ഹാദിയ- കോടതിവിധിയും ഉറങ്ങിക്കിടക്കുന്ന പൗരാവകാശവും
ചുരുക്കിപ്പറഞ്ഞാല്‍ കഥ ഇങ്ങനെയാണ്. സ്ഥലം കോട്ടയം ജില്ലയിലെ വൈക്കം. ബേപ്പൂര്‍ സുല്‍ത്താന്റെ ജന്മനാട്. അഖില എന്ന ഹിന്ദു പെണ്‍കുട്ടി മുസ്‌ലിമായി ഹാദിയ എന്ന് പേരു സ്വീകരിക്കുന്നു. വയസ്സ് 24. ഇന്ത്യന്‍ ഭരണഘടനപ്രകാരം വിശ്വാസവും വിവാഹവും സ്വയംനിര്‍ണയിക്കാന്‍ അവകാശമുള്ള ഒരു പൗര.
മഞ്ചേരിയിലെ സത്യസരണി എന്ന സ്ഥാപനത്തില്‍ ഇസ്‌ലാം മതപഠനം നടത്തി. മസ്‌കത്തിലെ സ്വകാര്യകമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്ററായി ജോലിചെയ്തിരുന്ന കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചു. ചാത്തിനാംകുളം ജുമാമസ്ജിദ് കമ്മിറ്റിയുടെ അനുമതിയോടെ മലപ്പുറം കോട്ടക്കല്‍ പൂത്തൂര്‍ മഹല്ലില്‍വച്ചായിരുന്നു വിവാഹം. തമിഴ്‌നാട്ടിലെ സേലം ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളജില്‍നിന്നു ബി.എച്ച്.എം.എസ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ഹാദിയ മലപ്പുറം ജില്ലയിലെ കോട്ടക്കലിലെ സ്വകാര്യക്ലിനിക്കില്‍ ട്രൈയിനിയായി ജോലി ചെയ്തുവരികയാണ്.
അഖില എന്ന ഹാദിയയുടെ മതംമാറ്റത്തോട് എതിര്‍പ്പുള്ള പിതാവ് അശോകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തിരുന്നു. ഹാദിയയെ ആരും തടഞ്ഞുവച്ചിട്ടില്ലെന്നു കോടതിക്കു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിക്കുന്നു. എന്നാല്‍, ഏറെക്കഴിയുംമുമ്പ് പിതാവ് രണ്ടാമത്തെ ഹേബിയസ് കോര്‍പസ് ഹരജിയും ഫയല്‍ ചെയ്യുന്നു. മകളെ സിറിയയിലേക്കു കടത്തിക്കൊണ്ടുപോയി ഐ.എസില്‍ ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്നും അതു തടഞ്ഞു മകളെ തന്നെ ഏല്‍പിക്കണമെന്നുമാണു ഹരജി. മകളുടെ വിവാഹത്തില്‍ ദുരൂഹതയുണ്ടെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും കോടതി കേസ് പരിഗണിക്കവേ പൊലിസിനോട് ആവശ്യപ്പെടുന്നു.
ഇതിനെത്തുടര്‍ന്ന്, ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ ഇവരുടെ വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നു വിവാഹം രജിസ്റ്റര്‍ ചെയ്ത ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോടു കോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, വിവാഹത്തില്‍ ദുരൂഹതയൊന്നുമില്ലെന്നു കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിക്കു റിപ്പോര്‍ട്ട് നല്‍കി.
ഇങ്ങനെ സ്വാഭാവികവും സാധാരണവുമായ രീതിയില്‍ കാര്യങ്ങള്‍ തുടരുന്നതിനിടെയാണു ട്വിസ്റ്റ് സംഭവിക്കുന്നത്. കോടതിയില്‍ കേസ് പരിഗണിക്കുന്നതിനിടെയും മാതാപിതാക്കളുടെ അസാന്നിധ്യത്തിലും നടത്തിയ വിവാഹം അസാധുവാണെന്നു കോടതി വിധിക്കുന്നു. ഹാദിയയെ മാതാപിതാക്കളോടൊപ്പം വിട്ടുകൊണ്ട് ജസ്റ്റിസ് സുരേന്ദ്ര മോഹന്‍, ജസ്റ്റിസ് മേരി ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിടുന്നു.
