ചടയമംഗലത്തെ പാലം ഗതാഗതയോഗ്യമാക്കണം
ചടയമംഗലം: സംസ്ഥാന ഹൈവേയിലെ പ്രധാന ജങ്ഷനുകളിലൊന്നായ ചടയമംഗലത്തെ പാലം വീതി കൂട്ടിയെങ്കിലും ഗതാഗതയോഗ്യമാക്കാത്തത് അപകടത്തിനും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു.
പ്രധാന പാലത്തിനോടു ചേര്‍ന്ന് ഒന്നരയടിയോളം പൊക്കത്തില്‍ പണിതീര്‍ത്തിരിക്കുന്ന പാലം വാഹന പാര്‍ക്കിങ്ങുകാര്‍ കൈവശപ്പെടുത്തിയതോടെ കാല്‍നട യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. കെ.എസ്.ടി.പി റോഡ് നിര്‍മാണം ഏറ്റെടുത്ത ഒന്നാം ഘട്ടത്തില്‍ത്തന്നെ ചങ്ങനാശേരി വരെയുള്ള മിക്ക പാലങ്ങളുടെയും വീതി വര്‍ധിപ്പിപ്പിരുന്നു.
തിരുവിതാംകൂര്‍ രാജഭരണകാലത്ത് സ്ഥാപിച്ച പഴയ പാലത്തിന്റെ ഇരുവശങ്ങളോടും ചേര്‍ന്നാണ് പുതിയ പാലം പണിതിരിക്കുന്നത്. ഒരുവശത്ത് മൂന്നു മീറ്ററിലും എതിര്‍വശത്ത് ഒരു മീറ്ററിലുമാണ് പാലം പണിതീര്‍ത്തിരിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്ക് പ്രത്യേക നടപ്പാതയും ഒരുക്കിയിട്ടുണ്ട്. പണി പൂര്‍ത്തീകരിച്ചപ്പോള്‍ നിലവിലെ പാലത്തിനേക്കാള്‍ പൊക്കത്തിലായതിനാല്‍ റോഡ് ടാര്‍ചെയ്യുക എന്നത് മാത്രമാണ് പരിഹാരം. എന്നാല്‍, ഇതിന് നിര്‍മാണക്കമ്പനി വരുത്തുന്ന കാലതാമസമാണ് പാലത്തിന് വീതികൂടുന്നതിനും ഗതാഗത യോഗ്യമാകുന്നതിനും തടസ്സമാകുന്നത്. മൂന്നു റോഡ് സന്ധിക്കുന്ന ജങ്ഷനില്‍ എല്ലാ സമയത്തും വലിയ ഗതാഗതക്കുരുക്കാണ്. പാലത്തില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ അധികാരികള്‍ നടപടി സ്വീകരിക്കാത്തതും ജനങ്ങളില്‍ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."