സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി നീലേശ്വരം ഹോമിയോ ആശുപത്രി
നീലേശ്വരം: കേരളത്തിലെ ആദ്യ നാലുഹോമിയോ ആശുപത്രികളില്‍ ഒന്നായ നീലേശ്വരം ഹോമിയോ ആശുപത്രി അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നു. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റുകള്‍ അടര്‍ന്നുവീഴുന്ന നിലയിലാണ്. സ്ഥലസൗകര്യമില്ലാത്തതിനാല്‍ സ്‌പെഷല്‍ ക്ലിനിക്കുകളൊന്നും നടത്താനാവുന്നില്ല. മഴക്കാലത്ത് ഈ കെട്ടിടം ചോര്‍ന്നൊലിക്കുന്നുമുണ്ട്.
44 വര്‍ഷം മുമ്പ് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന എന്‍.കെ ബാലകൃഷ്ണന്‍ മുന്‍കൈയെടുത്താണ് നീലേശ്വരത്ത് ഹോമിയോ ആശുപത്രി സ്ഥാപിച്ചത്. ഹോമിയോ ചികിത്സ പ്രചാരത്തിലില്ലാത്ത കാലത്ത് അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ തന്നെ ആദ്യത്തെതായിരുന്നു ഈ ആശുപത്രി. 24 സെന്റില്‍ അന്നത്തെ മാര്‍ക്കറ്റിലായിരുന്നു ആശുപത്രി സ്ഥാപിച്ചത്.
44 വര്‍ഷത്തിനിടയില്‍ ഒരുപാട് മാറ്റങ്ങള്‍ ആശുപത്രിയില്‍ വന്നെങ്കിലും സ്ഥലസൗകര്യമില്ലാത്തത് കാരണം പല പദ്ധതികളും നടപ്പാക്കാന്‍ ബുദ്ധിമുട്ട് നേരിടുകയാണ്. ഇന്‍ഫേര്‍ട്ടിലിറ്റി ക്ലിനിക്ക്, തൈറോയിഡ് ക്ലിനിക്ക്, ചെറുപ്പക്കാര്‍ക്ക് ആത്മവിശ്വാസം പകരുന്നതിനും ലഹരി മുക്തി നേടുന്നതിനും ആയുഷ് കേരളയുമായി ചേര്‍ന്നുള്ള സദ്ഗമയ, സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അവര്‍ക്കും കൗണ്‍സിലിങ് നല്‍കുന്നതിനുമുള്ള സീതാലയം തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളൊന്നും സ്ഥല പരിമിതി കാരണം നടത്താനാകുന്നില്ല.
പല സ്‌പെഷല്‍ ക്ലിനിക്കുകളും സ്ഥലസൗകര്യമില്ലാത്തതിന്റെ പേരില്‍ അവതാളത്തിലാണ്. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് വേണ്ടിയുള്ള മൊബൈല്‍ ക്ലിനിക്ക് കുറെക്കാലം പ്രവര്‍ത്തിച്ചുവെങ്കിലും ഫണ്ടില്ലാത്തതിന്റെ പേരില്‍ അത് ഒരു വര്‍ഷത്തിലധികമായി നിറുത്തിവച്ചിരിക്കുകയാണ്. ശനി, ഞായര്‍ ദിവസങ്ങളൊഴികെ ബാക്കി എല്ലാ ദിവസവും ഒ.പിയുണ്ട്.
സംസാര വൈകല്യമുള്ള കുട്ടികള്‍ക്കും മറ്റുള്ളവര്‍ക്കുമായി ഹോമിയോപ്പതിയില്‍ ആദ്യമായി സ്പീച്ച് തെറാപ്പി നടത്തുന്നത് ഇവിടെയാണ്. സ്പീച്ച് തെറാപ്പിയെ കൂടാതെ ഫിസിയോതെറാപ്പിയും ഇവിടെ നടത്തുന്നുണ്ട്. അതില്‍ ന്യൂറോളജിക്കല്‍ റിഹാബിലിറ്റേഷന്‍, ഓര്‍ത്തോപീഡിക് റീഹാബിലിറ്റേഷന്‍, പീഡിയാട്രിക്ക് റീഹാബിലിറ്റേഷന്‍, പോസ്റ്റ് സര്‍ജിക്കല്‍ റീഹാബിലിറ്റേഷന്‍, സ്‌പോര്‍ട്ട്‌സ് റീഹാബിലിറ്റേഷന്‍ എന്നിവ നീലേശ്വരത്ത് നടത്തുന്നുണ്ട്. വാര്‍ധക്യകാല പരിചരണത്തിനായി ഏറ്റവും മികച്ച ജെറിയാട്രിക്‌സ് കേന്ദ്രമുള്ളതും നീലേശ്വരത്താണ്. നല്ല ലബോറട്ടറിയുമുണ്ട്.
മെഡിക്കല്‍ സൂപ്രണ്ടുള്‍പ്പെടെ നാലു ഡോക്ടര്‍മാരും ലാബ് ടെക്‌നീഷ്യനും അറ്റന്‍ഡര്‍,ക്ലാര്‍ക്ക്, ഫാര്‍മസിസ്റ്റ്, നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്‍ഡ്, ക്ലീനര്‍, കുക്ക്, പാര്‍ട്ട് ടൈം സ്വീപ്പര്‍ ഉള്‍പ്പെടെ 19 ജീവനക്കാര്‍ ആശുപത്രിയിലുണ്ട്. ജീവനക്കാരുടെ കാര്യത്തില്‍ ഒരു കുറവും ഉണ്ടായിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി രമേശന്‍ പറയുന്നു.
25 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്. എന്നാല്‍ റൂമുകള്‍ മുഴുവന്‍ ചോര്‍ന്നൊലിക്കുന്നതിനാല്‍ കിടത്തി ചികിത്സ വലിയ പ്രശ്‌നമാവുകയാണ്. അഞ്ചുനില കെട്ടിടത്തിന്റെ ആറുകോടി രൂപയുടെ പ്രൊജക്ട് സര്‍ക്കാറിലേക്കു നല്‍കിയിട്ടുണ്ടെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല. ഒ.പി ക്ലിനിക്കുകള്‍ നിലവിലുള്ള കെട്ടിടത്തില്‍ തന്നെ നിലനിറുത്തി കിടത്തി ചികിത്സ ദൂരെ എവിടേയ്‌ക്കെങ്കിലും മാറ്റിയാല്‍ കുറച്ചു കൂടി സ്ഥലസൗകര്യം ഉണ്ടാവുമെന്നാണ് സൂപ്രണ്ടിന്റെ വിലയിരുത്തല്‍.
നിലവില്‍ നഗരസഭ സഹായിക്കുന്നതു കൊണ്ടാണ് ഹോമിയോ ആശുപത്രി നടന്നുപോകുന്നത്. മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ അടര്‍ന്നുവീണു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിര്‍മിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
സ്ഥലം എം.എല്‍.എ എം. രാജഗോപാലന്‍, പി. കരുണാകരന്‍ എം.പി, നഗരസഭ ചെയര്‍മാന്‍ , ആരോഗ്യ വകുപ്പ് എന്നിവര്‍ മുന്‍കൈയെടുത്ത് പുതിയ ആശുപത്രി കെട്ടിടം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."