ദേവര്‍കോവില്‍ യു.പിക്ക് നഷ്ടമായത് ജനകീയ അധ്യാപകന്‍
തൊട്ടില്‍പ്പാലം: കഴിഞ്ഞ ദിവസം വിടപറഞ്ഞ ചെറിയകുമ്പളം ചെമ്പോട്ട്കണ്ടി ഖാലിദ് മാസ്റ്ററുടെ അകാലവിയോഗത്തിലൂടെ ദേവര്‍കോവില്‍ കെ.വി കുഞ്ഞമ്മദ് മെമ്മോറിയല്‍ യു.പി സ്‌കൂളിന് നഷ്ടമായത് ജനകീയനായ അധ്യപകനെ. മൂന്ന് പതിറ്റാണ്ടിലേറെ കാലം ദേവര്‍കോവില്‍ യു.പിയില്‍ അധ്യാപനരംഗത്ത് നിറഞ്ഞു നിന്ന ഖാലിദ് മാസ്റ്റര്‍ കുട്ടികളുടെ പ്രിയപ്പെട്ട അധ്യപകനായിരുന്നു.
മധ്യവേനലവധിയിലെ കളിയാരവങ്ങള്‍ക്കൊടുവില്‍ വീണ്ടും ആഹ്ലാദത്തിമിര്‍പ്പില്‍ സ്‌കൂളിലെത്തിയ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഖാലിദ് മാസ്റ്ററുടെ മരണം തീരാദുഃഖമായി.
കെ.വി.കെ.എം.എം യു.പി സ്‌കൂളിനെ നാടറിയുന്ന വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും വിദ്യാര്‍ഥികളെയും അധ്യാപകരെയും ഒരുപോലെ പ്രചോദിപ്പിക്കാന്‍ കഴിഞ്ഞ നല്ല പ്രഭാഷകന്‍, സംഘാടകന്‍, പഠനപാഠ്യേതര മികവുകള്‍ വിദ്യാലയത്തിലേക്ക് നിരവധി തവണ എത്തിച്ച കലാകാരന്‍ തുടങ്ങിയ എല്ലാനിലയിലും സ്‌കൂളിന് വലിയ മുതല്‍കൂട്ടായിരുന്നു.
അതിന്റെ വ്യക്തമായ ഉദാഹരണമാണ് മികച്ച അറബിഭാഷാ അധ്യാപകനായിട്ടും മലയാള ഭാഷയില്‍ അദ്ധേഹത്തിന്റെ നൈപുണ്യം.
കുട്ടികള്‍ക്കായി കഥ, കവിത, നാടകങ്ങള്‍, ലേഖനങ്ങള്‍, പ്രഭാഷണം, മോണോആക്ട് എന്നിവ രചിച്ച് കലാമേളകളില്‍ അവതരിപ്പിക്കുന്നതോടൊപ്പം വിധികര്‍ത്താക്കളുടെയും മറ്റും മികച്ച പ്രതികരണം നേടിയെടുത്തത്.
കുറ്റ്യാടി പാലേരി സ്വദേശിയായ അദ്ദേഹം നീണ്ട വര്‍ഷത്തെ ദേവര്‍കോവില്‍ പ്രദേശവുമായുള്ള അഗാധ ബന്ധത്തില്‍ കായക്കൊടി, തൊട്ടില്‍പ്പാലം തുടങ്ങിയ പരിസരപ്രദേശങ്ങളില്‍ വലിയ സൗഹൃദ വലയങ്ങളാണ് സൃഷ്ടിച്ചത്. ദീര്‍ഘകാലം കെ.എ.ടി.എഫ് ജില്ലാ കൗണ്‍സിലറായ അദ്ദേഹം ജില്ലയിലെ അറബി അധ്യാപകരുടെ മുഖ്യ പരിശീലകന്‍ കൂടിയായിരുന്നു.
നിലവില്‍ സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറിയായിരുന്നു. മരണത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ്, സ്റ്റാഫ് കൗണ്‍സില്‍ അനുശോചിച്ചു. ആദരസൂചകമായി ഉച്ചയ്ക്ക് ശേഷം സ്‌കൂളിന് അവധി നല്‍കി.
വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പാറക്കടവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ജനനിബിഡമായതിനാല്‍ രണ്ട് തവണയാണ് മയ്യിത്ത് നിസ്‌കരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."