റിയാദില്‍ 1500 വര്‍ഷം പഴക്കമുള്ള പുരാവസ്തുക്കള്‍ കണ്ടെത്തി
റിയാദ്: ഇസ്‌ലാമിന്റെ ആദ്യ കാലത്തെ മണ്‍പാത്രങ്ങളടക്കമുള്ള അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സഊദി പുരാവസ്തു ഗവേഷക സംഘം വെളിപ്പെടുത്തി.
തലസ്ഥാന നഗരിയായ റിയാദിന് സമീപം 160 കിലോമീറ്റര്‍ വടക്കു ഭാഗത്ത് ഹൂത്ത സുദൈറിലെ ഗൈലാന്‍ പുരാവസ്തു മേഖലയിലാണ് അതി പുരാതന കിണറും മണ്പാത്രങ്ങളടക്കമുള്ള ചില വസ്തുക്കളും കണ്ടെടുത്തത്. സഊദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അറബ് ഈസ്റ്റ് കോളേജസ് ഫോര്‍ ഗ്രാജുവേറ്റ് സ്റ്റഡീസും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് ഇത് കണ്ടെത്തിയത്. ഇസ്‌ലാമിക കാലഘട്ടത്തിന്റെ തുടക്കത്തില്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന മിനുസപ്പെടുത്തിയതും അല്ലാത്തതുമായ മണ്‍പാത്രങ്ങളുടെ ഭാഗങ്ങളാണ് പുരാവസ്തു ഖനനത്തില്‍ ലഭിച്ചത്.
തുവൈഖ് മലനിരകളുടെ സമീപമുള്ള മേഖലയില്‍ നേരത്തെ കണ്ടെത്തിയ പൗരാണിക കൊട്ടാര അവശിഷ്ടങ്ങളും മറ്റും സ്ഥിചെയ്യുന്ന പുരാവസ്തു പ്രദേശത്തോട് ചേര്‍ന്ന് തന്നെയാണ് ഇതും കണ്ടെത്തിയത്. സുദൈര്‍ താഴ്‌വരക്ക് അഭിമുഖമായി സമുദ്രനിരപ്പില്‍നിന്ന് 684 കി.മീ ഉയരത്തിലാണ് ഗൈലാന്‍ കൊട്ടാരം നിര്‍മിച്ചതെന്നാണ് ഗവേഷണത്തില്‍ സ്ഥിരീകരിച്ചത്. ഈ പ്രദേശത്ത് 18000 ചതുരശ്ര മീറ്റര്‍ ചുറ്റളവിലാണ് കൊട്ടാരവും അനുബന്ധ കെട്ടിടങ്ങളുമുണ്ടായിരുന്നതെന്നാണ് ഈ വര്‍ഷം മാര്‍ച്ചില്‍ കണ്ടെത്തിയത്.
ഇതിന്റെ രണ്ടാം ഘട്ട ഗവേഷണത്തിലാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ അന്താരാഷ്ട്ര വിദഗ്ധരുടെ സഹായത്തോടെ 44 സംയുക്ത പുരാവസ്തു ഗവേഷണ പദ്ധതികളാണ് ഈ സീസണില്‍ എസ്.സി.ടി.എച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ആധുനിക ശാസ്ത്ര രീതികള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഗവേഷണത്തില്‍ വിദേശ യൂനിവേഴ്‌സിറ്റികളിലേയും ഗവേഷണ കേന്ദ്രങ്ങളിലേയും പുരാവസ്തു വിദഗ്ദ്ധരും പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."