മതേതര കൂട്ടായ്മ തുടരണം
ജനങ്ങള്‍ക്ക് അവരുടെ ആചാരാനുഷ്ഠാനങ്ങളും മതപരമായ ചടങ്ങുകളും നിര്‍വഹിക്കുന്നതിനു പ്രയാസമില്ലെന്നിരിക്കെ കേന്ദ്രസര്‍ക്കാര്‍ ഏകസിവില്‍കോഡ് നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കാന്‍ ബദ്ധപ്പെടുന്നതിന്റെ പിന്നിലെ രാഷ്ട്രീയം തിരിച്ചറിയപ്പെടണമെന്ന സന്ദേശമാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന വിവിധ മതരാഷ്ട്രീയ സാമൂഹ്യ സംഘടനാ നേതാക്കളുടെ കോ-ഓഡിനേഷന്‍ കമ്മിറ്റി യോഗം നല്‍കിയിരിക്കുന്നത്. ഈ നീക്കം ഭൂരിപക്ഷ ന്യൂനപക്ഷവ്യത്യാസമില്ലാതെ വിവിധ ജാതിമതസ്ഥരും ഇത്തരമൊരു കൂട്ടായ്മയില്‍ പങ്കാളികളായി എന്നതില്‍നിന്ന് തന്നെ ഭൂരിപക്ഷം ജനങ്ങളും നിലനിന്നുപോരുന്ന സിവില്‍ നിയമത്തില്‍ സംതൃപ്തരാണെന്നാണ് തെളിയിക്കുന്നത്.
രാജ്യത്തെ മതേതര വിശ്വാസത്തെ അപകടപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ഈ നിയമം ബഹുസ്വരതയിലെ സൗന്ദര്യവും വൈവിധ്യത്തിലെ ഏകത്വവും നഷ്ടപ്പെടുത്തുവാന്‍ മാത്രമേ ഉപകരിക്കൂ. ഹിന്ദു- മുസ്‌ലിം- ക്രിസ്ത്യന്‍ നേതാക്കളും സാഹിത്യ സാംസ്‌കാരിക നേതാക്കളും ഒറ്റക്കെട്ടായി ഇത്തരമൊരു കാഴ്ചപ്പാടില്‍നിന്ന് പ്രതികരിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ അജന്‍ഡ പരാജയപ്പെടുക തന്നെ ചെയ്യും. ഒരു സമുദായത്തിന്റെ മുഴുവന്‍ അംഗീകാരമില്ലാതെ അവരുടെ സിവില്‍ നിയമത്തില്‍ മാറ്റം വരുത്താനാവില്ല.
അനുദിനമെന്നോണം തീവ്രവാദ ഭീഷണി വര്‍ധിച്ചുകൊണ്ടിരിക്കുകയും മതപരമായ ചേരിതിരിവുകള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരവസ്ഥയില്‍ ഏക സിവില്‍കോഡ് വാദം രാജ്യത്തിന്റെ അഖണ്ഡതക്കായിരിക്കും ആത്യന്തികമായി ക്ഷതമേല്‍പിക്കുക. അത്തരം പ്രവര്‍ത്തനങ്ങളെ മുളയില്‍ തന്നെ നുള്ളിനശിപ്പിക്കുക എന്നതാണ് ഏതൊരു സര്‍ക്കാരിന്റെയും കടമ. പകരം ചെറിയ ഒരു ന്യൂനപക്ഷത്തിന്റെ സിവില്‍ നിയമം രാജ്യത്തെ മൊത്തം ജനങ്ങള്‍ക്കും ബാധകമാക്കണമെന്ന് രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും ആവശ്യപ്പെടുമ്പോള്‍ രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെയായിരിക്കും അപകടപ്പെടുക.
