പൂനൂര് പുഴയിലേക്ക് വീണ്ടും മാലിന്യങ്ങള്‍ തള്ളി
താമരശ്ശേരി: പൂനൂര് പുഴയുടെ പ്രഭവ കേന്ദ്രമായ കട്ടിപ്പാറ പഞ്ചായത്തിലെ തൂവ്വക്കടവ് പാലത്തിന് സമീപം പുഴയിലേക്ക് മാലിന്യം തള്ളി.
ചാക്കിലാക്കിയെത്തിച്ച ഭക്ഷണാവശിഷ്ടങ്ങളും പാമ്പേഴ്സ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളുമാണ് പുഴയില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. മാലിന്യമെത്തിച്ച് തള്ളിയ ലോറി ഡ്രൈവര്‍ താമരശ്ശേരി ചുങ്കം സ്വദേശി പി.വി അബൂബക്കറി (50) നെ ബാലുശ്ശേരി പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്ന് കട്ടിപ്പാറ പഞ്ചായത്ത് 25000 രൂപ പിഴ ഈടാക്കി.
കട്ടിപ്പാറ മാവുള്ളപൊയില്‍, വെട്ടിഒഴിഞ്ഞതോട്ടം, കിനാലൂര്‍, മാങ്കയം എന്നിവിടങ്ങളിലും സമാനമായ മലിന്യം തള്ളിയിരുന്നു. വ്യാപകമായി മാലിന്യങ്ങള്‍ പുഴയിലേക്ക് തള്ളിയതില്‍ പഞ്ചായത്തും സന്നദ്ധ സംഘടനകളും ചേര്‍ന്ന് മാലിന്യ ചാക്കുകള്‍ അഴിച്ച് നടത്തിയ പരിശോധനയില്‍ കൊയിലാണ്ടി, മൂടാടി പഞ്ചായത്തില്‍ നിന്നെത്തിച്ചതാണെന്ന് കണ്ടെത്തി.
നിപാ വൈറസ് ബാധയണ്ടായപ്പോള് മുടാടി പഞ്ചായത്തിറക്കിയ ബോധവല്‍ക്കരണ നോട്ടിസും മറ്റും കണ്ടതോടെയാണ് മാലിന്യമെത്തിയത് മൂടാടിയില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞതെന്ന് കട്ടിപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് പറഞ്ഞു. മൈസൂറിലെ റീസൈക്ലിങ് സെന്ററിലെത്തിക്കാന്‍ അബൂബക്കര്‍ കാരാറെടുത്ത മാലിന്യങ്ങള്‍ പല സ്ഥലങ്ങലിലായി തള്ളുകയായിരുന്നെന്ന് ബാലുശ്ശേരി പൊലിസ് പറഞ്ഞു.പഞ്ചായത്ത് നല്കിയ പരാതിയില്‍ താമരശ്ശേരി പൊലിസും കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."