ഫോണോ ഇന്റര്‍നെറ്റോ ഇല്ല, എ.ടി.എമ്മില്‍ പണവുമില്ല കശ്മിരിലെ ദുരിതം വിശദീകരിച്ച് മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്
ശ്രീനഗര്‍: ശക്തമായ കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാനാവുന്നില്ലെന്നും ഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്തതിനാല്‍ പുറംലോകവുമായി ബന്ധപ്പെടാനാവുന്നില്ലെന്നും കശ്മിരിലെ ദുരിതാവസ്ഥ വിശദീകരിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മുസമ്മില്‍ ജലീല്‍. നിലവില്‍ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഡപ്യൂട്ടി എഡിറ്ററായ കശ്മിരി സ്വദേശി മുസമ്മില്‍ ജലീല്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ഇതിനകം വൈറലായിട്ടുണ്ട്.
മുസമ്മില്‍ ജലീലിന്റെ പോസ്റ്റ് ഇങ്ങനെ:
ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറില്‍ ഇപ്പോഴാണ് എത്തിയത്. ജമ്മുകശ്മിര്‍ രൂപീകരിക്കപ്പെട്ട 1846 ന് ശേഷമുള്ള ഏറ്റവും മോശമായ സാഹചര്യമാണ് ഇപ്പോഴവിടെയുള്ളത്. ശ്രീഗനര്‍ ഇപ്പോള്‍ ശരിക്കും പട്ടാളക്കാരുടെ നഗരമായിരിക്കുന്നു, എവിടെയും കമ്പിവേലികളാണുള്ളത്. വീട്ടില്‍ നിന്ന് ഓഫിസിലെത്താന്‍ ഇന്നലെ എനിക്ക് മൂന്നുമണിക്കൂര്‍ സമയം വേണ്ടിവന്നു. ഫോണുകള്‍ (മൊബൈലും ലാന്‍ഡ് ഫോണും) വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ഇന്റര്‍നെറ്റും ലഭ്യമല്ല. എ.ടി.എം മെഷിനില്‍ പണവും ഇല്ല. കശ്മിരിലുടനീളം ശക്തമായ കര്‍ഫ്യൂ നിലനില്‍ക്കുകയാണ്. നഗരത്തിന്റെ കൊച്ചു പ്രദേശത്തിനപ്പുറം എന്തൊക്കെയാണ് നടക്കുന്നതെന്നതിനെ കുറിച്ച് എനിക്കൊരു വിവരവുമില്ല. എന്നാല്‍, ഓള്‍ഡ് ബാരാമുള്ള ടൗണില്‍ പ്രതിഷേധപരിപാടികള്‍ നടക്കുന്നതിന്റെ ശബ്ദം എനിക്ക് കേള്‍ക്കാനായി. ഞാന്‍ കണ്ടുമുട്ടിയ എല്ലാവരും വലിയ ഞെട്ടലിലാണ്, ഒരു വിചിത്രവും അസാധാരണവുമായ മരവിപ്പ്. രണ്ട് പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടതായി അറിയാന്‍ കഴിഞ്ഞു. പക്ഷേ അത് സ്ഥിരീകരിക്കാന്‍ മാര്‍ഗമില്ല. കശ്മിരിനുള്ളില്‍ പോലും കശ്മിര്‍ അദൃശ്യമായ ഒരവസ്ഥ. പൊലിസ് ബാരിക്കേഡുകള്‍ മറികടന്ന് സഞ്ചരിക്കാന്‍ ഒരു കാരണവശാലും മാധ്യമപ്രവര്‍ത്തകരെ അനുവദിക്കരുതെന്ന് ചെക്ക് പോസ്റ്റുകളിലെ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദേശമുണ്ട്. രാജ്ബാഗ് പൊലിസ് സ്റ്റേഷനടുത്തുള്ള ഹോട്ടലില്‍ ഡല്‍ഹിയില്‍ നിന്നെത്തിയ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടു. കശ്മീര്‍ ശാന്തമാണെന്ന് അവര്‍ ഹോട്ടലിലിരുന്ന് റിപ്പോര്‍ട്ട്‌ചെയ്യുകയാണ്.
അതേസമയം, ഫോണും ഇന്റര്‍നെറ്റും വിച്ഛേദിക്കപ്പെട്ടതോടെ കശ്മിരിലെ ബന്ധുക്കളെക്കുറിച്ച് വലിയ ആശങ്കയുണ്ടെന്ന് രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള കശ്മിരികളും പരാതിപ്പെട്ടു. ഹഫിങ്ടണ്‍പോസ്റ്റ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 'ഞാന്‍ വല്ലാത്ത ഭീതിയിലാണ്. എന്റെ കുടുംബത്തെക്കുറിച്ചോര്‍ത്ത് ഭയമുണ്ട്. കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ച് ഒരു വിവരവും ലഭിക്കാതെ വരുമ്പോള്‍ ഭീതിയുണ്ടാവുന്നത് സ്വാഭാവികമാണ്'- ഇപ്പോള്‍ ഡല്‍ഹിയിലുള്ള കശ്മിരി സ്വദേശി മഅ്മൂന്‍ റോഷാന്‍ഗര്‍ പറഞ്ഞു. 26 വര്‍ഷമായി കശ്മിരിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ജീവിച്ച മഅ്മൂന്‍ ആദ്യമായാണ് കര്‍ഫ്യൂ സമയത്ത് വീടുവിട്ട് നില്‍ക്കുന്നത്. ഇതിനേക്കാള്‍ നല്ലത് കശ്മിരില്‍ തന്നെ നില്‍ക്കുന്നതായിരുന്നു. അങ്ങനെയെങ്കില്‍ മാതാപിതാക്കള്‍ സുരക്ഷിതരാണോയെന്നെങ്കിലും അറിയാമായിരുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."