സഊദിയില്‍ നിന്നും മലയാളി യുവാവിന്റെ മൃതദേഹം എട്ടു മാസത്തിനു ശേഷം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു
ദമാം: എട്ട് മാസം മുമ്പ് മരണപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. കിഴക്കന്‍ സഊദിയിലെ ഖത്വീഫില്‍ മരിച്ച എറണാകുളം വാരാപ്പുഴ സ്വദേശി പിഫിന്‍ ജോണിന്റെ മൃതദേഹമാണ് മാസങ്ങള്‍ നീണ്ട നടപടിക്രമങ്ങള്‍ക്ക് ശേഷം കൊച്ചിയിലെത്തിച്ചത്. പോലിസ് അന്വേഷണവും തുടര്‍ നടപടികളും നീണ്ടതാണ് മൃതദേഹം നാട്ടിലയയ്ക്കാന്‍ വൈകിയതിന് കാരണമായത്. രണ്ട് വര്‍ഷം മുമ്പാണ് പിഫിന്‍ ജോണ്‍ ഡ്രൈവര്‍ വിസയില്‍ ദമാമിലെത്തിയത്.
ജോണിനെ കഴിഞ്ഞ ഫെബ്രുവരി 16 നാണ് ഖത്വീഫ് കടല്‍ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുഖത്ത് പാടുകളും ശരീരത്തില്‍ ചിലയിടങ്ങളില്‍ മുറിവുകളുള്ളതായും കണ്ടെത്തി. ഇതോടെയാണ് ഇത് സ്വാഭാവിക മരണമോ ആത്മഹത്യയോ അല്ലെന്ന നിഗമനത്തില്‍ അധികൃതര്‍ എത്തുകയും കൂടുതല്‍ അന്വേഷണം വേണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തത്. തുടര്‍ന്ന്, കേസ് കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറി. ഇതോടെയാണ്, മൃതദേഹം നാട്ടിലയയ്ക്കാന്‍ വൈകിയത്. കേസ് അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നാണ് അറിയുന്നത്. എംബസി അധികൃതരും സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കവും നടത്തിയ ഇടപെടലുകള്‍ക്കൊടുവിലാണ് മൃതദേഹം നാട്ടിലയയ്ക്കാന്‍ അനുമതിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."