പാഠപുസ്തകം കെട്ടിക്കിടക്കുന്നത് സര്‍ക്കാരിന്റെ കുഴപ്പംകൊണ്ടല്ല: മന്ത്രി
കൊച്ചി: കെ.ബി.പി.എസില്‍ പാഠപുസ്തകം കെട്ടിക്കിടക്കുന്നത് സര്‍ക്കാരിന്റെ കുഴപ്പംകൊണ്ടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. അതിന്റെ ഉത്തരവാദിത്വം കെ.ബി.പി.എസിനാണ്.
സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ നേട്ടങ്ങള്‍ വിശദീകരിക്കുന്നതിനായി എറണാകുളം പ്രസ്‌ക്ലബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ബാലാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പുസ്തകം മൂന്നു വാല്യത്തിലായി അച്ചടിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്.
എന്നാല്‍, കെ.ബി.പി.എസ് രണ്ടു വാല്യത്തിലായി നേരത്തേതന്നെ പുസ്തം അച്ചടിച്ചു. പാഠപുസ്തകങ്ങള്‍ മുന്നു വാല്യങ്ങളിലായാണ് അച്ചടിക്കുന്നതെന്ന് ഒരുവര്‍ഷം മുന്‍പുതന്നെ സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചിട്ടുള്ളതാണ്.
കെ.ബി.പി.എസിന് സര്‍ക്കാര്‍ ഇന്റന്റ് നല്‍കിയത് മൂന്നു വാല്യങ്ങളിലായി പുസ്തകം അച്ചടിക്കാനാണ്. അതുപ്രകാരം അവര്‍ പുസ്തകം അച്ചടിച്ചുനല്‍കുകയും ചെയ്തു. നേരത്തെ കെ.ബി.പി.എസ് പുസ്തകം അച്ചടിച്ചുവച്ചിട്ടുണ്ടോയെന്ന് സര്‍ക്കാരിന് അറിയേണ്ട കാര്യമില്ല. ഡയരക്ടറുടെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കെ.ബി.പി.എസിന് കത്ത് നല്‍കിയിട്ടില്ല. കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ ഉപയോഗിക്കുന്ന കാര്യം ആലോചിക്കും.
എസ്.സി.ഇ.ആര്‍.ടി ഡയരക്ടറുടെ പേരുമാറിയതിന്റെ പേരിലല്ല പാഠപുസ്തകങ്ങള്‍ കെട്ടിക്കിടക്കുന്നത്. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റെ കത്തൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."