ട്രംപിന്റെ ക്രൂരത ഭൂമിയോടും
മനുഷ്യന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കുംവേണ്ടി പ്രകൃതിയെ നശിപ്പിച്ചുള്ള വികസനപ്രവര്‍ത്തനങ്ങളുടെ ഫലമായി ലോകത്തുണ്ടായ കാലാവസ്ഥാവ്യതിയാനത്തിന്റെ പരിണിതഫലങ്ങള്‍ അനുഭവിക്കുകയാണ് വിവിധ രാജ്യങ്ങള്‍. കാലാവസ്ഥയ്ക്കും പ്രകൃതിക്കും രാജ്യാന്തര അതിരുകളോ വേര്‍തിരിവോ ഇല്ല. കാര്‍ബണ്‍ അസന്തുലിതാവസ്ഥകാരണം വിവിധരാജ്യങ്ങളിലെ പരമ്പരാഗതകൃഷിയെയും ജീവിതരീതിയെയും തകര്‍ത്ത് പ്രകൃതിക്ഷോഭങ്ങള്‍ കലിതുള്ളി.
ആയിരക്കണക്കിനു പേരാണു കഴിഞ്ഞവര്‍ഷം വിവിധരാജ്യങ്ങളിലുണ്ടായ പ്രകൃതിക്ഷോഭത്തില്‍ കൊല്ലപ്പെട്ടത്. വൈകിയാണെങ്കിലും കാലാവസ്ഥാവ്യതിയാനത്തിനു കാരണക്കാരായ രാജ്യങ്ങളുടെ കൂട്ടായശ്രമത്തിലൂടെ ഭൂമിയെ ജീവന്‍ നിലനില്‍ക്കുന്ന ഗ്രഹമാക്കി നിലനിര്‍ത്താനുള്ള വലിയശ്രമമായിരുന്നു പാരിസ് കാലാവസ്ഥാ ഉടമ്പടി. ലോകത്ത് ഏറ്റവും കൂടുതല്‍ കാലാവസ്ഥാപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന അമേരിക്ക ഉടമ്പടിയില്‍നിന്നു പിന്മാറിയതോടെ നമ്മുടെ പരിസ്ഥിതി നേരിടുന്നത് വലിയ വെല്ലുവിളിയാണ്.
പാരിസ് ഉച്ചകോടിയും ഒബാമയും
2015ലാണ് പാരിസിലെ ഉച്ചകോടിയില്‍ 195 രാജ്യങ്ങള്‍ ഒപ്പുവച്ച ചരിത്രപരമായ പാരിസ് കാലാവസ്ഥാ ഉടമ്പടി പ്രാബല്യത്തില്‍ വരുന്നത്. ലോകചരിത്രത്തില്‍ ആദ്യമായാണു പ്രകൃതിക്കു വേണ്ടി, മനുഷ്യനുവേണ്ടി ഇത്തരമൊരു ഉടമ്പടിയുണ്ടാകുന്നതെന്ന പ്രത്യേകതയും ഉണ്ട്. സിറിയ, നിക്കരാഗ്വ തുടങ്ങിയ അപൂര്‍വം രാജ്യങ്ങള്‍ മാത്രമാണ് പാരിസ് ഉടമ്പടിയില്‍ ഒപ്പുവയ്ക്കാത്ത രാജ്യങ്ങള്‍. യു.എസ്, ചൈന, യൂറോപ്യന്‍ യൂനിയന്‍, ബ്രിട്ടന്‍, റഷ്യ, ഇന്ത്യ തുടങ്ങിയ വമ്പന്‍മാരാണ് ലോകത്ത് അന്തരീക്ഷമലിനീകരണം സൃഷ്ടിക്കുന്നതിലും മുന്‍നിരയിലുള്ളത്.
