനില്‍പ്പ്. അപ്പോള്‍ ചെറിയ സംഖ്യയായ ഒന്നിനു തന്നെയാണ് വലിയ സംഖ്യയായ രണ്ടിനെക്കാളും രണ്ടായിരത്തെക്കാളും സ്ഥാനം കൊടുക്കേണ്ടത്...!
കുറച്ചാളുകള്‍ വേദിയിലും കൂടുതലാളുകള്‍ സദസിലും ഇരിക്കുന്നതു കാണുമ്പോള്‍ സ്ഥാനം മുഴുവന്‍ വേദിയിലിരിക്കുന്നവര്‍ക്കാണെന്നു ചിലര്‍ കരുതും. വേദിയിലിരിക്കുന്നവര്‍ക്ക് അവിടെയിരിക്കാന്‍ കഴിയുന്നത് സദസ്യരുണ്ടായിട്ടാണെന്ന സത്യം സൂക്ഷ്മദര്‍ശനത്തിലേ ബോധ്യപ്പെടൂ. സദസ്യരില്ലെങ്കില്‍ വേദിയിലിരിക്കുന്നവര്‍ വേഗം വേദി വിടേണ്ടി വരും. നിറഞ്ഞുനില്‍ക്കുന്ന സദസിനെ അഭിസംബോധന ചെയ്യുന്ന പ്രഭാഷകന്‍ വലിയവന്‍ തന്നെ. പക്ഷേ, അയാളുടെ വലുപ്പം ശ്രോതാക്കളെ ആശ്രയിച്ചാണു നില്‍ക്കുന്നത്. നിറഞ്ഞുനില്‍ക്കുന്ന സദസില്‍വച്ച് നടത്തിയ അതേ പ്രസംഗം ശൂന്യമായ സദസില്‍വച്ചാണയാള്‍ നടത്തുന്നതെങ്കില്‍ അയാള്‍ വലിയവനല്ല, ചെറിയവനാണ്. ചെറിയവന്‍ എന്നു മാത്രമല്ല, അയാള്‍ക്ക് കാര്യമായ എന്തോ ബാധിച്ചിട്ടുണ്ടെന്ന് കാണുന്നവര്‍ മനസിലാക്കുകയും ചെയ്യും.


പ്രത്യക്ഷത്തില്‍ നോക്കിയാല്‍ മേലെയിരിക്കുന്നത് നേതാവാണ്. പരോക്ഷമായി വീക്ഷിച്ചാല്‍ മേലെയിരിക്കുന്നത് അണികളാണെന്നു ബോധ്യപ്പെടും. നേതാവുണ്ടാകുന്നത് അണികളുണ്ടാകുമ്പോഴാണല്ലോ. അണികളാണ് നേതാവിനെ സൃഷ്ടിക്കുന്നത്. അണികള്‍ മുഴുവന്‍ കൂറുമാറിയാല്‍ നേതാവിന്റെ സ്ഥാനം വട്ടപ്പൂജ്യമായിത്തീരും. അതുകൊണ്ടാണ് അണികളെ അവഗണിക്കുന്ന നേതാവിന് നേതൃപദവി നഷ്ടപ്പെടുന്നത്. എന്നെ പിന്തുണയ്ക്കാന്‍ ഒരു പുല്‍കൊടി പോലുമില്ലെങ്കിലും ഞാന്‍ തന്നെയാണു രാജാവ് എന്നു പറയുന്നവന്റെ സ്ഥിതി ആലോചിച്ചാല്‍ ഇക്കാര്യം കൂടുതല്‍ മനസിലാകും.


