പാര്‍ക്ക്
തുരുമ്പിച്ച കവാടത്തിനു മുന്നിലായി ഉയര്‍ന്നുനില്‍ക്കുന്ന മഹാഗണി മരം. മരത്തോടു ചേര്‍ത്തു നിര്‍മിച്ച അറിയിപ്പു പലകയില്‍ അക്ഷരങ്ങള്‍ ഇപ്പോഴും വ്യക്തമായി കാണാം.
മഹാഗണി മരം പൊഴിച്ചിട്ട ഇലകളില്‍ ചവിട്ടി കവാടത്തിലെ വിടവിലൂടെ അയാള്‍ എന്നും അകത്തേക്കു നുഴഞ്ഞുകയറുന്നു. പടുമുളകള്‍ക്കിടയിലെ സിമന്റു ബെഞ്ചില്‍ ചാരിയിരിക്കുന്നു. പുകവലിക്കുന്നു. ലഹരിദ്രാവകം മോന്തുന്നു.
രണ്ടാം നിലയിലെ കാര്യാലയത്തിലിരുന്ന് പതിനാലു ദിവസമായി ഞാനീ കാഴ്ച കാണുന്നു.
കോടതിയുത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ പാര്‍ക്കായിരുന്നു അത്. വിലക്കിനിയും നീങ്ങിയിട്ടില്ല. ഇപ്പോള്‍ അക്കാര്യം ശ്രദ്ധിക്കേണ്ടത് ഞാനാണ്.
പാര്‍ക്കിലേക്കുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാന്‍ തന്നെ തീരുമാനമെടുത്തു.
'സാര്‍ അയാളിവിടത്തെ പ്രധാന റൗഡിയാണ്... മിണ്ടാതിരിക്കുകയാണ് നല്ലത് '
'സാറിന് മുന്‍പിവിടെ ഇരുന്നവരെല്ലാം അയാളെ ഒഴിവാക്കിവിടുകയായിരുന്നു'
ഓഫിസിലെ കസേരകളെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞു.
ഞാന്‍ ഇവിടേക്കു സ്ഥലം മാറിയെത്തിയിട്ട് പതിനഞ്ചു ദിവസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ഇതിനിടയില്‍ അധികാരത്തിന്റെ മുഷ്‌ക് കാണിക്കാന്‍ എനിക്കിതുവരെ അവസരം കിട്ടിയിട്ടില്ല. അതിനാല്‍ ഞാന്‍ ഇരിപ്പിടങ്ങളുടെ ഭാഷയെ അവഗണിച്ചു.
കസേരയില്‍ നിന്നെഴുന്നേറ്റ് പാര്‍ക്കിലേക്കു നടന്നു.
കരിഞ്ഞ ഇലകള്‍, ഉടഞ്ഞ വള്ളികള്‍, ഓജസ് വറ്റിയ ചില്ലകള്‍... പാര്‍ക്കിലാകെ ശ്മശാനത്തിന്റെ നിര്‍വികാരത. വിണ്ടുകീറിയ സിമന്റു ബെഞ്ചില്‍ സ്വയം മുഴുകിയിരിക്കുന്ന ഉടലില്‍ തന്നെ കണ്ണുകള്‍ ഏതാനും നിമിഷത്തേക്ക് ഉടക്കിനിന്നു.
ചുവന്ന കണ്ണുകള്‍.. തടിച്ച ചുണ്ടുകള്‍.. ഉറച്ച ശരീരം.. അപ്രവചനീയമായ ഭാവങ്ങള്‍.. ഒരാവേശത്തിന് ഇറങ്ങിപ്പുറപ്പെട്ടതാണെങ്കിലും എന്തുകൊണ്ടോ എനിക്കപ്പോള്‍ ഭയം തോന്നി.
ഓഫിസിലെ ജനലിലൂടെ കുറേ കണ്ണുകള്‍ എനിക്കുനേരെ നീണ്ടുവരുന്നുണ്ടായിരുന്നു.
ഒന്നും മിണ്ടാതെ തിരിച്ചു ചെല്ലുന്നത് എന്നെ പരിഹാസ്യനാക്കുകയേ ഉള്ളൂ. ഒടുവില്‍ ധൈര്യം സംഭരിച്ച് ഞാന്‍ അയാളോട് കാര്യം പറഞ്ഞു.
പാറക്കെട്ടുകളെ അനുസ്മരിപ്പിക്കുന്ന ആ ശരീരം പതുക്കെയിളകി. ഒരു തവണ കൂടെ പുക പറത്തി അയാള്‍ സിഗരറ്റ് വലിച്ചെറിഞ്ഞു. വിരലുകള്‍ പരസ്പരം ഉരുമ്മി അവയ്ക്കിടയിലെ ചാരം തെറിപ്പിച്ചു. പിന്നെ കലങ്ങിയ കണ്ണുകളാല്‍ എന്നെയൊന്നാകെ ഉഴിഞ്ഞുനോക്കി.
