ഉന്നാവോ പീഡനക്കേസിന്റെ വിചാരണ തുടങ്ങി
മാധ്യമങ്ങള്‍ സാക്ഷിമൊഴികള്‍ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്
ന്യൂഡല്‍ഹി: ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് ലൈംഗികമായി പീഡിപ്പിച്ച കേസിന്റെ വിചാരണ ഡല്‍ഹി കോടതിയില്‍ തുടങ്ങി. കേസിന്റെ സാക്ഷിമൊഴികള്‍ പ്രസിദ്ധീകരിക്കരുതെന്ന് വിചാരണയുടെ ആദ്യ ദിവസം തന്നെ കോടതി മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കേസിന്റെ തല്‍സ്ഥിതി വിശദാംശം സംബന്ധിച്ചും ഇരയെ തിരിച്ചറിയുന്ന വിധത്തില്‍ പെണ്‍കുട്ടിയുടെയോ അവരുടെ മാതാപിതാക്കളുടെയോ കുടുംബത്തിന്റെയോ വിവരങ്ങളും ചിത്രങ്ങളും നല്‍കരുതെന്നും ഡല്‍ഹി തീസ് ഹസാരി കോടതി നിര്‍ദേശം നല്‍കി.
ഇന്നലെ കേസ് പരിഗണിക്കവെ എം.എല്‍.എ കുറ്റകൃത്യംചെയ്‌തെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു സി.ബി.ഐ. പെണ്‍കുട്ടിയെ എം.എല്‍.എ അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നത് ശരിതന്നെയാണെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് പ്രതി ഗൂഢാലോചന നടത്തിയെന്ന ആരോപണവും സി.ബി.ഐ ശരിവച്ചു.
പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 17 വയസ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയാണ് എം.എല്‍.എ പീഡിപ്പിച്ചത്. എം.എല്‍.എയുടെ വീട്ടിലേക്ക് പെണ്‍കുട്ടി വരുമ്പോള്‍ അവിടെ സുരക്ഷാ ഗാര്‍ഡുകളോ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല. ഗേറ്റിന്റെ അടുത്തെത്തിയ പെണ്‍കുട്ടിയെ കൂട്ടുപ്രതി ശശി സിങാണ് കുല്‍ദീപ് സിങിന്റെ അടുത്തെത്തിച്ചത്. പിന്നീട് പെണ്‍കുട്ടിയെ എം.എല്‍.എ മുറിയിലേക്കു കൊണ്ടുപോവുകയും അവിടെ വച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നും സി.ബി.ഐ പറഞ്ഞു.
സുപ്രിംകോടതിയുടെ നിര്‍ദേശമനുസരിച്ചാണ് ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് കേസ് മാറ്റിയത്. കേസ് ഡല്‍ഹിയിലേക്ക് മാറ്റിയതിന് പിന്നാലെ പ്രതികളായ കുല്‍ദീപ് സിങ് സെനഗര്‍, കൂട്ടാളി ശശി സിങ് എന്നിവരെ തിഹാര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ജഡ്ജി ധര്‍മേഷ് ശര്‍മയുടെ കീഴിലാണ് കേസിന്റെ ദൈനംദിന വിചാരണനടക്കുന്നത്. 45 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രിംകോടതിയുടെ നിര്‍ദേശമുള്ളത്.
ബന്ധുക്കള്‍ക്കും അഭിഭാഷകനുമൊപ്പം യാത്രചെയ്യുന്നതിനിടെ കഴിഞ്ഞമാസം 28ന് പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേല്‍ക്കുകയും രണ്ടുബന്ധുക്കള്‍ മരിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിനു പിന്നിലും എം.എല്‍.എയാണെന്നാണ് ആരോപണം. അപകടവുമായി ബന്ധപ്പെട്ട് എം.എല്‍.എക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
അതേസമയം, പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് ഡല്‍ഹി എയിംസ് വൃത്തങ്ങള്‍ അറിയിച്ചു. ലഖ്‌നോ ആശുപത്രിയില്‍ നിന്ന് മൂന്നുദിവസം മുന്‍പാണ് പെണ്‍കുട്ടിയെ എയിംസിലേക്കു കൊണ്ടുവന്നത്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അവര്‍ ഇപ്പോള്‍ കഴിയുന്നതെന്നും ഇപ്പോഴും പെണ്‍കുട്ടിഅബോധാവസ്ഥയില്‍ തന്നെയാണെന്നും ആശുപത്രി സൂപ്രണ്ട് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."