ഹാദിയ താണപേക്ഷിച്ചിട്ടും തന്റെ ജീവന്‍ സുരക്ഷിതമല്ലെന്നു പറഞ്ഞിട്ടും കോടതി ഉത്തരവുള്ളതു കൊണ്ടു പൊലിസ് ബലമായി മാതാപിതാക്കളോടൊപ്പം കൊണ്ടുപോയി. ഹാദിയ ഇപ്പോള്‍ 27 പൊലിസുകാരുടെ സുരക്ഷയില്‍ വൈക്കം ടിവി പുരം വട്ടയില്‍പ്പടിയിലെ ജന്മവീട്ടില്‍ നോമ്പെടുത്തു കഴിയുകയാണ്. ഇതാണ് ഈ കഥയുടെ ഇതുവരെയുള്ള ചിത്രം.
ഇനി കോടതിവിധിയുടെ മെരിറ്റിലേക്കു വരാം. 24 വയസ്സു പ്രായവും ബുദ്ധിയും പക്വതയുമുള്ള സ്ത്രീക്ക് ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനും ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം ചെയ്യാനുമുള്ള അവകാശമുണ്ട്. അതു സാധ്യമാക്കി നല്‍കേണ്ടതു കോടതിയാണ്. എന്നാല്‍, കോടതിയില്‍ നിന്നുതന്നെ ഇതു ലംഘിക്കപ്പെട്ടിരിക്കുകയാണെന്നു നിയമവിദഗ്ധര്‍ പറയുന്നു.
പ്രായപൂര്‍ത്തിയായ യുവതിയും യുവാവും തമ്മില്‍ പരസ്പര ഇഷ്ടപ്രകാരം നടത്തിയ വിവാഹം ഹേബിയസ് കോര്‍പസ് ഹരജിയെത്തുടര്‍ന്ന് അസാധുവാക്കിയ കോടതി നടപടി തെറ്റാണെന്നാണു റിട്ട. ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ പറഞ്ഞത്. സമാനമായ പ്രതികരണമാണു നിയമവിദഗ്ധരും പ്രമുഖ അഭിഭാഷകരും നടത്തിയത്. പ്രായപൂര്‍ത്തിയായ യുവാവും യുവതിയും വിവാഹംചെയ്യുമ്പോള്‍ മാതാപിതാക്കളുടെ സാന്നിധ്യം വേണമെന്ന് കോടതിക്ക് എങ്ങനെ നിര്‍ബന്ധിക്കാന്‍ കഴിയുമെന്നാണ് നിയമവിദഗ്ധര്‍ ചോദിക്കുന്നത്.
നൊന്തുപ്രസവിച്ചു പോറ്റിവളര്‍ത്തിയ മക്കള്‍ ഒരുനിമിഷം കൊണ്ട് ഇഷ്ടപ്പെട്ടവരോടൊപ്പം ഓടിപ്പോവുമ്പോള്‍ നിസ്സഹായരായി ഹൃദയംപൊട്ടുന്ന മാതാപിതാക്കളെ കോടതി പരിസരങ്ങളില്‍ നിത്യേന കാണുന്നതാണ്. വ്യക്തിസ്വാതന്ത്ര്യത്തെയും പൗരാവകാശങ്ങളെയും ലംഘിച്ച് മാതാപിതാക്കളോടൊപ്പം മക്കളെ വിടാന്‍ നിയമം കോടതിയെ അനുവദിക്കാത്തതുകൊണ്ടാണു വൈകാരികമായ അത്തരം രംഗങ്ങളുണ്ടാവുന്നത്. ഇന്ത്യന്‍ ഭരണഘടനപ്രകാരം കുടുംബബന്ധത്തിനും രക്തബന്ധത്തിനും അപ്പുറത്താണു വ്യക്തിസ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യം ഹൈക്കോടതി ഹാദിയയ്ക്കു നിഷേധിക്കപ്പെട്ടുവെന്നാണ് ആരോപണം.
ഒരു കോടതിയില്‍നിന്നു വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന വിധിയുണ്ടായാല്‍ എന്താണു ചെയ്യേണ്ടത്. തീര്‍ച്ചയായും മേല്‍ക്കോടതിയില്‍ അപ്പീല്‍നല്‍കും. ഇവിടെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവെന്നതിനാല്‍ പരമോന്നത കോടതിയായ സുപ്രിംകോടതിയെ സമീപിക്കണം. എന്നാല്‍, ഇവിടെ വച്ച് ഈ വിഷയം വഴിമാറുകയും രണ്ടാമത്തെ ട്വിസ്റ്റ് സംഭവിക്കുകയുമാണ്.
