ലോക്‌സഭയും കടന്ന് ജമ്മു കശ്മീര്‍ വിഭജന ബില്‍; ബില്‍ പാസായത് 67നെതിരേ 367 വോട്ടുകള്‍ക്ക്
ന്യൂഡല്‍ഹി: ജമ്മുകശ്മീരിനെ രണ്ടായി വിഭജിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ ലോക്‌സഭയിലും പാസായി. 67നെതിരേ 367 വോട്ടുകള്‍ക്കാണ് ബില്‍ ലോക്‌സഭ കടന്നത്. കഴിഞ്ഞ ദിവസം രാജ്യസഭയിലും ബില്‍ പാസായതിന് പിന്നാലെയാണ് ലോക്‌സഭയും കടന്നിരിക്കുന്നത്. ഇന്ത്യയും കാശ്മീറും തമ്മില്‍ വേര്‍തിരിച്ചിരുന്നത് ഭരണഘടനയിലെ 370ാം വകുപ്പാണെന്നും എന്നാല്‍ ഇപ്പോള്‍ അതില്ലാതായെന്നും ബില്‍ സംബന്ധിച്ച ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
കശ്മീരിനെ രണ്ടായി വിഭജിച്ച ദിവസത്തെ കരുത്ത ദിവസമായി വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയോട് കറുത്ത ദിനം ഇന്നല്ലെന്നും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് എല്ലാ പ്രദേശങ്ങളും ഇന്ത്യന്‍ യൂനിയന്റെ ഭാഗമാക്കി മാറ്റിയ ദിവസമായിരുന്നു അതെന്നും അമിത് ഷാ പറഞ്ഞു. ഇത് ചരിത്രപരമായ മണ്ടത്തരമല്ലെന്നും ചരിത്രപരമായ മണ്ടത്തരം തിരുത്തുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം 370ാം വകുപ്പ് റദ്ദ് ചെയ്തു കൊണ്ടുള്ള ബില്‍ നോട്ട് നിരോധനം പോലെ മറ്റൊരു ദുരന്തമായിരിക്കുമെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. നോട്ട് നിരോധനം നടപ്പിലായപ്പോള്‍ ഒരുപാട് പേര്‍ പ്രശംസയുമായി രംഗത്തുവന്നു. എന്നാല്‍ പിന്നീടത് ദുരന്തമായി മാറുകയായിരുന്നു. കശ്മീരിലെ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ സര്‍വകക്ഷി സംഗത്തെ എപ്പോഴാണ് കൊണ്ട്‌പോകുന്നതെന്ന് അമിത് ഷാ വ്യക്തമാക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
രണ്ട് ബില്ലുകളും ഇന്നലെ രാജ്യസഭ പാസാക്കിയിരുന്നു. ലോക്‌സഭയും ബില്‍ പാസാക്കിയതോടെ ഫലത്തില്‍ ജമ്മു കശ്മീര്‍ വിഭജനം പൂര്‍ത്തിയായി. ഇനി ബില്ലില്‍ രാഷ്ട്രപതി ഔദ്യോഗികമായി ഒപ്പിടുന്നതോടെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ ഔദ്യോഗികമായി നിലവില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."