സയ്യിദുല്‍ ഖൗമി ഖാദിമുഹും എന്ന് അറബിയില്‍ ഒരു മൊഴിയുണ്ട്. ഒരു സമൂഹത്തിന്റെ നേതാവ് അവരുടെ സേവകനാണെന്നര്‍ഥം. നേതാവിനു വേണ്ടി അണികള്‍ പണിയെടുക്കുകയല്ല, അണികള്‍ക്കുവേണ്ടി നേതാവ് പണിയെടുക്കണമെന്നാണ്. തങ്ങള്‍ക്കുവേണ്ടി സേവനം ചെയ്യാന്‍ അണികള്‍ ഒരാളെ നിയമിച്ചപ്പോള്‍ അയാള്‍ക്കു വന്നു ചേര്‍ന്ന നാമമാണ് നേതാവ് എന്നത്. ഇനി അയാളുടെ ജോലി എല്ലാവരെയും ശ്രദ്ധിക്കുകയും പരിപാലിക്കുകയുമാണ്. എല്ലാവരെയും ശ്രദ്ധിക്കാനും കാണാനുമാണ് അയാള്‍ക്ക് ഉയര്‍ന്ന സീറ്റ് നല്‍കപ്പെട്ടിട്ടുള്ളത്. ഉയരത്തിലിരിക്കുമ്പോഴാണല്ലോ എല്ലാവരെയും കാണാന്‍ കഴിയുക.


ഫ്രഞ്ച് നിയമജ്ഞനും രാഷ്ട്രീയക്കാരനുമായിരുന്ന ലെഡ്രു റോളിന്‍ പറഞ്ഞു: I have to follow them, I am their leader.(എനിക്കവരെ പിന്തുടരേണ്ടതുണ്ട്, ഞാനവരുടെ നേതാവാണ്.)
ആട്ടിടയന്‍ ആടുകളുടെ പിന്നാലെ നടക്കണം. അവരെക്കാള്‍ ഞാനാണുന്നതന്‍ എന്നു പറഞ്ഞ് മുന്നില്‍ നടക്കരുത്. മുന്നില്‍ മാത്രം നടക്കുന്ന നേതാക്കള്‍ക്ക് അണികളെ ശ്രദ്ധിക്കാനോ കാണാനോ കഴിയില്ല. തന്നെ മാത്രം കാണാനേ അയാള്‍ക്കു യോഗമുണ്ടാകൂ.


ചിലപ്പോള്‍ മുന്നില്‍ നടക്കേണ്ടി വരും. അപ്പോള്‍ അയാള്‍ക്ക് പിന്നിലും കണ്ണു വേണം. മുന്നില്‍ നടക്കുന്നത് മുന്നിലൂടെ അണികള്‍ക്ക് വല്ല ഭീഷണിയും വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കാന്‍ മാത്രമാകണം. അല്ലാതെ ഞാനാണ് ഉന്നതന്‍ എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനാകരുത്.


മുകളിലെത്തിയാലും താഴെയാണെന്ന ചിന്ത വെടിയരുത്. താഴെയാണെന്ന ചിന്തയുണ്ടാകുമ്പോഴേ വീഴാതിരിക്കൂ. വീണാല്‍ തന്നെ അതിവേഗം എഴുന്നേല്‍ക്കാനുമാകൂ. മുകളിലാണെന്ന വിചാരമുണ്ടായാല്‍ വീഴ്ച ഉടനടിയായിരിക്കും. ആ വീഴ്ച പറഞ്ഞറിയിക്കാനാവാത്ത പരുക്കുകളും വരുത്തിവയ്ക്കും. എഴുന്നേല്‍ക്കാന്‍ പോലുമാകാത്ത വീഴ്ചയായിരിക്കുമത്. കാരണം, 'ഉയരത്തില്‍'നിന്നാണല്ലോ വീണത്.. ഉയരത്തില്‍നിന്നുണ്ടാകുന്ന വീഴ്ചയ്ക്ക് ആഘാതമേറും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala
  •  a month ago
No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ മാസം 20ന് 

Kerala
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; ഈ മാസം 20ന് വോട്ടെടുപ്പ് 

Kerala
  •  a month ago
No Image

ഇറാനില്‍ വീണ്ടും ഭൂചലനം, ആണവ പരീക്ഷണം നടന്നെന്ന് അഭ്യൂഹം

International
  •  a month ago
No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം

National
  •  a month ago