എന്ന് വിലകുറയും, കുപ്പിവെള്ളത്തിന് ?
എം. അപര്‍ണ
കോഴിക്കോട്: കുപ്പിവെള്ളത്തിനു വിലകുറയ്ക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വെള്ളത്തില്‍ മുങ്ങി. വിലകുറയുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്നവര്‍ അഞ്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും അതേ കാത്തിരിപ്പില്‍ തന്നെയാണ്.
വിലകുറക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇതുവരെയും നടപ്പായില്ല. അതേസമയം വില പുതുക്കിനിശ്ചയിക്കാനുള്ള പ്രത്യേക സമിതിക്ക് ഇതുവരെ അന്തിമരൂപമായിട്ടില്ല. ഇതാണു പ്രഖ്യാപനം നടന്ന് ഏഴുമാസം പിന്നിട്ടിട്ടും വില കുറയാത്തതിന്റെ കാരണം.
മാര്‍ച്ച് 22നാണ് വിലകുറയ്ക്കാന്‍ കുപ്പിവെള്ള നിര്‍മാണ കമ്പനികളുടെ സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്. കുപ്പിവെള്ളത്തിന്റെ വില 12 രൂപയായി കുറയ്ക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചെങ്കിലും വ്യാപാരികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പായിരുന്നില്ല. ഈ സാഹചര്യത്തിലാണു വില കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്നുള്ള സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടായത്.
മെയ് മാസത്തില്‍ കുപ്പിവെള്ളം അവശ്യസാധനങ്ങളുടെ പട്ടികയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതിനായി ഉടന്‍ വിജ്ഞാപനം ഇറക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞിരുന്നു.
കേരളത്തിലെ 105 കുപ്പിവെള്ള കമ്പനികളാണു സര്‍ക്കാരിന്റെ ഈ പ്രഖ്യാപനത്തിന് അനുകൂലമായി നിന്നത്. കരടുവിജ്ഞാപനം തയാറാക്കിയ സര്‍ക്കാര്‍ അഭിപ്രായമറിയാന്‍ കേരളത്തിനു പുറത്തുള്ള കുപ്പിവെള്ള നിര്‍മാതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. വിലകുറക്കുന്നതില്‍ എതിര്‍പ്പില്ലെന്നറിയിച്ച നിര്‍മാതാക്കള്‍ പുതുക്കിയ വില നിശ്ചയിക്കാന്‍ ശാസ്ത്രീയ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ വിലയും വെള്ളത്തിന്റെ ഗുണനിലവാര മാനദണ്ഡവും നിശ്ചയിക്കാനായി ഒന്‍പതു വകുപ്പുകളില്‍ നിന്നായി ഓരോ പ്രതിനിധികളെ ഉള്‍പ്പെടുത്തി സമിതിയും രൂപീകരിച്ചു.
എന്നാല്‍, ആരോഗ്യം, ജലസേചനം, വ്യവസായം എന്നീ വകുപ്പുകള്‍ പ്രതിനിധികളെ നല്‍കാത്തതിനാല്‍ സമിതി ഇപ്പോഴും അപൂര്‍ണമാണ്. അതുകൊണ്ടുതന്നെ ഈ സമിതി ഇതുവരെയും യോഗം ചേരുകയോ തീരുമാനങ്ങള്‍ എടുക്കുകയോ ചെയ്തിട്ടില്ല.
ഇതുകാരണമാണ് കുപ്പിവെള്ളത്തിന്റെ വില പുതുക്കി നിശ്ചയിക്കാനും വിജ്ഞാപനം ഇറക്കാനും സാധിക്കാത്തതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് പറയുന്നു.
ഏപ്രില്‍ 12 മുതല്‍ വിലക്കുറവ് നിലവില്‍ വരുമെന്നു പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് എം.ആര്‍.പി അടക്കം 19 രൂപയാണു നല്‍കേണ്ടത്. വില നിശ്ചയിച്ച് വിജ്ഞാപനമിറങ്ങിക്കഴിഞ്ഞാല്‍ എം.ആര്‍.പിയില്‍ കൂടുതല്‍ വില ഈടാക്കുന്നവര്‍ക്കെതിരേ ലീഗല്‍ മെട്രോളജി വകുപ്പിനു നടപടി സ്വീകരിക്കാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."