മെഡിക്കല്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് ശുപാര്‍ശ; ജനകീയാരോഗ്യ നയം: കരട് തയാറായി
തിരുവനന്തപുരം: ഡോക്ടര്‍മാരെ നിയമിക്കാന്‍ മെഡിക്കല്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുക, ആരോഗ്യ ഡയരക്ടറേറ്റില്‍ മാറ്റങ്ങള്‍ വരുത്തുക, മെഡിക്കല്‍ ഓംബുഡ്‌സ്മാന്‍ രൂപീകരിക്കുക തുടങ്ങിയ ശുപാര്‍ശകളോടെ ജനകീയാരോഗ്യ നയത്തിന്റെ കരട് തയാറായി.
പ്ലാനിങ് ബോര്‍ഡംഗം ഡോ.ബി. ഇക്ബാല്‍ അധ്യക്ഷനായും പ്രമുഖ ശാസ്ത്രജ്ഞനും കോഴിക്കോട് മള്‍ട്ടി ഡിസ്പ്ലനറി റിസര്‍ച്ച് യൂനിറ്റിലെ ഡോ.കെ.പി അരവിന്ദന്‍ കണ്‍വീനറുമായുമുള്ള 17 അംഗ സമിതിയാണ് ജനകീയാരോഗ്യ നയത്തിന്റെ കരട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. കരട് കഴിഞ്ഞ നവംബറില്‍ സമര്‍പ്പിക്കാനായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍, വിശദമായ പഠനം ആവശ്യമായതിനാല്‍ കാലതാമസം വരുകയായിരുന്നു. പകര്‍ച്ചവ്യാധി വ്യാപനം, ജീവിതശൈലീരോഗ വര്‍ധന, വര്‍ധിച്ചുവരുന്ന ആരോഗ്യച്ചെലവ് എന്നിവ പരിഗണിച്ചാണ് കരട് തയാറാക്കിയിരിക്കുന്നത്.
കൂടാതെ രോഗപ്രതിരോധത്തിനും ആരോഗ്യവിദ്യാഭ്യാസത്തിനും ശുപാര്‍ശയില്‍ ഊന്നല്‍ നല്‍കുന്നുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മള്‍ട്ടി സ്‌പെഷാലിറ്റി ക്ലിനിക്കുകള്‍ തുടങ്ങുന്നതിനും സ്വകാര്യ ആശുപത്രികളുടെ ചൂഷണം അവസാനിപ്പിക്കുന്നതിനുമുള്ള നിരവധി നിര്‍ദേശങ്ങള്‍ പുതിയ ആരോഗ്യനയത്തിന്റെ കരടിലുണ്ട്.
ആരോഗ്യ മേഖലയില്‍ വന്‍ അഴിച്ചുപണിക്കും ശുപാര്‍ശ ചെയ്യുന്നു. ആരോഗ്യ മേഖലയെ പൊതുജനാരോഗ്യം, ക്ലിനിക്കല്‍ സര്‍വിസ്, മെഡിക്കല്‍ വിദ്യാഭ്യാസം എന്നിങ്ങനെ തരംതിരിക്കണം. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍, വിവിധ ആരോഗ്യ പരിപാടികളുടെ ഡയരക്ടര്‍മാര്‍, അസിസ്റ്റന്റ് ഡയരക്ടര്‍മാര്‍ തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ച് പൊതുജനാരോഗ്യ വിഭാഗവും സ്‌പെഷലൈസ്ഡ് ഡോക്ടര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലുള്ളവര്‍ എന്നിവരെ ഉള്‍പ്പെടുത്തി ക്ലിനിക്കല്‍ വിഭാഗവും മെഡിക്കല്‍ കോളജുകള്‍, മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഇവിടത്തെ അധ്യാപകര്‍, മറ്റു ഡോക്ടര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടറേറ്റും രൂപീകരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
ഡിപാര്‍ട്ട്‌മെന്റുകളില്‍ എച്ച്.ആര്‍ വിഭാഗം രൂപീകരിക്കണമെന്നും യോഗ്യതയുള്ളവരെ മാത്രമേ പ്രധാന ചുമതലകളില്‍ നിയമിക്കാവൂവെന്നും നിര്‍ദേശമുണ്ട്. മെഡിക്കല്‍ കോളജ് അധ്യാപക നിയമനത്തിനും പി.ജി ഡോക്ടര്‍ നിയമനത്തിനുമായി മെഡിക്കല്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നും നിര്‍ദേശമുണ്ട്. സ്വാശ്രയ മെഡിക്കല്‍ കോളജുകളെയും സ്വകാര്യ ആശുപത്രികളെയും നിരീക്ഷിക്കാനും ആരോഗ്യ മേഖലയിലെ തീവെട്ടിക്കൊള്ളയ്ക്ക് അറുതിവരുത്താനും പൊതുജനങ്ങളുടെ പരാതി പരിഹരിക്കാനും മെഡിക്കല്‍ ഓംബുഡ്‌സ്മാന്‍ രൂപീകരിക്കണമെന്നും ശുപാര്‍ശയുണ്ട്.
പൊതുജനങ്ങളുടെ പരാതിയില്‍ നടപടി സ്വീകരിക്കാനുള്ള അനുമതി മെഡിക്കല്‍ ഓംബുഡ്‌സ്മാന് നല്‍കണം. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ നിയമമാകുമ്പോള്‍ സ്വകാര്യ ആശുപത്രികളും ലാബുകളും നിയമം പാലിക്കുന്നുവെന്ന് നിരീക്ഷിക്കാന്‍ മെഡിക്കല്‍ ഓംബുഡ്‌സ്മാന്‍ സഹായകമാകുമെന്നും കരടില്‍ പറയുന്നു.
മുന്‍ ആരോഗ്യ വകുപ്പ് ഡയരക്ടര്‍ പി.കെ ജമീല, പൊതുപ്രവര്‍ത്തക ഉമാ പ്രേമന്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് ഫാമിലി മെഡിസിന്‍ മേധാവി പി.കെ ശശിധരന്‍, പ്രൊഫ. ഡോ.വി. രാമന്‍കുട്ടി, തിരുവനന്തപുരം എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. രാജ്‌മോഹന്‍, പരിയാരം മെഡിക്കല്‍ കോളജ് കമ്മ്യൂനിറ്റി മെഡിസിന്‍ തലവന്‍ ഡോ. എ.കെ ജയശ്രീ, ഐ.എം.എ പ്രതിനിധി ഡോ.വി.ജി പ്രദീപ്, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മുന്‍ ഡയരക്ടര്‍ ഡോ.പി.കെ മോഹന്‍ലാല്‍, ആരോഗ്യവകുപ്പ് പ്രതിനിധി ഡോ.ആശാ വിജയന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ആര്‍. ജയപ്രകാശ്, തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.സി. സുദര്‍ശനന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍ ഡോ.റംല ബീവി, ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ. ആര്‍. രമേശ്, ഹോമിയോപ്പതി ഡയരക്ടര്‍ ഡോ. കെ. ജമുന, ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിനിലെ ഡോ.അനിതാ ജേക്കബ് എന്നിവരാണ് സമിതി അംഗങ്ങള്‍. കരട് അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."