ഡാര്‍വിന്റെ സാക്ഷികള്‍
ഏതാനും ചെറുപ്പക്കാര്‍ ഒരു കല്യാണ സദസിലേക്ക് കയറി വന്നപ്പോള്‍ ഒരു പണ്ഡിതന്റെ രഹസ്യ പ്രതികരണം ഇങ്ങനെ, ഡാര്‍വിന്‍ പറഞ്ഞത് ഏറെക്കുറെ ശരിയാണെന്ന് തോന്നുന്നു. കേവലം സാധാരണക്കാരനായ ബാര്‍ബറുടെ ഷോപ്പിലേക്ക് ഒരു ചെറുപ്പക്കാരന്‍ കയറി വന്നു. എന്തു വേണം. റൗഡി മൊട്ട. ഇറങ്ങടാ പുറത്ത്. അയാള്‍ അലറി. എന്തൊക്കെയാണ് തലമുടി കൊണ്ടും താടി കൊണ്ടും യുവതലമുറ കാട്ടിക്കൂട്ടുന്നതെന്ന് അവര്‍ക്ക് തന്നെ അറിയില്ല. ഏതോ സിനിമയില്‍നിന്ന് പകര്‍ത്തുന്നതാണെത്രെ ഈ വേഷങ്ങള്‍. പാവങ്ങള്‍, സിനിമാ നടന്മാര്‍ അവരുടെ തൊഴിലിന്റെ ഭാഗമെന്നോണം ഏതാനും നിമിഷങ്ങളേ ആ വേഷം സ്വീകരിക്കുന്നുള്ളൂ. അഭിനയം അങ്ങിനെയാണല്ലോ. പിന്നെയവര്‍ മാന്യമായ വേഷത്തിലായിരിക്കും ജീവിക്കുന്നത്. അഭിനയത്തില്‍ കാണുന്ന മദ്യപാനം ചിലപ്പോള്‍ കട്ടന്‍ ചായയായിരിക്കാം.
പിശാചിന്റെ ശിരസുകള്‍ പോലെ കുലകളുള്ള ഒരു വൃക്ഷം നരകത്തിലുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. പിശാചിനെ ഒരാളും കാണാതിരിക്കെ മനുഷ്യമനസിലുള്ള ഭീകരജീവി എന്നേ അര്‍ഥമുള്ളൂ എന്നും, അല്ല പിശാചിന്റെ കേശങ്ങള്‍ മേല്‍പോട്ട് വളരുന്നതാണെന്നും വ്യാഖ്യാനമുണ്ട്. മനുഷ്യനടക്കമുള്ള ഏതൊരു ജീവിയുടെയും വ്യക്തിത്വം പ്രകടമാവുന്നത് മുഖത്തിലൂടെയാണല്ലോ. മുഖവും തലയും വൃത്തിയിലും ഭംഗിയിലും നിലനിര്‍ത്തണമെന്ന് ഇസ്‌ലാം പഠിപ്പിക്കാന്‍ കാരണവും അതാണ്. പുരാണ സംസ്‌കാരങ്ങളായ ഇബ്രാഹീമി മില്ലത്ത് പറഞ്ഞ കൂട്ടത്തില്‍ നബിതിരുമേനി (സ്വ) എട്ടുപത്തു സംഗതികള്‍ എണ്ണുന്നുണ്ട്. മീശ വെട്ടുക, തല രണ്ടായി പിളര്‍ത്തി ചീകുക തുടങ്ങിയ സംഗതികളാണതിലുള്ളത്. മുടിയും താടിയും അലക്ഷ്യമായി വളരുന്നതാവരുത്. അവയെ ആദരിച്ച് നിലനിര്‍ത്തുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ മുസ്‌ലിം ചെറുപ്പക്കാരുടെ സ്ഥിതി പരിതാപകരം തന്നെയാണ്. ഇത്തരം വികൃത മുഖങ്ങളെ നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ എന്തിന് പേടിക്കണം.
