നീതിപീഠത്തിലിരുന്ന് വിവരക്കേട് പറയാമോ
ജനാധിപത്യസംവിധാനത്തില്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഭരണഘടനാസ്ഥാപനം കോടതിയാണ്. ഭരണകൂടത്തിന്റെയും അതിന്റെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥവൃന്ദത്തിന്റെയും ഭാഗത്തുനിന്ന് എന്തെല്ലാം ജനവിരുദ്ധ നടപടികളുണ്ടായാലും ഒടുവിലത്തെ അത്താണിയായി നീതിപീഠമുണ്ടാകുമെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ട്. ഭരണാധികാരികള്‍ സ്വജനപക്ഷപാതികളും അഴിമതിക്കാരും ധൂര്‍ത്തന്മാരുമൊക്കെയാവുകയും പൊലിസിന്റെയും മറ്റും ഭാഗത്തുനിന്നു വ്യാജഏറ്റുമുട്ടല്‍കൊല പോലുള്ള മനുഷ്യാവകാശധ്വംസനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോഴും പൊതുജനം വിശ്വസിക്കുന്നത് രക്ഷയ്ക്കായി നീതിപീഠമുണ്ടല്ലോ എന്നായിരിക്കും.
രാജ്യത്തിന്റെ ഇന്നത്തെ ഭീതിതമായ പശ്ചാത്തലത്തില്‍, ജനാധിപത്യ, മനുഷ്യാവകാശസംരക്ഷണത്തില്‍ കോടതിക്കുള്ള സ്ഥാനവും പങ്കും വളരെ വലുതാണ്. വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച മാംസം ഏതു മൃഗത്തിന്റേതാണെന്ന് ഉറപ്പുവരുത്തുക പോലും ചെയ്യാതെ വീട്ടുകാരനെ മര്‍ദിച്ചു കൊല്ലുകയും പശുവിനെ വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്ന യുവാവിനെ നടുറോട്ടിലിട്ടു തല്ലിക്കൊല്ലുകയും ചെയ്യുംവരെ മതാന്ധര്‍ കലിതുള്ളി നടക്കുകയാണ്. അധികാരം പിടിച്ചെടുക്കാനും നിലനിര്‍ത്താനും വേണ്ടി ഫാസിസ്റ്റ് ശക്തികള്‍ എത്ര നികൃഷ്ടമായ ആയുധവും പുറത്തെടുക്കുമെന്ന് ആവര്‍ത്തിച്ചു തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
ഭരണക്കസേരയിലിരിക്കുന്നവര്‍ ഇത്തരം അക്രമസംഭവങ്ങള്‍ക്കു മൗനസമ്മതം നല്‍കുന്നു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളും ജനപ്രതിനിധികളും സാമുദായികവിദ്വേഷത്തിന്റെ വിഷം ചീറ്റിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ അജന്‍ഡ നടപ്പാക്കുന്നതിനു വേണ്ടി വിചിത്രമായ നിയമങ്ങള്‍ കൊണ്ടുവരുന്നു.
അതു നടപ്പാക്കണമെന്നു ശഠിക്കുന്നു. അതിനെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളെന്നു മുദ്രകുത്തുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കശാപ്പിനു ചന്തയില്‍ കാലിവില്‍പ്പന തടയുകയും അതില്‍ പ്രതിഷേധിച്ചവരെയെല്ലാം ദേശവിരുദ്ധരാക്കി ചിത്രീകരിക്കുകയും ചെയ്ത സംഭവം.
അധികാരത്തിലിരിക്കുന്നവര്‍ക്കു വ്യക്തിപരമോ സാമുദായികമോ രാഷ്ട്രീയമോ ആയ താല്‍പര്യങ്ങളും വിരോധവും ഉണ്ടാകാന്‍ പാടില്ലെന്നാണു വ്യവസ്ഥ. ആ തരത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയാണ് അവര്‍ അധികാരത്തിലേറുന്നത്. എന്നാല്‍, സംഭവിക്കുന്നതു മറിച്ചാണ്. അതുതന്നെയാണ് ജനാധിപത്യത്തിന്റെ, പ്രത്യേകിച്ച് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ, ഗതികേട്. ഇവിടെയും ജനാധിപത്യവും മതേതരത്വവും തകരാതിരിക്കുന്നതു നീതിപീഠത്തിലുള്ള വിശ്വാസം മൂലമാണ്.