അധികാരം എന്നത് വെറുമൊരു വാക്കു മാത്രമാണെന്ന് എനിക്കന്നേരം ഒരു തോന്നലുണ്ടായി. കരുത്തേറിയ ആ ശരീരം എന്നില്‍ അത്രയേറെ ഭയം നിറച്ചു.
'ഈ പാര്‍ക്ക് അടച്ചുപൂട്ടീട്ട് പത്തു കൊല്ലമങ്ങു കഴിഞ്ഞു സാറെ' പരുക്കന്‍ സ്വരമായിരുന്നു അത്. കുറ്റിച്ചെടികളുടെ ഉണങ്ങിയ ശിരസില്‍ അന്നേരം കാറ്റിന്റെ വിറയലുണ്ടായി.
'ഇതടച്ചു പൂട്ടിയേന്റെ പിറ്റേ ദിവസം തൊട്ട് ഞാനിവിടെ കയറിയിരിക്കുന്നുണ്ട്... എന്നെയിതു വരേം ആരും തടഞ്ഞിട്ടില്ല... സാറിനെപ്പോലെ എത്രയോ ഉദ്യോഗസ്ഥന്‍മാര് ഈടെ വന്ന് പോയി'
അയാളുടെ സ്വരം പിന്നെയും കടുത്തുവരികയാണ്... ആന്തരാവയവങ്ങളിലൂടെ ഒരു മിന്നല്‍ പായുന്നതായി എനിക്കനുഭവപ്പെട്ടു. ലക്കും ലഗാനുമില്ലാത്ത മനുഷ്യനാണ്. വികാരാവേശത്തിന് വല്ലതും ചെയ്തുപോയാല്‍ പിന്നെ കൂടെ ആരെയെങ്കിലും വിളിക്കാമായിരുന്നുവെന്നു വെറുതെ ഓര്‍ത്തു.
'ആദ്യമായിട്ടാ എന്നോടിങ്ങനെ ഒര്ത്തന്‍ കല്‍പിക്കണത്..'
അയാളുടെ മുഖം വലിഞ്ഞു മുറുകി. ചെവിയ്ക്കു മുകളിലെ രോമങ്ങള്‍ ഉയര്‍ന്നുവരുന്നത് ഞാന്‍ ഭീതിയോടെ നോക്കിനിന്നു. ശരീരം മുഴുവന്‍ അതിന്റെ പ്രകമ്പനങ്ങള്‍ പടര്‍ന്നു.
ഓഫിസുകെട്ടിടത്തിലെ ജനലിലൂടെ ആകാംക്ഷയോടെ കണ്ണുകള്‍ കാത്തിരിക്കുന്നുണ്ട്. ഈ മനുഷ്യന്‍ ഇനിയെന്തെങ്കിലും പറഞ്ഞാല്‍ അത് ആരോഗ്യത്തിന് അത്ര ഗുണം ചെയ്യുന്നതായിരിക്കില്ലെന്ന് എനിക്കു തോന്നി. ഓഫിസിലുള്ളവരെല്ലാം അതു കേള്‍ക്കുകയും ചെയ്യും. എടുത്തുചാട്ടത്തെക്കുറിച്ചോര്‍ത്ത് എനിക്കു വീണ്ടും വീണ്ടും ഖേദമുണ്ടായി.
'അതോണ്ട് നാളെ മൊതല് ഞാനിവിടേക്ക് കടക്കില്ല സാറെ... ആദ്യമായിട്ടൊരാള് ഇങ്ങനെ പറയുമ്പോ അത് കേക്കാണ്ടിരിക്കാന്‍ പറ്റ്വോ..'
പരുക്കന്‍ ശരീരത്തില്‍നിന്നു പുറപ്പെട്ട ഒച്ച പൊടുന്നനെ ഒരു കുഞ്ഞിന്റേതു മാത്രമായി പരിണമിച്ചു. ലഹരിയുടെ മന്ത്രവാദമെന്ന് ഒരുവേള ഞാന്‍ ചിന്തിക്കുകയും ചെയ്തു.
'ഇല്ല സാര്‍... ഇനിമുതല്‍ ഇവിടേക്ക് വരികേയില്ല സാര്‍. ഇത്രേം സാറമ്മാരിവിടെ വന്ന്ട്ടും ഒരാള് മാത്രല്ലേ എന്നോടിങ്ങനെ പറഞ്ഞുള്ളൂ...'
ഉരുക്കുപോലുള്ള ശരീരത്തില്‍നിന്നു നിലവിളികള്‍ പെയ്യുന്നതുകേട്ടു പടുമുളകളില്‍ കാറ്റ് അമര്‍ത്തിച്ചവിട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."