അന്തിക്കാട് ഗവ. ആശുപത്രിക്ക് ചികിത്സ വേണം
അന്തിക്കാട്: കിടത്തി ചികിത്സയില്ല, ആവശ്യത്തിനു ഡോക്ടര്‍മാരില്ല, ആംബുലന്‍സ് കട്ടപ്പുറത്ത്, മോര്‍ച്ചറി കെട്ടിടം അടഞ്ഞുകിടക്കുന്നു. ഇതാണ് അന്തിക്കാട് ഗവ.ആശുപത്രിയുടെ ഇന്നത്തെ അവസ്ഥ.
വര്‍ഷങ്ങള്‍ക്കു മുന്‍പ് എല്ലാ സൗകര്യങ്ങളും ഈ ആശുപത്രിയില്‍ ഉണ്ടായിരുന്നു. അധികൃതരുടെ അനാസ്ഥ മൂലം ഇതെല്ലാം നിലച്ചു. അന്തിക്കാട്, പെരിങ്ങോട്ടുകര, മുറ്റിച്ചൂര്‍,കണ്ട ശാംകടവ് ,കാഞ്ഞാണി, ഏനാമാവ്, പടിയം ഭാഗങ്ങളിലെ നൂറുകണക്കിനു ജനങ്ങള്‍ ആശ്രയിക്കുന്ന ഏക ഗവ.ആശുപത്രിയാണിത്.
രാത്രിയില്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ ചികിത്സയ്ക്കായി ജനങ്ങള്‍ നെട്ടോട്ടത്തിലാണ്. സാധാരണക്കാരായ ജനങ്ങള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. വി.എം.സുധീരന് ആരോഗ്യമന്ത്രിയായിരുന്ന സമയത്താണ് ആംബുലന്‍സ് അനുവദിച്ചത്. എന്നാല്‍ ഒന്നര വര്‍ഷംമാത്രമാണ് ആംബുലന്‍സ് ഓടിയത്.പിന്നീട് കട്ടപ്പുറത്താണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ പോസ്റ്റ്മോര്‍ട്ടം നടന്നിരുന്നു. പിന്നീട് മുന്നറിയിപ്പില്ലാതെ പോസ്റ്റ്മോര്‍ട്ടം നിര്‍ത്തി വെയ്ക്കുകയായിരുന്നു. കിടത്തി ചികിത്സയുണ്ടായിരുന്ന ഇവിടെ അതും നിലച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണു ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ആശുപത്രിയുടെ വികസനത്തിനായി ഗീതഗോപി എം.എല്‍.എ. ഒരു കോടിരൂപ അനുവദിച്ചിരുന്നു. പിന്നീട് 50 ലക്ഷം രൂപയാക്കി ചുരുക്കി പ്രഖ്യാപനം വന്നു. എന്നാല്‍ ഇതുവരെയും ആ ഫണ്ട് ലഭിച്ചിട്ടില്ല. ആശുപത്രിയിലുണ്ടായിരുന്ന കിടക്കയെല്ലാം കീറിപ്പറിഞ്ഞനിലയിലാണ്.
ആശുപത്രിയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ഉപഭോക്തൃ സംരക്ഷണ സമിതിയുടേയുംവ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും നേതൃത്വത്തില്‍ നടന്ന ധര്‍ണ പഞ്ചായത്ത് പ്രസിഡന്റ് എ.വി ശ്രീവത്സന്‍ ഉദ്ഘാടനം ചെയ്തു.
ടി.ആര് പുഷ്കരന് അധ്യക്ഷനായി. രഘു നല്ലയില്‍, കെ.എ ലാസര്‍, കെ.എം കിഷോര്‍ കുമാര്‍, ദിവാകരന് വാലത്ത്, സുബിന് കാരാമാക്കല്‍, കെ.ജി ശശിധരന്, വി.എം സത്താര്‍, വി. നാരായണന്, എം. വിജയന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."