കോടതി ഉത്തരവിനെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ചില നവാഗതസംഘടനകള്‍ രംഗത്തുവന്നു. തെളിച്ചുപറഞ്ഞാല്‍ എസ്.ഡി.പി.ഐ അല്ലെങ്കില്‍ പോപുലര്‍ ഫ്രണ്ട്. സമരത്തിന്റെ ബാനറിനിട്ട ഓമനപ്പേര് 'മുസ്‌ലിം ഏകോപനസമിതി.' ആദ്യംതന്നെ ഹൈക്കോടതിയിലേക്ക്.
ഹാദിയയുടെ വിവാഹം അസ്ഥിരപ്പെടുത്തിയ ഹൈക്കോടതി നടപടി റദ്ദാക്കാന്‍ ഇതാണോ വ്യവസ്ഥാപിതമായ മാര്‍ഗം. കോടതിയിലേക്കു മാര്‍ച്ച് നടത്തിയതുകൊണ്ട് കോടതി പ്രകോപിതമാവുമെന്നല്ലാതെ വിധി തിരുത്തിയെഴുതുമോ? അത്തരം സംഭവം ഇന്ത്യാ ചരിത്രത്തിലെവിടെയെങ്കിലും കേട്ടിട്ടുണ്ടോ?
മാര്‍ച്ചും ഹര്‍ത്താലും നടത്തിയതുകൊണ്ടു സംഭവിച്ചതെന്താണ്. ഹാദിയയ്ക്കു കാവലുണ്ടായിരുന്ന പൊലിസുകാരുടെ എണ്ണം കൂടി. ഐ.എസ്. ഭീകരവാദികള്‍ കേരളത്തില്‍ ശക്തരാണെന്നും അവര്‍ ഹൈക്കോടതി പൊളിക്കാന്‍ മാര്‍ച്ച് നടത്തിയതു കണ്ടില്ലേയെന്നുമുള്ള പ്രചാരണം നടത്താന്‍ സംഘ്പരിവാറിനു കഴിഞ്ഞു. ഹാദിയ കേസ് സുപ്രിംകോടതിയുടെ പരിഗണനയ്ക്കു വരുമ്പോള്‍, ഹൈക്കോടതിയുടെ മുന്നില്‍ നടത്തിയ ബദറും ശഹീദാവലും തിരിച്ചടിയായാല്‍ എല്ലാം കുശാല്‍.
'മുസ്‌ലിം ഏകോപന സമിതി'യെന്ന പേരു കേട്ടാല്‍ തോന്നും കേരളത്തിലെ മുസ്‌ലിം സംഘടനകളെല്ലാം, ഏകസിവില്‍കോഡ് വിഷയത്തിലെന്നപോലെ അഭിപ്രായവ്യത്യാസം മറന്ന് ഒരു ബാനറിനു കീഴില്‍ അണിനിരന്നിരിക്കുകയാണെന്ന്. സത്യം പറയാല്ലോ, ഏകോപനസമിതിയുടെ ബാനറില്‍ അണിനിരന്നവരെല്ലാം ഒരേ കോളാമ്പിയിലുള്ളതു തന്നെ, ചുണ്ണാമ്പും അടയ്ക്കയും പുകയിലയും വെറ്റിലയും നാലാണ്. അവ ചവച്ചു തുപ്പുമ്പോള്‍ നിറം ഒന്നാകും.
അതുപോലെ, ഒന്ന് ഓള്‍ ഇന്ത്യാ ഇമാം കൗണ്‍സില്‍ (കേരളത്തിലെ ഇമാമീങ്ങളുടെ സംഘടനയാണെന്നു തെറ്റിദ്ധരിക്കേണ്ട, പോപുലര്‍ ഫ്രണ്ടുകാരായ ഇമാമീങ്ങളുടെയും മൗമൂമീങ്ങളുടെയും കുട്ടായ്മയാണ്). രണ്ടാമത്തേത് മൈനോരിറ്റി റൈറ്റ്‌സ് വാച്ച്് (പോപുലര്‍ ഫ്രണ്ടിന്റെ തന്നെ മനുഷ്യാവകാശ മുഖം.) പിന്നെ കാംപസ്ഫ്രണ്ടും സാക്ഷാല്‍ പോപുലര്‍ ഫ്രണ്ടും, എസ്.ഡി.പി.ഐയുമെല്ലാം പരസ്പരം ഫ്രണ്ട് തന്നെ. പുറത്തുനിന്ന് കാര്യമായി ആരുമില്ല.
