സംസ്ഥാനത്ത് റെയില്‍, റോഡ്, വ്യോമ ഗതാഗതം താറുമാറായി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കനത്ത മഴയും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കാരണം സംസ്ഥാനത്ത് റെയില്‍, റോഡ്, വ്യോമ ഗതാഗതം താറുമാറായി. ട്രാക്കുകളില്‍ വെള്ളം കയറുകയും മണ്ണിടിയുകയും മരംവീഴുകയും ചെയ്തതിനാല്‍ നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ചിലത് വഴിതിരിച്ചുവിട്ടു. കൊച്ചി വിമാനത്താവളം അടച്ചിട്ടതോടെ വ്യോമ ഗതാഗതവും താറുമാറായി. ട്രെയിന്‍, വ്യോമ ഗതാഗതം തകരാറിലായ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വിസുകള്‍ നടത്തി. എന്നാല്‍, വെള്ളപ്പൊക്ക മേഖലകളിലേക്കുള്ള സര്‍വിസുകള്‍ കെ.എസ്.ആര്‍.ടി.സിക്കും നിര്‍ത്തേണ്ടിവന്നു.
പല സ്ഥലങ്ങളിലായി കുടുങ്ങിപ്പോയ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി വിവിധ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയത്. വിമാനങ്ങളില്‍ എത്തുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി. എല്ലാ വിമാനയാത്രക്കാരെയും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനുകള്‍ റദ്ദാക്കിയതിനാല്‍ റെയില്‍വേ യാത്രക്കാരെ സഹായിക്കുന്നതിനായി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും ഹെല്‍പ് ഡെസ്‌ക് തുറന്നു. ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം നിലച്ചതിനാല്‍ ആ റൂട്ടിലും സ്‌പെഷല്‍ സര്‍വിസ് ആരംഭിച്ചിട്ടുണ്ട്.
റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറുകയും മണ്ണിടിയുകയും മരംവീഴുകയും ചെയ്ത് തീവണ്ടി ഗതാഗതം തടസപ്പെട്ടതോടെയാണ് ട്രെയിന്‍ സര്‍വിസുകള്‍ ദക്ഷിണ റയില്‍വേ കൂട്ടത്തോടെ റദ്ദാക്കിയത്. പ്രതിദിന, പ്രതിവാര, ത്രൈവാര എക്‌സ്പ്രസ് ട്രെയിനുകളും റദ്ദാക്കിയവയില്‍പ്പെടുന്നു. 9,10 തിയതികളിലെ സര്‍വിസുകള്‍ റദ്ദ് ചെയ്തതായാണ് ഇന്നലെ അറിയിച്ചത്. ട്രാക്കിലേക്ക് മരംവീണ് തുടര്‍ച്ചയായി തടസങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയില്‍ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതവും താല്‍കാലികമായി നിര്‍ത്തിവച്ചു. ദീര്‍ഘദൂര ട്രെയിനുകള്‍ ഇനി അറിയിപ്പുണ്ടാകുന്നതുവരെ കോട്ടയം വഴിയായിരിക്കും സര്‍വിസ് നടത്തുക. ചില ട്രെയിനുകള്‍ റദ്ദാക്കും. പാസഞ്ചര്‍ ട്രെയിനുകള്‍ ചിലത് ഇതിനോടകം തന്നെ റദ്ദാക്കിയിട്ടുണ്ട്. കായംകുളം-എറണാകുളം റൂട്ടില്‍ താല്‍കാലികമായി കോട്ടയം വഴി മാത്രമായിരിക്കും ട്രെയിനുകള്‍ ഓടുക.
കോഴിക്കോട്- പാലക്കാട്- എറണാകുളം പാതകളിലും പാലക്കാട്-ഒറ്റപ്പാലം, ഷൊര്‍ണൂര്‍-കുറ്റിപ്പുറം, ഫറൂഖ്- കല്ലായി എന്ന പാതകളിലൂടെയുമുള്ള ട്രെയിന്‍ ഗതാഗതം ഇന്നലെ ഉച്ചയ്ക്ക് 12.45 മുതല്‍ നിര്‍ത്തിവച്ചു. പാതയിലൂടെയുള്ള ഗതാഗതം സുരക്ഷിതമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം ഇന്ന് രാവിലെ വരെ നിര്‍ത്തിവച്ചു. കായംകുളം എറണാകുളം റൂട്ടില്‍ പലയിടത്തും മരങ്ങള്‍ വീണതിനാല്‍ രണ്ടുദിവസങ്ങളായി ഈ വഴിയുള്ള ട്രെയിനുകളെല്ലാം വൈകിയാണ് ഓടിക്കൊണ്ടിരുന്നത്. ആലപ്പുഴ പാതയിലെ ട്രെയിനുകല്‍ അതുവരെ കോട്ടയം വഴി തിരിച്ചുവിടും. ചാലിയാറില്‍ ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നതിനാല്‍ കോഴിക്കോടിനും ഷൊര്‍ണ്ണൂരിനും ഇടയില്‍ റെയില്‍ ഗതാഗതം നിര്‍ത്തിവച്ചെന്ന് റെയില്‍വേ അറിയിച്ചു. കല്ലായിക്കും ഫറോക്കിനും ഇടയില്‍ ട്രാക്ക് സസ്‌പെന്‍ഡ് ചെയ്തു. ഷൊര്‍ണൂരിനും കുറ്റിപ്പുറത്തിനും ഇടയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടര്‍ന്ന് അവിടെയും ട്രാക്ക് സസ്‌പെന്‍ഡ് ചെയ്തു.
പാലക്കാട്- ഷൊര്‍ണൂര്‍ റൂട്ടില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായത് ആശങ്ക സൃഷ്ടിച്ചു. ഒറ്റപ്പാലത്തിനും പറളിക്കും ഇടയില്‍ ട്രാക്കില്‍ വെള്ളം കയറി. പാലക്കാട്- ഒറ്റപ്പാലം, ഷൊര്‍ണൂര്‍- കുറ്റിപ്പുറം, ഫറൂഖ്- കല്ലായി എന്നീ പാതകളിലൂടെയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തി വച്ചിരിക്കുകയാണെന്ന് റെയില്‍വേ അറിയിച്ചു. പാലക്കാട്- എറണാകുളം, പാലക്കാട്- ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍- കോഴിക്കോട് റൂട്ടുകളില്‍ നിലവില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കാരക്കാട് സ്റ്റേഷന്‍ പരിധിയില്‍ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."