രാഷ്ട്രം ഇന്ന് നേരിടുന്ന ഗുരുതരമായ പ്രതിസന്ധി ഏക സിവില്‍കോഡല്ല. ദാരിദ്ര്യംകൊണ്ടും പട്ടിണികൊണ്ടും രോഗംകൊണ്ടും എണ്ണമറ്റ മനുഷ്യരാണ് മരിച്ചുവീഴുന്നത്. ഉത്തരേന്ത്യയില്‍ പടരുന്ന ദലിത്- ന്യൂനപക്ഷ വിരുദ്ധവികാരം. അവര്‍ക്കെതിരേയുള്ള ആക്രമണങ്ങളായി പരുവപ്പെടാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. കേന്ദ്ര സര്‍ക്കാര്‍ ആ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കേണ്ടതിന് പകരം രാജ്യത്തെ അലട്ടുന്ന മുഖ്യവിഷയം ഏകസിവില്‍കോഡ് ഇല്ലാത്തതാണെന്ന മട്ടില്‍ പ്രചാരണം നടത്തുന്നത് ഒട്ടും ഭൂഷണമല്ല. ഇപ്പോഴത്തെ സിവില്‍ നിയമ വ്യവസ്ഥയില്‍ രാജ്യത്തെ ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും പരാതിയില്ലെന്നിരിക്കെ ഏക സിവില്‍കോഡ് എന്ന ഉമ്മാക്കി കാണിച്ചു ന്യൂനപക്ഷ സമുദായത്തെ പേടിപ്പിക്കുവാനും ഭൂരിപക്ഷ സമുദായത്തെ വോട്ട് ബാങ്ക് ആക്കിനിലനിര്‍ത്താനുമാണ് ഫാസിസ്റ്റ് ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത്തരം ശ്രമങ്ങള്‍ക്കു അര്‍ഥഗര്‍ഭമായ മറുപടിയായി കോഴിക്കോട്ടെ മതേതര കൂട്ടായ്മ.
ഒറ്റക്കെട്ടായിനിന്ന് ഏക സിവില്‍കോഡിനെതിരേ തീര്‍ത്ത പ്രതിഷേധ സംഗമം ശുഭ സൂചനയുമാണ്. ഭാരതീയ സംസ്‌കാരം ഏകസിവില്‍കോഡ് നടപ്പിലാക്കാത്തതുകൊണ്ട് നഷ്ടപ്പെട്ടതായി ആരും പരിഭവപ്പെടുന്നില്ല എന്നിരിക്കെ അത് നിലനില്‍ക്കാന്‍ ഏക സിവില്‍കോഡിന്റെ ആവശ്യവും ഇല്ല. ജാതിയുടെ പേരില്‍ ദലിത്- പിന്നോക്കക്കാര്‍ക്കെതിരേ ഉത്തരേന്ത്യയില്‍ നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്ന അക്രമവും വേര്‍തിരിവും ഏക സിവില്‍കോഡ് നടപ്പാക്കുന്നതോടെ ഇല്ലാതാകുമെന്ന് സവര്‍ണാധിപത്യമുള്ള ആര്‍.എസ്.എസിനും ബി.ജെ.പിക്കും ഉറപ്പ് നല്‍കാനാകുമോ?ചത്ത പശുവിന്റെ തൊലിയുരിച്ച് എന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെയും പശുവിറച്ചി തിന്നുവെന്നാരോപിച്ച് രാജസ്ഥാനില്‍ മുസ്‌ലിം സ്ത്രീകളെയും ആക്രമിക്കുന്നതിനെതിരേയുള്ള പ്രതിഷേധങ്ങളില്‍ രാജ്യം ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഏക സിവില്‍കോഡ് ഇത്തരം ജാതി ഭ്രാന്തുകള്‍ക്ക് എന്ത് പരിഹാരമാണ് നിര്‍ദേശിക്കുന്നതെന്ന് കൂടി ഇതിന്റെ ഉപജ്ഞാതാക്കള്‍ വ്യക്തമാക്കേണ്ടിയിരിക്കുന്നു.
രാജ്യത്തെ സാമുദായികമായും സാമൂഹികമായും വിഭജിക്കുക എന്നതായിരിക്കും ഏകസിവില്‍കോഡ് നിയമം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്നതിലൂടെ സംഭവിക്കുക. വിവിധ മതങ്ങളും ജാതി സമൂഹങ്ങളും ഇടകലര്‍ന്ന് ഐക്യത്തോടെ ജീവിച്ചുപോരുന്ന, നാനാത്വത്തിന്റെ ഹൃദ്യമായ ഭംഗി ആസ്വദിച്ചുപോരുമ്പോള്‍ അത്തരമൊരു ബഹുസ്വര സമൂഹത്തില്‍ ഏകസിവില്‍കോഡ് അടിച്ചേല്‍പ്പിക്കാമെന്ന് ബി.ജെ.പിയും ആര്‍.എസ്.എസും കരുതുന്നുവെങ്കില്‍ അതൊരിക്കലും നടക്കുവാന്‍ പോകുന്നില്ല. ഈ യാഥാര്‍ഥ്യം മറ്റാരേക്കാളും സവര്‍ണര്‍ നേതൃത്വം നല്‍കുന്ന ആര്‍.എസ്.എസിനു തന്നെ അറിയാം. ഏക സിവില്‍കോഡിന്റെ മറവില്‍ ചാതുര്‍വര്‍ണ്യം കൊണ്ടുവരാനുള്ള ഗൂഢശ്രമമാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍. ചെറിയൊരു ന്യൂനപക്ഷമായ സവര്‍ണ വിഭാഗങ്ങള്‍ക്ക് രാജ്യത്തെ ഭൂരിപക്ഷം വരുന്ന പിന്നോക്കക്കാരെ എക്കാലവും അടച്ച് ഭരിക്കാമെന്നും അവര്‍ കണക്ക് കൂട്ടുന്നു.
