ട്രെയിനുകള്‍ സ്പെഷല്‍ സര്‍വിസ് തുടങ്ങി: റെയില്‍വേ ഗതാഗതം ഉച്ചയ്ക്കു ശേഷം പുനസ്ഥാപിക്കാനായേക്കും
തിരുവനന്തപുരം: റെയില്‍ ഗതാഗതം താറുമാറായതോടെ സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വിസ് തുടങ്ങി.
തൃശ്ശൂര്‍-ഷൊര്‍ണ്ണൂര്‍, ഷൊര്‍ണ്ണൂര്‍-കോഴിക്കോട്, പാലക്കാട്-കോഴിക്കോട് പാതകളിലൂടെയുള്ള തീവണ്ടി ഗതാഗതം നിര്‍ത്തി വച്ചിരിക്കുകയാണ്. സംസ്ഥാനതലത്തില്‍ തന്നെ തടസ്സപ്പെട്ട റെയില്‍വേ ഗതാഗതം ഉച്ചയോടെ പുനസ്ഥാപിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുപത് ട്രെയിനുകളാണ് ഇതുവരെ റദ്ദാക്കിയത്.
പ്രളയം മൂല്യം റദ്ദാക്കിയ ട്രെയിനുകളില്‍ യാത്ര ചെയ്യാനിരുന്നവരുടെ ടിക്കറ്റ് തുക റീഫണ്ട് ചെയ്യാം. ഒക്ടോബര്‍ 15വരെ ഇതിനുള്ള സൗകര്യമുണ്ടാവും.
തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് സ്പെഷ്യല്‍ പാസഞ്ചര്‍ ട്രെയിന്‍ ഓടുന്നുണ്ട്. ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്ത് നിന്നും ഒരു സ്പെഷ്യല്‍ എക്സപ്രസ് തൃശ്ശൂര്‍ വരെ ഓടും. ഇന്ന് 12.45 ന് മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേക്കും ഒരു സ്പെഷ്യല്‍ ട്രെയിന്‍ സര്‍വിസ് നടത്തും.
പാലക്കാട്-ഷൊര്‍ണൂര്‍, ഷൊര്‍ണ്ണൂര്‍-പട്ടാമ്പി പാതകളില്‍ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. എറണാകുളത്ത് നിന്നും കോട്ടയം തിരുവനന്തപുരം വഴി ചെന്നൈയിലേക്കുള്ള സ്പെഷ്യല്‍ ട്രെയിന്‍ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുറപ്പെടും. 11.15ന് പുറപ്പടേണ്ട ദില്ലി കേരള എക്സപ്രസ് ഉച്ചയ്ക്ക് ഒരു മണിക്ക് നാഗര്‍കോവില്‍-മധുര വഴി തിരിച്ചുവിടും.
കായംകുളം- ആലപ്പുഴ-എറണാകുളം വഴി വെള്ളിയാഴ്ച നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വിസ് പുനരാരംഭിച്ചു. തിരുവനന്തപുരം-എറണാകുളം-തൃശ്ശൂര്‍ പാതയില്‍ കോട്ടയം/ആലപ്പുഴ വഴി ഹ്രസ്വദൂര സര്‍വിസുകള്‍ റെയില്‍വേ നടത്തുന്നുണ്ട്.
നിലവില്‍ തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴി തൃശ്ശൂര്‍ വരെ ഹ്രസ്വദൂര സര്‍വിസുകള്‍ നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്ന അന്തര്‍സംസ്ഥാന തീവണ്ടികള്‍ പലതും തിരുനല്‍വേലി വഴി സര്‍വിസ് നടത്തുകയാണ്.
പല റെയില്‍വേ പാലങ്ങളിലും വെള്ളം കയറിയതിനാല്‍ ഇനി ജലനിരപ്പ് താഴ്ന്ന പ്രത്യേക സുരക്ഷാ പരിശോധനയും കഴിഞ്ഞു മാത്രമേ ട്രെയിനുകള്‍ കടത്തി വിടാന്‍ സാധിക്കൂവെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."