ഇവരുടെ കൂട്ടായ്മയില്‍ പിറന്ന ഉടമ്പടി മനുഷ്യരാശിയുടെ പുത്തന്‍പ്രതീക്ഷയായാണ് കണക്കാക്കിയിരുന്നത്. അന്ന് യു.എസ് പ്രസിഡന്റായിരുന്ന ബറാക് ഒബാമയുടെ ചരിത്രപരമായ ഭരണതീരുമാനങ്ങളില്‍ ഒന്നായിരുന്നു പാരിസ് ഉടമ്പടിയിലെ യു.എസിന്റെ ഒപ്പുവയ്ക്കല്‍. ഉടമ്പടി യാഥാര്‍ഥ്യമാകാന്‍ അദ്ദേഹം മറ്റുരാജ്യങ്ങളെ ഒന്നിപ്പിക്കാന്‍ പരിശ്രമിക്കുകയും ചെയ്തു.
പാരിസ് ഉടമ്പടിയും ഇന്ത്യയും
ആഗോള താപനിലയുടെ വര്‍ധന രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍നിന്ന് 1.5 ഡിഗ്രി സെല്‍ഷ്യസിലേയ്ക്കു താഴെയാക്കി നിര്‍ത്തുകയെന്നതാണു പാരിസ് ഉടമ്പടിയുടെ പ്രധാന നിര്‍ദേശം. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറത്തുവിടുന്ന കല്‍ക്കരി, പെട്രോള്‍, ഡീസല്‍, ഗ്യാസ് തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ക്രമേണ നിര്‍ത്തുന്നതാണു മറ്റൊരു തീരുമാനം. പ്രകൃതിസംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനം ചെറുക്കാനും രാജ്യങ്ങള്‍ കൂടുതല്‍ ഫണ്ട് ചെലവഴിക്കുക, ഇതിന് ആഗോളസഹായധനം സ്വരൂപിക്കുക തുടങ്ങിയവയെല്ലാം ഉടമ്പടിയുടെ കാതലായി.
ലോകത്ത് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ വാതകം പുറന്തള്ളുന്ന വികസിതരാജ്യങ്ങള്‍ 2020 മുതല്‍ പ്രതിവര്‍ഷം വികസ്വരരാജ്യങ്ങള്‍ക്ക് ഏഴുലക്ഷം കോടി രൂപ നല്‍കണമെന്നതും അവര്‍ ഈ പണം കാലാവസ്ഥാസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കണമെന്നതും ഈ ഉടമ്പടിയുടെ പ്രത്യേകതയാണ്.
അഞ്ചുവര്‍ഷം കൂടുമ്പോള്‍ അവയുടെ പ്രവൃത്തി വിലയിരുത്തി ലക്ഷ്യം നേടിയോയെന്നു റിപ്പോര്‍ട്ട് ചെയ്യണം. വികസിതരാജ്യങ്ങളുടെ ആകാശത്തെ അശുദ്ധവായുവിനെ വികസ്വരരാജ്യങ്ങളിലെ വനവല്‍ക്കരണംപോലുള്ള പദ്ധതികളിലൂടെ ചെറുക്കാനാകുമെന്നും ഉടമ്പടി കണക്കുകൂട്ടുന്നു. ഏറ്റവും കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന രാജ്യമായ അമേരിക്ക ഉടമ്പടിയില്‍ ഒപ്പുവച്ചതാണു ലോകത്തിന്റെ നേട്ടമായിരുന്നത്.
ഉടമ്പടി വന്‍വിജയമാക്കാന്‍ ഒബാമ രാജ്യത്ത് നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഇതിനിടെയുണ്ടായ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉടമ്പടിക്കെതിരേ നിലപാടുമായി രംഗത്തുവന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതോടെ കാലാവസ്ഥാ ഉടമ്പടിയുടെ ഭാവിയും ചോദ്യംചെയ്യപ്പെട്ടു.
