ഇരുതലമൂരിയുമായി നാലുപേര്‍ പിടിയില്‍
മലപ്പുറം: വില്പനയ്ക്കായി കൊണ്ടുവന്ന ഇരുതലമൂരി പാമ്പുമായി നാലുപേരെ തൃശൂര്‍ പുതുക്കാട് പിടികൂടി. മലപ്പുറം സ്വദേശികളായ പെരിയമ്പലം തോണികടവത്തത് വീട്ടില്‍ ജെസീര്‍ (34), പെരിന്തല്‍മണ്ണ കക്കരന് വീട്ടില്‍ അബ്ദുള്ള (46), കോട്ടയ്ക്കല്‍ മല്ലപ്പിള്ളി വീട്ടില്‍ ഷംസുദ്ദീന് (49), കുന്നപ്പിള്ളി പൂവക്കാടന്‍ വീട്ടില്‍ അലി (58) എന്നിവരെയാണ് പിടികൂടിയത്. ചാലക്കുടി ഭാഗത്തുനിന്നും തൃശൂരിലേക്ക് കെ.എസ്.ആര്.ടി.സി ബസില്‍ വരികയായിരുന്ന ഇവരെ ദേശീയപാത മണലിയില്വച്ചാണ് പിടികൂടിയത്.
കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ നിന്നും പത്തുലക്ഷം കൊടുത്ത് ജെസീര്‍ ആണ് പാമ്പിനെ വാങ്ങി തൃശൂരില്‍ എത്തിയത്. തുടര്‍ന്ന് മറ്റ് മൂന്ന് പേരും കൂടി വില്പനയ്ക്കായി ശ്രമിക്കവെയാണ് പൊലിസ് പിടികൂടിയത്. 147 സെന്റീമീറ്റര്‍ നീളവും മൂന്ന് കിലോയോളം തൂക്കവും പാമ്പിന് ഉണ്ടെന്ന് വനപാലകര്‍ പറഞ്ഞു. തിന ധാന്യം നിറച്ച ബാഗിലാണ് പാമ്പിനെ സൂക്ഷിച്ചിരുന്നത്.
ഇവരുടെ ബാഗില്‍ നിന്നും 18ാം നൂറ്റാണ്ടിലെ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ചെമ്പോല ആധാരവും കണ്ടെടുത്തിരുന്നു. ഇത് ഇവര്‍ വില്‍പ്പനയ്ക്കായി കൃത്രിമമായി നിര്‍മിച്ചതാണെന്ന് അധികൃതര്‍ പറഞ്ഞു. പ്രതികളെയും പാമ്പിനെയും തുടരന്വേഷണത്തിനായി പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ക്ക് കൈമാറി. കഴിഞ്ഞ ജൂണ്‍ മാസത്തിലും ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ നിന്നും കായംകുളത്തേയ്ക്ക് കടത്തുകയായിരുന്ന ഇരുതലമൂരിയുമായി മൂന്നുപേരെ പാലിയേക്കരയില്‍ നിന്നും വനപാലകര്‍ പിടികൂടിയിരുന്നു. പുതുക്കാട് പൊലിസ് എസ്.എച്ച്.ഒ എസ്.പി സുധീരന്, എ.എസ്.ഐ ജോഫി, സി.പി.ഒമാരായ രാജേഷ്, സുമേഷ്, എച്ച്.സി ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."