ഓലച്ചൂട്ടിന്റെ വെളിച്ചം തെളിച്ച കവി പി.കെ ഗോപിക്ക് നഗരത്തിന്റെ ആദരം
കോഴിക്കോട്: മലയാള കവിതയിലും ചലച്ചിത്ര ഗാനശാഖയിലും ഓലച്ചൂട്ടിന്റെ വെളിച്ചം തെളിച്ച കവി പി.കെ ഗോപിയെ നഗരം ആദരിക്കുന്നു. മലയാളി മറന്നുകൂടാത്ത പൈതൃകവഴികളും മാതൃവാത്സല്യങ്ങളും ഗുരുസ്മരണകളും പകര്‍ത്തി പി.കെ ഗോപി രചിച്ച 'ഓലച്ചൂട്ടിന്റെ വെളിച്ചം' എന്ന കൃതിക്കാണ് ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചത്.
25ലേറെ പുസ്തകങ്ങള്‍ രചിച്ച നാല്‍പതോളം പുരസ്‌കാരങ്ങളും ലഭിച്ച അദ്ദേഹത്തിന്റെ സര്‍ഗസപര്യയെ മുന്‍നിര്‍ത്തിയാണ് സുഹൃത്തുക്കളും ആസ്വാദകരും ഈ മാസം 16നു ടൗണ്‍ ഹാളില്‍ ആദരിക്കുന്നത്. പ്രളയം തീര്‍ത്ത പ്രതിസന്ധികളാണു പരിപാടിയുടെ കാലദൈര്‍ഘ്യമേറ്റിയത്.
രാവിലെ പത്തിന് വിപുലമായ പരിപാടികളോടെ ആരംഭിക്കുന്ന ചടങ്ങ് വൈകിട്ട് ഏഴുവരെ നീണ്ടു നില്‍ക്കും. സംവാദം, കവി-കവിത-കാലം, ഗാനോപഹാരം, ആദരം,നൃത്തശില്‍പം തുടങ്ങിയ പരിപാടികളും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, ഇ. ചന്ദ്രശേഖരന്‍ തുടങ്ങി സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രഗത്ഭരുടെ നീണ്ടനിര തന്നെ കവിയുടെ കാല്‍പാടുകളെ വിശകലനം ചെയ്യാന്‍ സര്‍ഗസായാഹ്നത്തില്‍ സംബന്ധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."