ദക്ഷിണകേരളത്തിലെ മുസ്‌ലിംസംഘടനയായ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രമുഖ നേതാക്കളെയൊന്നും അവിടെ കണ്ടില്ല. കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയോ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവിയോ ആ വഴി വന്നില്ല. സമസ്തയോ ലീഗോ ഇല്ല. മുജാഹിദോ ജമാഅത്തോ അറിഞ്ഞില്ല, എം.ഇ.എസും എം.എസ്.എസും ആ വഴിക്കു വന്നില്ല. മക്ക എന്ന ദക്ഷിണ കേരളത്തിലെ വിദ്യാഭ്യാസ സംഘടനയുമില്ല. വെല്‍ഫയര്‍ പാര്‍ട്ടി, ഐ.എന്‍.എല്‍, പി.ഡി.പി തുടങ്ങിയ സംഘടനകളുമില്ല. ഇവരുടെ ആരുടേയും പിന്തുണയില്ലാതെ ഉണ്ടാക്കിയ തട്ടിക്കൂട്ടിയ ഏകോപനസമതി എസ്.ഡി.പി.ഐക്ക് അവരുടെ പേര് ലാബല്‍ ചെയ്യാനുള്ള ഭയം മൂലം ഉണ്ടാക്കിയതാണ്.
മുസ്‌ലിം ഏകോപനമെന്ന ബാനര്‍ ഉപയോഗിക്കണമെങ്കില്‍ ഈ സംഘടനകളെല്ലാം അണിനിരക്കണമെന്ന വാദമില്ല. പക്ഷേ, കേരളത്തിലെ ഭൂരിപക്ഷ മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്ന ഈ സംഘടനകളൊന്നുമില്ലാതെ ഉണ്ടാക്കുന്ന മുസ്‌ലിം ഏകോപനം സത്യസന്ധമല്ല. പോപുലര്‍ ഫ്രണ്ട് സംസ്ഥാനപ്രസിഡന്റ് നാസറുദ്ദീന്‍ എളമരമാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.
ഇനി, ഹാദിയ വിഷയത്തില്‍ പിണറായി സര്‍ക്കാരും അദ്ദേഹത്തിന്റെ പാര്‍ട്ടിയും എന്തു നിലപാടാണു സ്വീകരിച്ചതെന്നു നോക്കാം. മതവും ജാതിയുമില്ലാത്ത മനുഷ്യനെ സൃഷ്ടിക്കുന്ന ഇടതുപക്ഷം അവസാനമായി ഹാദിയയുടെ വിഷയത്തില്‍ ചെയ്തത് നോമ്പനുഷ്ടിക്കുന്ന ഹാദിയയുടെ വീട്ടില്‍ അവള്‍ക്കു സംരക്ഷണം നല്‍കിയിരുന്ന മുസ്‌ലിം പൊലിസുകാരെ മുഴുവന്‍ മാറ്റുകയാണ്. പൊലിസുകാര്‍ക്കു ക്ഷീണം വന്നതു കൊണ്ടു മാറ്റിയതല്ല. മുസ്‌ലിം പൊലിസുകാര്‍ ഹാദിയയ്ക്കു കാവല്‍നില്‍ക്കേണ്ടെന്നു ബി.ജെ.പിക്കാരനായ അമ്മാവന്‍ പറഞ്ഞയുടനെ എസ്.ഐ നൗഷാദിനെയും എ.ആര്‍ ക്യാംപിലെ മൂന്നു പൊലിസുകാരെയും മാറ്റുകയായിരുന്നു.
പൊലിസ് റിപ്പോര്‍ട്ടിനു വിരുദ്ധമായാണു സര്‍ക്കാര്‍ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ നിലപാടു സ്വീകരിച്ചത്. കോടതി നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ പൊലിസ് ഉദ്യോഗസ്ഥന്‍ സ്വമേധയാ ഉള്ള മതംമാറ്റമാണെന്നു റിപ്പോര്‍ട്ട് നല്‍കിയിട്ടും ഇടതുസര്‍ക്കാരിന്റെ അഭിഭാഷകന്‍ നിര്‍ബന്ധിത മതംമാറ്റമാണെന്നാണു കോടതിയില്‍ പറഞ്ഞത്.
പാസ്‌പോര്‍ട്ട് എടുക്കാത്ത ഹാദിയ ഐ.എസില്‍ ചേരുമെന്നോ സിറിയയിലേയ്ക്കു പോകുമെന്നോയുള്ള ആരോപണം നിലനില്‍ക്കില്ലെന്നാണു പൊലിസ് റിപ്പോര്‍ട്ട്. എന്നാല്‍, ഐ.എസ് ബന്ധം ചാര്‍ത്തി നല്‍കാനാണു സര്‍ക്കാര്‍ അഭിഭാഷകന്‍ താല്‍പര്യം കാട്ടിയത്.
