അങ്കമാലി - ശബരി പാത; മൂവാറ്റുപുഴയിലും പെരുമ്പാവൂരും സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫിസ് ആരംഭിക്കും
മൂവാറ്റുപുഴ: അങ്കമാലി-ശബരി പാതയുടെ സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കാന്‍ മൂവാറ്റുപുഴയിലും പെരുമ്പാവൂരും സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫിസ് ആരംഭിക്കുന്നതിന് നടപടി പൂര്‍ത്തിയായതായി എല്‍ദോ എബ്രഹാം എം.എല്‍.എ. അറിയിച്ചു. ഓഫിസ് ആരംഭിക്കുന്നതിനായി റവന്യൂ വകുപ്പ് മന്ത്രി ലാന്റ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തി.
അങ്കമാലി-ശബരി റെയില്‍പ്പാതയുടെ സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കാന്‍ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ജോയ്‌സ് ജോര്‍ജ് എം.പി, എല്‍ദോ എബ്രഹാം എംഎല്‍എ, ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികളായ മുന്‍എം.എല്‍.എ ബാബു പോള്‍, പി.എം.ഇസ്മയില്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് മൂവാറ്റുപുഴയിലും പെരുമ്പാവൂരും സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫിസ് തുടങ്ങാന്‍ തീരുമാനിച്ചത്. ഒരു തഹസീല്‍ദാര്‍, ഒരു ഡെപ്യൂട്ടി തഹസീല്‍ദാര്‍, മൂന്ന് റവന്യൂ ഇന്‍സ്‌പെക്ടര്‍, ഒരു യു.ഡി.ക്ലര്‍ക്ക്, രണ്ട് എല്‍.ഡി.ക്ലര്‍ക്ക്, മൂന്ന് സര്‍വ്വേയര്‍ അടക്കം 20 ജീവനക്കാരെയാണ് ഓരോ ഓഫിസിലും നിയമിക്കുന്നത്.
കാലടി മുതല്‍ മഞ്ഞള്ളൂര്‍ വരെയുള്ള ഭാഗത്തെ സ്ഥലമെടുപ്പ് നടപടികളാണ് ഈ ഓഫിസിന് കീഴില്‍ നടക്കുന്നത്. പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലായി 350ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കാനായി ജോയ്‌സ് ജോര്‍ജ് എം.പി.യുടെ ശ്രമഫലമായി കഴിഞ്ഞ വര്‍ഷം 48കോടി രൂപയും ഈവര്‍ഷത്തെ 217കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കല്‍ വേഗത്തിലാകുന്നതോടെ ഭൂ ഉടമകള്‍ക്ക് പണം നല്‍കാന്‍ കഴിയും. സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫിസ് ആരംഭിക്കുന്നതോടെ ശബരി പാതയ്ക്കായി ഭൂമി ഏറ്റെടുത്തതിനെ തുടര്‍ന്ന് ദുരിതത്തിലായ കുടുംബങ്ങള്‍ പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."