പെണ്‍കുട്ടി തന്നെയാണ് ലിംഗം ഛേദിച്ചതെന്ന് ഗംഗേശാനന്ദ
തിരുവനന്തപുരം: പെണ്‍കുട്ടി തന്നെയാണ് തന്റെ ലിംഗം ഛേദിച്ചതെന്ന് സ്വാമി ഗംഗേശാനന്ദ പൊലിസിന് മൊഴി നല്കി. താന്‍ ഉറങ്ങി കിടന്നപ്പോഴാണ് പെണ്‍കുട്ടി ഇത് ചെയ്തത്. പെണ്‍കുട്ടിയുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടായിരുന്നെന്നും സ്വാമി വ്യക്തമാക്കി. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും പെണ്‍കുട്ടിയും കാമുകനായ അയ്യപ്പദാസും ചേര്‍ന്ന് തന്നെ കുടുക്കുകയായിരുന്നെന്നും അന്വേഷണം നടക്കുന്നത് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്നും സ്വാമി പറഞ്ഞു. വര്‍ഷങ്ങളായി പെണ്‍കുട്ടിയുടെ കുടുംബത്തിന് സാമ്പത്തികമായി സഹായം ചെയ്തിരുന്നെന്നും മൊഴിയില്‍ പറയുന്നു.
പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവങ്ങളെയും സാമ്പത്തിക തട്ടിപ്പുകളെയും സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ മനസിലാക്കാനും തെളിവുകള്‍ ശേഖരിക്കാനുമാണ് സ്വാമിയെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയത്.
രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ സ്വാമിയെ ഇന്ന് കൂടി മാത്രമേ കസ്റ്റഡിയില്‍ വയ്ക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുള്ളൂ. ലിംഗം താന്‍ സ്വയം ഛേദിച്ചതാണെന്നായിരുന്നു നേരത്തേ ഗംഗേശാനന്ദ പൊലിസിനോട് പറഞ്ഞത്. എന്നാല്‍ അടുത്തിടെ പെണ്‍കുട്ടിയുടെ അമ്മ സ്വാമിക്ക് അനുകൂലമായി രംഗത്തെത്തിയിരുന്നു.
പെണ്‍കുട്ടി സ്വാമിക്കെതിരേ നല്കിയ മൊഴികള്‍ കളവാണെന്നും സ്വാമി മകളെ ലൈംഗികമായി ഉപയോഗിച്ചിട്ടില്ലെന്നും അമ്മ ഡി. ജി. പിക്ക് നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. മകളുടെ പ്രണയ ബന്ധത്തെ സ്വാമി എതിര്‍ത്തതിലുള്ള ദേഷ്യം കാരണമാണ് ലിംഗം ഛേദിച്ചതെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. ചോദ്യം ചെയ്യല്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."