പ്രശ്‌നത്തില്‍ ഇടപെടുന്നതില്‍ ലീഗിന്റെ പരിമിതി പരിഗണിക്കപ്പെടുമ്പോഴും ഒരു പൗരാവകാശപ്രശ്‌നമായി എടുത്തു സമുദായത്തിലെ തീവ്രചിന്താപ്രസ്ഥാനങ്ങള്‍ക്കു വിഷയം എറിഞ്ഞുകൊടുക്കാതിരിക്കാനുള്ള ജാഗ്രത യൂത്ത്‌ലീഗ് പോലും കാട്ടിയില്ല.
കേരളത്തില്‍ പൗരാവകാശസംഘടനകള്‍ എത്രയെത്രയുണ്ട്. തലയണ വയ്ക്കാത്തവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും ഭാര്യമാരുടെ പീഡനത്തിരയായവരുടെ അവകാശപ്പോരാട്ടത്തിനുമൊക്കെ സംഘടനയുള്ള കേരളത്തില്‍ ഒരു സംഘടനയ്ക്കും ഹാദിയയുടെ വിഷയത്തില്‍ പൗരാവകാശപ്രശ്‌നം കാണാനായില്ല. മഞ്ഞപ്പത്രങ്ങള്‍ വിവരിച്ച ഐ.എസ് കഥയില്‍ അവരും അമര്‍ന്നുപോയി.
ഇന്നു ഹാദിയയുടെ വീട്ടിലെ അവസ്ഥയെക്കുറിച്ച് എത്രപേര്‍ക്കറിയാം. പൊലിസ്‌കാവലില്‍ അജ്മല്‍ കസബിനെപ്പോലെ വീട്ടില്‍ ഏകയായി രാപാര്‍ക്കുകയാണ് അവള്‍.
എസ്.ഐയുടെ നേതൃത്വത്തില്‍ 27 പൊലിസുകാരാണു ഹാദിയയുടെ വീട്ടില്‍ സുരക്ഷയ്ക്കുള്ളത്. രണ്ടു വനിതാപോലിസുകാരുടെ സാന്നിധ്യത്തില്‍ അവള്‍ നോമ്പെടുക്കുന്നുണ്ട്. വീട്ടുകാരുമായും ഹാദിയയുമായും സംസാരിക്കാന്‍ ആര്‍ക്കും അനുമതിയില്ല. മാധ്യമങ്ങള്‍ വന്നാല്‍പോലും പേരും വിവരവും നല്‍കണം. പോരാത്തതിനു ഫോണില്‍ ഫോട്ടോയുമെടുക്കും. വീടിനു പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയത്. രണ്ടുദിവസം കൂടുമ്പോള്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കോട്ടയം ജില്ലയിലെ ഡി.വൈ.എസ്.പിമാര്‍ നേരിട്ടു പരിശോധനയ്‌ക്കെത്തും.
സിറിയയില്‍നിന്നോ അഫ്ഗാനിസ്താനില്‍നിന്നോ ഐ.എസുകാര്‍ പറന്നുവന്ന് അവളെയും പൊക്കി പോകുമോയെന്നു ഭയന്നുനില്‍ക്കുകയാണ് എല്ലാവരും! കേരളത്തില്‍ ഒരു പെണ്‍കുട്ടി ഈ ദുരവസ്ഥയില്‍ കഴിഞ്ഞിട്ടും അതൊരു പൗരാവകാശവിഷയമായി മാറാത്തത് നമ്മുടെ സംഘടനകളെയും അവകാശപ്പോരാളികളെയും അവരുടെ പൊതുബോധത്തെയും അവരറിയാതെ ബാധിച്ച ഇസ്‌ലാംപേടിയും ഫാസിസ്റ്റ് മനോനിലയും കാരണമാണ്. മതത്തിന്റെ സീമകള്‍ ലംഘിച്ചു വന്നവര്‍ക്കു പാര്‍ട്ടി ഓഫിസില്‍ പുഷ്പംകൊണ്ടു താലിചാര്‍ത്തി വിവാഹം നടത്തിക്കൊടുത്ത പാര്‍ട്ടി ഒന്നും മിണ്ടുന്നില്ല. സ്ത്രീപ്രശ്‌നങ്ങളുയര്‍ത്തി ചാടിവീഴുന്നവരെ കാണാനില്ല. വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോള്‍ പൊട്ടിത്തെറിക്കുന്നവര്‍ വരുന്നുമില്ല. അഖില ഹാദിയ ആവുമ്പോള്‍ എല്ലാം മാറുകയാണ്. പ്രത്യേകിച്ച ഡോ. ഹാദിയ ആവുമ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."