ഉമറുല്‍ ഫാറൂഖിന്റെ കാലത്ത് ഇത്തരത്തിലുള്ള ഒരു യുവാവിനെ കുറിച്ച് അയാളുടെ ഭാര്യ പരാതി നല്‍കിയത്രെ. ഖലീഫ അയാളെ ഒളിവില്‍ നിര്‍ത്തി എല്ലാം വൃത്തിയാക്കി പുറത്തിറക്കിയപ്പോള്‍ സ്വന്തം ഭാര്യക്ക് അയാളെ തിരിച്ചറിയാന്‍ സാധിച്ചില്ലത്രെ. പരിധിയില്ലാതെ മുടി നീട്ടുന്നതും മഹത്വം തോന്നാനായി അതിനെ വെളുപ്പിക്കുന്നതും യുവത്വം തോന്നിപ്പിക്കാനായി അതിനെ കറുപ്പിക്കുന്നതും തെറ്റാണെന്ന് കര്‍മശാസ്ത്രം പറയുന്നു. ഈ കൃത്രിമ വേഷങ്ങള്‍ കേവലം അനുകരണം മാത്രമാണ്. സാംസ്‌കാരികമായോ മതപരമായോ ശാസ്ത്രീയമായോ ഒരു അടിസ്ഥാനവും ഇതിനില്ല. മഴ പെയ്യുമ്പോള്‍ പുല്ലു മുളക്കുന്നത് പോലെ ഒരു പ്രായം കഴിഞ്ഞാല്‍ മുഖത്ത് രോമം കിളിര്‍ക്കുന്നത് കാണാം. അവ വൃത്തിയായി നിലനിര്‍ത്തണം. നബിതിരുമേനി ഹജ്ജ്, ഉംറ വേളകളിലല്ലാതെ മുണ്ഡനം ചെയ്തതായി ചരിത്രമില്ല. എന്നാല്‍ എണ്ണയും സുഗന്ധവും ആ ശിരസിലെ നിത്യകൗതുകമായിരിന്നു. മുടി വൃത്തിയായി നിലനിര്‍ത്തുന്നില്ലെങ്കില്‍ ഏത് രാജകുമാരന്റെ തലയിലും പേന്‍ വളരും. മതത്തില്‍നിന്ന് തെന്നിമാറുന്ന ഒരു വിഭാഗത്തെ കുറിച്ച് നബി തിരുമേനി മുന്നറിയിപ്പ് നല്‍കിയപ്പോള്‍ അവരുടെ അടയാളമായി പറഞ്ഞത് തഹ്‌ലീഖ് എന്നായിരുന്നു. തല വട്ടത്തില്‍ മുണ്ഡനം ചെയ്ത് കുടുമയായി നിര്‍ത്തുക എന്നര്‍ഥം. ഇന്ന് പല ചെറുപ്പക്കാരും സ്വീകരിക്കുന്നത് ഈ ശൈലി തന്നെയാണ്. ഫ്‌ളവര്‍ മോഡല്‍. മാതാപിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവരെല്ലാം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. താടിയും മുടിയും അലക്ഷ്യമായി വളര്‍ത്തുന്നവര്‍ നല്‍കുന്ന മെസേജ് എന്താണ്. ജീവിതത്തില്‍ ഒന്നിനെയും അവര്‍ ഗൗരവത്തിലെടുക്കുന്നില്ലെന്നാണ്. ഈ സ്വഭാവം തികച്ചും അപകടകരം തന്നെ. വെള്ള വസ്ത്രവും തലപ്പാവും അണിഞ്ഞ ഏതെങ്കിലും സിനിമകള്‍ വന്നെങ്കില്‍ എന്നാശിക്കുകയാണ്. എങ്കില്‍ അതു പകര്‍ത്താനും കുറേ ആളുകളുണ്ടാകുമല്ലോ. ഓരോ കാലത്തും ഓരോ ജ്വരമാണ്. മുമ്പ് പെണ്‍കുട്ടികളുടെ വസ്ത്രധാരണ വളരെ ബോറായിരുന്നു. ഇന്ന് മിക്ക സ്ഥാപനങ്ങളിലും മാന്യമായ യൂനിഫോം ആണ് നിര്‍ദേശിക്കുന്നത്. തൂവെള്ള വസ്ത്രധാരിയും കറുത്ത മുടിയുമുള്ള ഒരു സുമുഖനായിട്ടാണ് ജിബ്‌രീല്‍ (അ) നബി തിരുമേനിയുടെ മുന്നില്‍ പലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നത്. താടി വടിക്കുന്നത് ഹറാമോ കറാഹത്തോ എന്ന് തര്‍ക്കമുണ്ട്. പക്ഷെ താടിയെ ആദരിക്കുന്ന കാര്യമാണ് ശ്രദ്ധിക്കേണ്ടത്.
താടിയും മീശയും പൗരുഷത്തിന്റെ അടയാളമായിട്ടാണ് പൊതുവില്‍ പറയാറുള്ളത്. അത് ശരിയുമാണ്. എന്നാല്‍ സ്‌ത്രൈണത പ്രകടിപ്പിക്കുംവിധം വടിക്കുന്നതും വളര്‍ത്താതെ വളരുന്നതും സംസ്‌കാരമല്ല. മുടി നീട്ടി വളര്‍ത്തിയിരുന്ന ഖുറൈമുല്‍ അസദിയെ കുറിച്ച് തിരുമേനി നടത്തിയ പ്രസ്താവം വളരെ പ്രസിദ്ധമാണ്. ഖുറൈമുല്‍ അസദി എത്ര നല്ല മനുഷ്യന്‍, അദ്ദേഹത്തിന്റെ നീണ്ട മുടിയും ഇറങ്ങിയ തുണിയും ഇല്ലായിരുന്നെങ്കില്‍. ഇത് കേള്‍ക്കേണ്ട താമസം ഖുറൈം ഒരു കത്തിയെടുത്ത് തന്റെ മുടികള്‍ ചെവി വരെ മുറിച്ചു കളഞ്ഞു. തുണി പൊക്കിയുടുക്കാനും തുടങ്ങി. (അബൂദാവൂദ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."