റമദാന്റെ പുണ്യവുമായി ഇന്ന് ആദ്യ വെള്ളി
കോഴിക്കോട്: പുണ്യറമദാനില്‍ വിശ്വാസികള്‍ക്ക് ആത്മചൈതന്യം പകര്‍ന്ന് ഇന്ന് ആദ്യവെള്ളി. റമദാനിലെ ആദ്യവാരം ഖുര്‍ആന്‍ പാരായണവും നോമ്പുതുറയും തറാവീഹ് നിസ്‌കാരവും പാതിരാ പ്രാര്‍ഥനയുമായി പള്ളികളെല്ലാം സജീവമാണ്. വിശ്വാസികള്‍ പള്ളികളില്‍ കൂടുതല്‍ സമയം ചെലവിടുന്നുണ്ട്്. നോമ്പുകാലം മുഴുവന്‍ ഭജനമിരിക്കുന്നവരുമുണ്ട്. പാതിരയോളം നീണ്ടു നില്‍ക്കുന്ന തറാവീഹ് നിസ്‌കാരത്തിനു വലിയ ജനാവലിയാണ് എത്തുന്നത്.
മിക്ക പള്ളികളിലും നോമ്പുതുറയും ഒരുക്കിയിട്ടുണ്ട്. ഇതിനായി കമ്മിറ്റി അധികൃതര്‍ സ്‌പോണ്‍സര്‍മാരെയും കണ്ടെത്തുന്നുണ്ട്. വിഭവ സമൃദ്ധമായ നോമ്പുതുറയാണ് പള്ളികളിലെല്ലാം. ചായയും കാപ്പിയും ജൂസുകളും ലഘുവിഭവങ്ങളും നോമ്പ് തുറക്കൊപ്പം ഒരുക്കുന്നു. ഒരോ നാട്ടിലും പ്രാദേശികമായി തയാറാക്കുന്ന പ്രത്യേക ഭക്ഷണ വിഭവങ്ങളും നോമ്പിനായി എത്തും. കഞ്ഞിയും തരിയും തറാവീഹ് നിസ്‌കാരാനന്തരം വിതരണം ചെയ്യുന്ന പള്ളികളുമുണ്ട്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപത്തെ ഇസ്‌ലാമിക് സെന്റര്‍ പള്ളിയിലും പുതുതായി മാവൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സി കോംപ്ലക്‌സിനു സമീപത്ത് പ്രവര്‍ത്തനമാരംഭിച്ച പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ സൗധത്തിലും വിഭവ സമ്പന്നമായ നോമ്പുതുറയാണുള്ളത്. ഇസ്‌ലാമിക രീതിയില്‍ ഒരേ പാത്രത്തില്‍നിന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന രീതിയാണ് അനുവര്‍ത്തിക്കുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ആഹ്വാനമനുസരിച്ച് പ്ലാസ്റ്റിക്കിനെ പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണിവിടെ.
പ്ലാസ്റ്റിക് വിമുക്ത നോമ്പുതുറക്ക് പല പള്ളികളിലും പ്രചാരണം ഏറുന്നുണ്ട്. ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യരക്ഷാധികാരിയും ഹമീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് ഉമറലി ശിഹാബ് തങ്ങള്‍ സൗധത്തിനു ചുക്കാന്‍ പിടിക്കുന്നത്. ഇവിടെ ജുമുഅ നിസ്‌കാരവും തുടങ്ങിയിട്ടുണ്ട്.
നോമ്പ് തുടങ്ങിയതോടെ ഖുര്‍ആന്‍ പഠന ക്ലാസുകളും സജീവമാണ്. അതിരാവിലേയും ഉച്ചയ്ക്കു ശേഷവും രാത്രിയും വിശ്വാസികള്‍ക്കായി മദ്‌റസകളും പള്ളികളും കേന്ദ്രീകരിച്ചാണ് ക്ലാസുകള്‍ നടക്കുന്നത്. രാവിലെ വന്‍ ജനാവലി തടിച്ചുകൂടുന്ന മത്രപ്രഭാഷണങ്ങളും നടക്കുന്നുണ്ട്.
എസ്.കെ.എസ്.എസ്.എഫിന്റെ കീഴില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കോഴിക്കോട്ട് നടത്തുന്ന മതപ്രഭാഷണത്തിന് 10 ാം തിയതി തുടക്കമാവും. വിവിധ ജില്ലകളില്‍ സമസ്തയുടെ ആഭിമുഖ്യത്തില്‍ മതപ്രഭാഷണങ്ങള്‍ നടന്നുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."