വികസ്വരരാജ്യങ്ങളുടെ തലപ്പത്തുള്ള ഇന്ത്യയുടെ നിലപാടും പാരിസ് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഫോസില്‍ ഇന്ധനങ്ങള്‍ പ്രധാനമായും ഉപയോഗിക്കുന്ന വികസ്വരരാജ്യങ്ങളുടെ തലയില്‍ കുറ്റം കെട്ടിവച്ച് കാലാവസ്ഥാ ദൗത്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് അമേരിക്കയും ചൈനയും ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതെന്ന് ഉച്ചകോടിയില്‍ ഇന്ത്യ തുറന്നടിച്ചു. ഫോസില്‍ ഇന്ധനങ്ങളിലൂടെയല്ലാതെ 40 ശതമാനം വൈദ്യുതി ഉല്‍പാദിപ്പിക്കുമെന്ന് ഇന്ത്യ ഉറപ്പുനല്‍കി.
2030 ല്‍ ലക്ഷ്യം കൈവരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ ഉറപ്പുകൊടുത്തു. 2005ലെ കാര്‍ബണ്‍ നിലയില്‍ നിന്ന് 35 ശതമാനം കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുമെന്നും ഇന്ത്യ പ്രഖ്യാപിച്ചത് മറ്റു രാജ്യങ്ങളെ വിഷമവൃത്തത്തിലാക്കി. കാറ്റ്, സൗരോര്‍ജം, ബാറ്ററി ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദനം കാര്യക്ഷമമാക്കാനുള്ള പദ്ധതികളും ഇന്ത്യയില്‍ തുടങ്ങിയിരുന്നു.
യു.എസ് പിന്മാറ്റവും
ഉടമ്പടിയുടെ ഭാവിയും
2050നും 2100നും ഇടയില്‍ ഭൂമിയെ കാര്‍ബണ്‍ ന്യൂട്രലാക്കുക എന്നാണ് പാരിസ് ഉടമ്പടി ലക്ഷ്യം വയ്ക്കുന്നത്. അമേരിക്ക ഉടമ്പടിയില്‍നിന്ന് പിന്മാറിയതോടെ ശേഷിക്കുന്ന 194 രാജ്യങ്ങള്‍ ഉടമ്പടിയുമായി മുന്നോട്ടുപോകും. ഏറ്റവും വലിയ കാര്‍ബണ്‍ മലിനീകരണക്കാര്‍ എന്ന നിലയില്‍ ട്രംപിന്റെ പിന്മാറ്റം ലക്ഷ്യം നേടാന്‍ എളുപ്പമാകില്ല. ട്രംപിന്റെ നിലപാടിനെ നിശിതമായി വിമര്‍ശിച്ചാണ് ലോകരാജ്യങ്ങള്‍ രംഗത്തുവന്നത്. ട്രംപ് ചെയ്തത് മനുഷ്യരാശിയോടുള്ള കൊടുംക്രൂരതയെന്നു പോലും വിദേശമാധ്യമങ്ങള്‍ തലക്കെട്ടുകള്‍ നല്‍കി.
ഭൂമിയോട് ട്രംപ് ചെയ്തത് കടുത്തവഞ്ചനയാണെന്ന നിലപാടില്‍ ലോകം ഒന്നിച്ചുനില്‍ക്കുകയാണ്. യൂറോപ്യന്‍ യൂനിയനും ചൈനയും സംയുക്തമായി കാലാവസ്ഥാ കരാറില്‍ ഒപ്പുവച്ചതും യു.എസിനെ കുറ്റപ്പെടുത്താതെ കരാറുമായി മുന്നോട്ടുപോകുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചതും ആശാവഹമാണ്. സിറിയ, മധ്യ അമേരിക്കയിലെ നിക്കരാഗ്വ എന്നീ രാജ്യങ്ങള്‍ക്കൊപ്പം പാരിസ് ഉടമ്പടിയെ എതിര്‍ക്കുന്ന മൂന്നാമത്തെ രാജ്യമായി അമേരിക്കയും മാറി. അമേരിക്കയെ മഹത്തായ രാജ്യമാക്കാന്‍ മുദ്രാവാക്യം വിളിക്കുന്ന ട്രംപ് ഭൂമിയോട് ചെയ്തത് കൊടുംക്രൂരതയാണെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."