കോടതി വളപ്പിലെ കെട്ടിടം കാടുകയറി നശിക്കുന്നു
കൂത്തുപറമ്പ്: കൂത്തുപറമ്പ് അഡ്വക്കറ്റ് ക്ലര്‍ക്ക്സ് അസോസിയേഷന് ഓഫിസ് നിര്‍മാണം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും തുറന്നുകൊടുത്തില്ല. കൂത്തുപറമ്പ് മുന്‍സിഫ് കോടതി വളപ്പിനകത്ത് സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച പുതിയ കെട്ടിടമാണ് നോക്കുകുത്തിയായി കിടക്കുന്നത്.
കൂത്തുപറമ്പ് മജിസ്ട്രേട്ടു കോടതി, മുന്‍സിഫ് കോടതി എന്നിവിടങ്ങളില്‍ ജോലി ചെയ്തുവരുന്ന അന്‍പതോളം അഡ്വക്കറ്റ് ക്ലര്‍ക്കുമാര്‍ക്കു വേണ്ടിയാണ് പുതിയ യൂനിറ്റ് ഓഫിസ് നിര്‍മിച്ചത്. ജില്ലാ കോടതിയുടെ അധീനതയിലുള്ള ഈ കെട്ടിടം അഡ്വക്കറ്റ് ക്ലര്‍ക്ക്സ് അസോസിയേഷന് കൈമാറിയിട്ടില്ലെന്ന സാങ്കേതികത്വത്തിന്റെ പേരിലാണ് ഈ കെട്ടിടം പ്രവര്ത്തനസജ്ജമാകാതിരിക്കാന് കാരണം. ഇതിനായി ഭാരവാഹികള്‍ തലശ്ശേരി ജില്ലാ ജഡ്ജിയെ നേരിട്ട് കണ്ട് നിവേദനവും നല്‍കിയിരുന്നുവെങ്കിലും നടപടികള്‍ ഒന്നുമുണ്ടായില്ല. നിരന്തര ആവശ്യത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് കോടതി വളപ്പിനകത്ത് ഈ കെട്ടിടത്തിനു സമീപത്തായി താല്‍ക്കാലികമായി ഒരു മുറി അനുവദിച്ചു കൊടുത്തിരുന്നു. എന്നാല്‍ ശക്തമായ കാലവര്‍ഷത്തില്‍ മരം പൊട്ടിവീണ് ഈ ഓഫിസിന്റെ ഓടുകള്‍ തകര്‍ന്നു. കെട്ടിടത്തിനകത്തെ മുറി അപകടാവസ്ഥയിലുമായി. അതിനുശേഷം രണ്ടു വര്‍ഷം മുന്‍പായിരുന്നു രണ്ട് ബാത്ത് റൂം, ഹാള്‍ എന്നീ സൗകര്യത്തോടെ ലക്ഷങ്ങള്‍ ചെലവിട്ട് പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി തുടങ്ങിയത്. ഒരു വര്‍ഷം മുന്‍പാണ് പ്രവൃത്തി പൂര്‍ത്തിയായത്. എന്നാല്‍ ടൈലുകള്‍ പാകി മനോഹരമാക്കിയ ഈ കെട്ടിടം ഇപ്പോള്‍ കാടുകയറി നശിച്ചു കൊണ്ടിരിക്കുകയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."