പി.എസ്.സിയെ വീണ്ടും വെള്ളപൂശി മുഖ്യമന്ത്രി
തിരുവനന്തപുരം: പി.എസ്.സിയെ വീണ്ടും വെള്ളപൂശി മുഖ്യമന്ത്രി പിണറായി വിജയന്‍. പി.എസ്.സിക്ക് ഒരു വിശ്വാസ്യതയുണ്ട്. അത് തകര്‍ക്കുന്ന രീതി ശരിയല്ല. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും ക്രമക്കേട് നടന്നാല്‍ കുറ്റവാളികള്‍ ആരായാലും അവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പബ്ലിക് സര്‍വിസ് കമ്മിഷന്റെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ പി.എസ്.സിക്ക് ആഭ്യന്തര വിജിലന്‍സ് സംവിധാനമുണ്ട്. നിയമപരമായ നടപടി വേണമെന്ന് നിശ്ചയിക്കുന്നത് പി.എസ്.സിയാണ്. പി.എസ്.സി വിജിലന്‍സ് കണ്ടെത്തിയ വിവരങ്ങള്‍ പൊലിസിന് കൈമാറുമെന്ന് പി.എസ്.സി യോഗം പ്രഖ്യാപിച്ചിട്ടുണ്ട്. പഴുതടച്ച അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിവര്‍ഷം പി.എസ്.സി ഇരുന്നൂറോളം പരീക്ഷകള്‍ നടത്തുകയും ഒരു കോടിയിലധികം അപേക്ഷ കൈകാര്യം ചെയ്യുകയും ചെയ്യുന്നുണ്ട്. പരീക്ഷാനടത്തിപ്പിന് വ്യക്തമായ ചട്ടങ്ങളും നടപടിക്രമവുമുണ്ട്. പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് വന്നെന്നായിരുന്നു ആക്ഷേപം. ചില വ്യക്തികള്‍ തെറ്റായ മാര്‍ഗത്തിലൂടെ ഉത്തരം എഴുതിയോ എന്നാണ് പി.എസ്.സിയുടെ വിജിലന്‍സ് പരിശോധിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ അവരെ അയോഗ്യരാക്കി. പി.എസ്.സിയുടേത് മാത്രമല്ല രാജ്യത്തെ ഒരു റിക്രൂട്ടിങ് ഏജന്‍സിയുടെ പരീക്ഷയും അവര്‍ക്ക് ഇനി എഴുതാന്‍ സാധിക്കില്ല. 2003ല്‍ ലക്ഷക്കണക്കിനുപേര്‍ എഴുതിയ എല്‍.ഡി.സി പരീക്ഷ ക്രമക്കേടിനെ തുടര്‍ന്ന് റദ്ദാക്കിയിട്ടുണ്ട്. ചോദ്യക്കടലാസ് ചോര്‍ന്നെന്നാണ് അന്ന് കണ്ടെത്തിയത്. 2010ല്‍ എസ്.ഐ പരീക്ഷയും റദ്ദാക്കി. അന്നും ആഭ്യന്തര വിജിലന്‍സാണ് അന്വേഷണം നടത്തിയത്. പി.എസ്.സിയുടെ പ്രൊഫഷണലിസം ഏതെല്ലാം തരത്തില്‍ മെച്ചപ്പെടുത്താമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."