നീട്ടിയടിച്ചു; ഫസ്റ്റ് ബെല്‍..!
മലപ്പുറം: ചിലയിടങ്ങളില്‍ ബെല്ലടിച്ചതൊന്നും ആരും കേട്ടില്ല, അത്രയ്ക്കുണ്ടായിരുന്നു പുതുക്കക്കാരുടെ ശബ്ദം. ചിലര്‍ക്കു സന്തോഷത്തിന്റേത്, ചിലര്‍ക്കു സങ്കടത്തിന്റേത്, മറ്റു ചിലര്‍ക്കു പരിഭ്രമത്തിന്റേത്. ചിലര്‍ മാത്രം ഞാനൊന്നുമറിഞ്ഞില്ല രാമ നാരായണായെന്ന മട്ടില്‍ മിണ്ടാതിരുന്നു, ഇതല്ല ഇതിനപ്പുറം വന്നാലും കുലുങ്ങില്ലെന്ന ഭാവമായിരുന്നു അവര്‍ക്ക്. ഏതായാലും സ്‌കൂളിലെ ഒന്നാം ദിനത്തിലെ പ്രവേശനോത്സവം അധ്യാപകരും നാട്ടുകാരും കുഞ്ഞു സീനിയേഴ്‌സും പിന്നെ തുടക്കക്കാരും എല്ലാരുംകൂടിയങ്ങ് ഭംഗിയാക്കി.
അറിവിന്റെ മധുതേടിയെത്തിയ നവാഗതര്‍ക്കു വര്‍ണാഭമായ സ്വീകരണമൊരുക്കിയായിരുന്നു ജില്ലയിലെ സ്‌കൂളുകളില്‍ പ്രവേശനോത്സവം നടന്നത്. വിദ്യാലയമുറ്റത്തേക്ക് ആദ്യമായി കടന്നെത്തിയവരെ പൂച്ചെണ്ടും മിഠായിയും കളിപ്പാട്ടങ്ങളും സമ്മാനിച്ച് അധ്യാപകരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കൗതുകവും അമ്പരപ്പുമായി പുതിയ ലോകത്തേക്കു കൊച്ചുമിടുക്കരും മിടുക്കികളുമെത്തി.
പുത്തനുടുപ്പും വര്‍ണക്കുടകളും ബാഗുമായെത്തിയവരെ തോരണങ്ങള്‍, ബലൂണുകള്‍, വര്‍ണക്കടലാസുകള്‍ എന്നിവകൊണ്ട് അണിഞ്ഞൊരുങ്ങിയാണ് വിദ്യാലയങ്ങളില്‍ ആദ്യദിനത്തില്‍ സ്വാഗതം ചെയ്തത്. മുതിര്‍ന്ന കുട്ടികളുടെയും അധ്യാപകരുടെയും പി.ടി.എ കമ്മിറ്റി, മാതൃസമിതി, ജനപ്രതിനിധികള്‍ എന്നിവരുടെയും നേതൃത്വത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കൂട്ടിനു ചിലയിടങ്ങളില്‍ മഴയുമെത്തി.
പുതിയ അധ്യയന വര്‍ഷം ഹരിതച്ചട്ടം ഏറ്റെടുത്താണ് വിദ്യാലയങ്ങള്‍ വരവേറ്റത്. ഫ്‌ളക്‌സും പ്ലാസ്റ്റിക് തോരണങ്ങളും ഇല്ലാതെയാണ് ആഘോഷ പരിപാടികള്‍ നടത്തിയത്. പ്രകൃതിസംരക്ഷണ സന്ദേശവും സ്‌കൂള്‍ അസംബ്ലികളില്‍ കൈമാറി. പ്രീപ്രൈമറി തലംമുതല്‍ പ്ലസ്ടുവരെയുള്ള ക്ലാസുകാര്‍ക്ക് ഇന്നലെയാണ് പുതിയ അധ്യയന വര്‍ഷത്തിനു തുടക്കമായത്. കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലെ കോളജുകളിലും ഇന്നലെ പുതിയ അധ്യയന വര്‍ഷമാരംഭിച്ചു. പ്ലസ്‌വണ്‍, ഡിഗ്രി ഒന്നാംവര്‍ഷ ക്ലാസുകളില്‍ പ്രവേശന നടപടികള്‍ നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."