ഏകസിവില്‍കോഡ് പുറമെ കാണിച്ച് അകമേ ചാതുര്‍വര്‍ണ്യം നടപ്പിലാക്കാനുള്ള കുരുട്ടുബുദ്ധിയാണ് ഏകശിലാ നിയമത്തിന് വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. സ്റ്റേറ്റ് പോളിസിയിലെ നിര്‍ദേശക തത്വങ്ങള്‍ക്ക് അനുസൃതമായാണ് ഭരണഘടനയിലെ 44 ാം വകുപ്പിലെ നിര്‍ദേശക തത്വങ്ങളില്‍ ഏക സിവില്‍കോഡ് ഭരണഘടനാ ശില്‍പികള്‍ ഉള്‍പ്പെടുത്തിയത്. വിവിധ ജാതി മതസ്ഥരും വര്‍ഗങ്ങളും ജീവിച്ചുപോരുന്ന ഇന്ത്യയില്‍ ഏകസിവില്‍കോഡ് നടപ്പിലാക്കുവാന്‍ കഴിയില്ല എന്ന് മുന്‍കൂട്ടി കണ്ടതിനാലായിരുന്നു ഇങ്ങനെ ചേര്‍ക്കപ്പെട്ടത്.
സ്വാതന്ത്ര്യം ലഭിച്ച് അറുപത്തിയൊന്‍പത് വര്‍ഷം കഴിഞ്ഞിട്ടും ഏക സിവില്‍കോഡ് ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്തെ ജനങ്ങള്‍ പ്രത്യേക ബുദ്ധിമുട്ടുകളോ, പ്രയാസങ്ങളോ അനുഭവിച്ചിട്ടില്ല. പിന്നെ കേന്ദ്ര സര്‍ക്കാര്‍ ഇതിന് നിര്‍ബന്ധം പിടിക്കുന്നത് അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടാണ്. ജൂണ്‍ 14 ന് അലഹബാദില്‍ ചേര്‍ന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യു.പി തെരഞ്ഞെടുപ്പിനെ നേരിടേണ്ടത് ഹിന്ദുത്വ അജന്‍ഡ ഉയര്‍ത്തിപിടിച്ചുവേണമെന്ന് തീരുമാനമെടുത്തതാണ്. അതിന്റെ ഭാഗമായി ദാദ്രി വീണ്ടും കുത്തിപ്പൊക്കി യു.പിയിലെ കൈനാരി ഗ്രാമത്തില്‍നിന്ന് മുസ്‌ലിം ഭീഷണിയെ തുടര്‍ന്ന് ഹിന്ദുക്കള്‍ ഒഴിഞ്ഞുപോകുന്നുവെന്ന് പ്രചരിപ്പിച്ചു.
ഒന്നും ഏശാതെ വന്നപ്പോഴാണ് ഏകസിവില്‍കോഡ് വീണ്ടും പൊടി തട്ടിയെടുത്തത്. പക്ഷേ ഉത്തരേന്ത്യയെ തന്നെ കീഴ്‌മേല്‍ മറിച്ചുകൊണ്ടിരിക്കുന്ന ദലിത് പ്രക്ഷോഭം നാള്‍ക്കുനാള്‍ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുമ്പോള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാട് തന്നെയാണ് ഇല്ലാതാകുന്നത്. ഈ തിരിച്ചറിവിനെ തുടര്‍ന്നായിരിക്കണം ഏകസിവില്‍കോഡ് നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ധൃതിയില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഏതാനും ദിവസം മുന്‍പ് പറഞ്ഞത്. കോഴിക്കോട്ട് സംഘടിപ്പിച്ച മതേതര കൂട്ടായ്മ രാജ്യത്തിന് മൊത്തം മാതൃകയാകേണ്ടതുണ്ട്. ഈ കൂട്ടായ്മ അഭംഗുരം തുടരേണ്ടതുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."