ഒറ്റപ്പാലം നഗരത്തിലെ അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കംചെയ്തു തുടങ്ങി
ഒറ്റപ്പാലം: നഗരത്തില്‍ അനധികൃതമായി സ്ഥാപിച്ച പരസ്യ ബോര്‍ഡുകളാണ് നഗരസഭാധികൃതര്‍ നീക്കംചെയ്തു തുടങ്ങിയത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള പരസ്യബോര്‍ഡുകള്‍ മാറ്റണമെന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഒക്ടോബര്‍ ആറിന് പുറത്തിറങ്ങിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. നഗരസഭാ പരിധിയിലെ 130 വലിയ പരസ്യ ബോര്‍ഡുകളാണ് വെള്ളിയാഴ്ച നഗരസഭ റവന്യു വിഭാഗത്തിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തത്.
ഒറ്റപ്പാലത്തെ പ്രധാന റോഡുകളിലെല്ലാം അനധികൃതമായി നിരവധി ചെറിയ ഫ്‌ലക്‌സ് മുതല്‍ വലിയ ഫ്‌ളക്‌സ് ബോര്‍ഡുകളാണ് നിലവിലുള്ളത്. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ പരസ്യങ്ങളിലേക്കുള്ള ശ്രദ്ധ അപകടത്തിലേക്ക് വഴിവയ്ക്കുന്നതാണെന്ന ആക്ഷേപവും ഉണ്ടായിട്ടുണ്ട്.
ബസ് സ്റ്റാന്‍ഡ്, ഓപ്പണ്‍ ഓഡിറ്റോറിയം തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെല്ലാം പരസ്യബോര്‍ഡുകളുടെ അതിപ്രസരമാണ്. ബോര്‍ഡുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ ചെയര്‍മാന്‍ എന്‍.എം നാരായണന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യാപാരികളുള്‍പ്പെടെയുള്ള യോഗ തീരുമാനപ്രകാരമാണ് നഗരത്തിലെ ബോര്‍ഡുകള്‍ വെള്ളിയാഴ്ച മാറ്റിയത്. വ്യാപാരികള്‍ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ സ്വയം മാറ്റാന്‍ നഗരസഭ ഒക്ടോബര്‍10വരേ സമയം നല്‍കിയിരുന്നു.
നഗരസഭ അധികൃതര്‍ പരിശോധന നടത്തി മാറ്റാത്തവര്‍ക്കെതിരെ നടപടിയെടുക്കാനും തീരുമാനിച്ചിരുന്നു.അനധികൃതമായതും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്തതുമായ പരസ്യ ബോര്‍ഡുകള്‍ക്ക് അനുമതി നല്‍കാന്‍ വ്യാപാരികള്‍ക്ക് അപേക്ഷിക്കാമെന്നും യോഗത്തില്‍ തീരുമാനിച്ചിരുന്നു.
റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നടപ്പാതകള്‍ തടസപ്പെടുന്ന രീതിയില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ നാട്ടുകാര്‍ തന്നെ നീക്കം ചെയ്തിരുന്നു. നഗരത്തിലെ മറ്റു പ്രദേശങ്ങളിലെയും, പരസ്യ ബോര്‍ഡുകളും ഉടന്‍ നീക്കം ചെയ്യുമെന്നും നഗരസഭ റവന്യൂ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."