ജുഡീഷ്യറിയുടെ പ്രതീകമായ നീതിദേവതയുടെ പ്രത്യേകത കണ്ണുകെട്ടിയ നിലയിലാണെന്നതാണ്. വലതുകൈയിലൊരു തുലാസും ഇടതുകൈയിലൊരു വാളുമുണ്ട്. എന്താണ് ഇതിനര്‍ഥം. നീതിയുടെ തുലാസ് ഒരു പക്ഷത്തേയ്ക്കും ചായ്‌വു കാണിക്കുന്നതല്ല. നീതി ഏതു പക്ഷത്താണോ അവിടേയ്ക്കു മാത്രമായിരിക്കും അന്ത്യനിമിഷത്തില്‍ തുലാസിന്റെ തട്ടുതാഴുക. മുന്നിലുള്ള വ്യക്തികളുടെ മുഖംനോക്കി വിധികല്‍പിക്കാന്‍ നീതിദേവതയ്ക്ക് ആവില്ല. തികച്ചും നിഷ്പക്ഷമായിരിക്കും വിധി തീര്‍പ്പ്. നീതിദേവതയുടെ പ്രതിപുരുഷനായ ന്യായാധിപനില്‍നിന്നു തീര്‍ച്ചയായും ഉണ്ടാകേണ്ടത് ഇതുതന്നെയാണ്.
ഈ പശ്ചാത്തലത്തില്‍ വേണം കഴിഞ്ഞദിവസം രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്ര ശര്‍മ നടത്തിയ ഉത്തരവിലെ ചില പരാമര്‍ശങ്ങളെ വിലയിരുത്തേണ്ടത്. ജയ്പൂരിലെ ഹിന്‍ഗോനിയ ഗോശാലയുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ജഡ്ജി നല്‍കിയ നിര്‍ദേശങ്ങളെക്കുറിച്ചൊന്നുമല്ല ഇവിടെ പറയുന്നത്. ഗോശാലയുടെ പച്ചപ്പു നിലനിര്‍ത്താന്‍ വര്‍ഷംതോറും 5000 വൃക്ഷത്തൈകള്‍ വനംവകുപ്പു നട്ടുപിടിപ്പിക്കണമെന്നും പശുപരിപാലനവുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കണമെന്നും ഗോശാലയുടെ നടത്തിപ്പിനായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്നുമൊക്കെയുള്ള ഉത്തരവുകള്‍ സ്വാഭാവികം.
പശുവിനെ ദേശീയമൃഗമാക്കണമെന്നു കേന്ദ്രത്തോടു നിര്‍ദേശിച്ചതിനെയും കുറ്റപ്പെടുത്തുന്നില്ല.
കോടതിക്കായാലും വ്യക്തികള്‍ക്കായാലും അത്തരം നിര്‍ദേശങ്ങള്‍ ഉന്നയിക്കാം. എന്നാല്‍, പശുവിനെ ദേശീയമൃഗമാക്കാന്‍ കോടതി കണ്ടെത്തിയ ന്യായവും അത്തരമൊരു ഉത്തരവിലേയ്ക്ക് നയിച്ച ചേതോവികാരവുമാണു ജനാധിപത്യ,മതേതരവിശ്വാസികളെക്കൊണ്ടു മൂക്കത്തു വിരല്‍വയ്പ്പിച്ചു പോകുന്നത്.
ജഡ്ജി പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തന്നെ ഇവിടെ ഉദ്ധരിക്കാം: 'മയിലും പശുവും ധാര്‍മികജീവിതം നയിക്കുന്ന ജീവികളാണ്. ആണ്‍മയില്‍ ബ്രഹ്മചാരിയാണ്. അതു പെണ്‍മയിലുമായി ഇണചേരില്ല. ആണ്‍മയിലിന്റെ കണ്ണീര്‍ത്തുള്ളികള്‍ വിഴുങ്ങിയാണു പെണ്‍മയിലുകള്‍ ഗര്‍ഭം ധരിക്കുന്നത്.'
