യു.പിയിലെ സോന്‍ഭദ്ര വെടിവയ്പ്; ജില്ലാ കലക്ടറെയും എസ്.പിയെയും സസ്‌പെന്‍ഡ് ചെയ്തു
ലഖ്‌നൗ: ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ ദലിത് സമുദായത്തില്‍പെട്ട 10 പേര്‍ കൊല്ലപ്പെട്ട സോന്‍ഭദ്രയിലെ ജില്ലാ കലക്ടറെയും പൊലിസ് സൂപ്രണ്ടിനെയും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.
സോന്‍ഭദ്ര ജില്ലാ കലക്ടര്‍ അങ്കിത് കുമാര്‍ അഗര്‍വാള്‍, എസ്.പി സല്‍മാന്‍താജ് പാട്ടീല്‍ എന്നിവര്‍ക്കെതിരേയാണ് സര്‍ക്കാര്‍ നടപടി എടുത്തത്. തന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്. വെടിവയ്പ് വിഷയത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരേ നടപടിയെടുക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം ഉത്തര്‍പ്രദേശില്‍ ഒന്നൊഴിയാതെ പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ സംസ്ഥാന സര്‍ക്കാര്‍ രൂക്ഷമായ പ്രതിസന്ധിയിലാണ്. സോന്‍ഭദ്ര സംഭവത്തിനു പിന്നാലെ ജയ്ശ്രീറാം വിളിക്കാത്തതിന് മുസ്‌ലിം, ദലിത് സമുദായങ്ങളില്‍പ്പെട്ടവര്‍ക്കുനേരെ നടന്ന അക്രമങ്ങളും ബി.ജെ.പി എം.എല്‍.എ ആയിരുന്ന കുല്‍ദീപ് സിങ് സെന്‍ഗാറും കൂട്ടാളികളും പീഡനത്തിന് ഇരയാക്കിയ പെണ്‍കുട്ടിയെ വാഹനാപകടത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവവും യോഗി സര്‍ക്കാരിനെ വലിയ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.
സോന്‍ഭദ്ര സംഭവത്തില്‍ പ്രിയങ്കാ ഗാന്ധി നടത്തിയ ഇടപെടലും ബി.ജെ.പിക്കെതിരായ ജനവികാരത്തിന് ശക്തി പകര്‍ന്നിട്ടുണ്ട്. ഇക്കാര്യം തിരിച്ചറിഞ്ഞാണ് വൈകിയാണെങ്കിലും ജില്ലാ കലക്ടര്‍ക്കും പൊലിസ് സൂപ്രണ്ടിനും എതിരേ നടപടിയെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
വിഷയത്തില്‍ അന്വേഷണം നടത്തിയ അഡീഷണല്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് അന്വേഷണം നടത്തിയത്. സമിതി മൂന്ന് മാസത്തിനകം പൂര്‍ണമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഉദ്യോഗസ്ഥരെയും ഭൂമി ഉടമകളെയും ഉള്‍പ്പെടുത്തി വിശാലമായ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട റവന്യൂ ജീവനക്കാരെ പിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ ഉംഭ ഗ്രാമത്തില്‍ ജൂലൈ 17നാണ് ഭൂമിതര്‍ക്കത്തെത്തുടര്‍ന്ന് സ്ഥലയുടമയും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് ഭൂവുടമയുടെ അനുയായികള്‍ നാട്ടുകാര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവത്തില്‍ രണ്ടുസ്ത്രീകളുള്‍പ്പെടെ 10പേര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
തലമുറകളായി കൃഷിയിറക്കിവന്ന 36 ഏക്കര്‍ ഭൂമി വിട്ടുകൊടുക്കാതിരുന്ന കര്‍ഷകര്‍ക്കുനേരെ ഗ്രാമത്തലവന്‍ യഗ്യ ദത്തും സഹായികളുമാണ് വെടിയുതിര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."