ഇത്തരമൊരു വിവരക്കേട് നീതിപീഠത്തിലിരിക്കുന്ന വ്യക്തിയില്‍നിന്ന് ഉണ്ടാകാമോ. ലോകത്തൊരു ജീവിയും കണ്ണീര്‍ത്തുള്ളിയില്‍നിന്നു ഗര്‍ഭം ധരിച്ചതായി ഇന്നുവരെ കേട്ടിട്ടില്ല. കോഴിയും താറാവുമൊക്കെപ്പോലെ ഇണചേരുന്ന രീതിയിലാണു മയിലുകള്‍ ഇന്നോളം ഇണചേര്‍ന്നിട്ടുള്ളത്. രാജസ്ഥാനിലെങ്കിലും അവ കണ്ണീര്‍ത്തുള്ളിയില്‍നിന്നു ഗര്‍ഭം ധരിച്ചതായി ചരിത്രത്തിലെങ്ങും രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
മാത്രമല്ല, ന്യായാധിപന്‍ പറയുന്നപോലെ മയില്‍ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യാറില്ല, മറ്റു പക്ഷികളെപ്പോലെ മുട്ടയിടുകയാണു ചെയ്യുന്നത്. നേരത്തെ വ്യക്തമാക്കിയപോലെ, പശുവിനെ ദേശീയമൃഗമാക്കണമെന്നു ജസ്റ്റിസ് മഹേഷ് ചന്ദ്ര വര്‍മയ്ക്ക് നിര്‍ദേശിക്കാം. അതനുസരിച്ചു കേന്ദ്രഭരണകൂടത്തിനു തീരുമാനമെടുക്കുകയും ചെയ്യാം. എതിര്‍പ്പുള്ളവര്‍ക്കു മേല്‍ക്കോടതിയെ സമീപിക്കുകയും ചെയ്യാം.
പക്ഷേ, ഇത്തരമൊരു ഉത്തരവിടാന്‍ ശാസ്ത്രത്തിനു നിരക്കാത്ത ന്യായങ്ങള്‍ ന്യായാധിപന്‍ നിരത്താന്‍ പാടില്ലല്ലോ. ഏതെങ്കിലുമൊരു ന്യായാധിപന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നടപടികള്‍ രാജ്യത്തെ നീതിപീഠമെന്ന ഭരണഘടനാസ്ഥാപനങ്ങളെ മുഴുവനാണു നാണക്കേടിലെത്തിക്കുന്നത്. യുക്തിഭദ്രമല്ലാതെ എന്തുകെട്ടുകഥയും സത്യമാണെന്നു വിശ്വസിച്ചു ഉത്തരവു പുറപ്പെടുവിക്കുന്നവരാണ് ന്യായാധിപന്മാര്‍ എന്ന തെറ്റിദ്ധാരണ ഇന്ത്യയിലെ പൗരന്മാരില്‍ ഒരാളുടെയെങ്കിലും മനസ്സില്‍ പതിഞ്ഞുപോയാല്‍ അതു ജനാധിപത്യവ്യവസ്ഥയ്ക്കു തന്നെ ക്ഷീണമായിരിക്കും.
പശുവിനെ ദേശീയമൃഗമാക്കണമെന്ന ഉത്തരവു പുറപ്പെടുവിച്ചതിനെക്കുറിച്ച് ആ ന്യായാധിപന്‍ ഒരു ദേശീയമാധ്യത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യം കൂടി ഇവിടെ സമര്‍പ്പിക്കാതിരിക്കാന്‍ വയ്യ: 'ആത്മാവില്‍നിന്നുള്ള ശബ്ദമാണു തന്റെ ഉത്തരവിലുണ്ടായതെ'ന്നാണു ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ പറഞ്ഞത്. പശുവിനെ പൂജിക്കുന്ന ശിവന്റെ ഭക്തനാണു താനെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ക്കും ഏതു മതത്തിലും ദൈവത്തിലും വിശ്വസിക്കാന്‍ അവകാശമുണ്ട്. ന്യായാധിപന്മാര്‍ക്കും അതിന് അവകാശമുണ്ട്. എന്നാല്‍, അതിന്റെ അടിസ്ഥാനത്തിലാകരുത് കോടതിയുടെ ഉത്തരവുകള്‍. ആത്മാവില്‍നിന്നുള്ള ശബ്ദമല്ല നീതിപീഠത്തിന്റെ ഉത്തരവായി മാറേണ്ടത്. തെളിവുകളുടെയും വസ്തുതകളുടെയും വിശദവും നിശിതവും പക്ഷപാതരഹിതവുമായ തുലനശേഷം എത്തിച്ചേരുന്ന നിഗമനമായിരിക്കണം നീതിപീഠത്തിന്റെ ഉത്തരവ്.
കാരണം, നീതിദേവതയുടെ കണ്ണുകള്‍ ഒന്നും കാണുന്നില്ല, കാണാന്‍ പാടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."