ന്യൂനപക്ഷ പിന്തുണയില്ലാതെ വിജയിക്കാനാകില്ല: അമിത് ഷാ
തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാകണമെങ്കില്‍ ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തണമെന്ന് പാര്‍ട്ടി ദേശീയ പ്രസിഡന്റ് അമിത്ഷാ. സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണയില്ലാതെ പാര്‍ട്ടിക്കു തെരഞ്ഞെടുപ്പ് വിജയം നേടാനാവില്ലെന്നും സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
മുസ്‌ലിം, ക്രിസ്ത്യന്‍ സമുദായങ്ങളെ കൂടാതെ ദലിതരുടെ പിന്തുണയും നേടിയെടുക്കേണ്ടതുണ്ട്. ഇതിനു സംസ്ഥാനത്തിനു മാത്രമായി ഒരു പ്രത്യേക കര്‍മപദ്ധതി തയാറാക്കണം. ഇവിടെ ഇതര സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനശൈലി മാത്രം മതിയാവില്ല.
മറ്റു സംസ്ഥാനങ്ങളില്‍ ഈ വിഭാഗങ്ങള്‍ക്കൊക്കെ പ്രത്യേക മോര്‍ച്ചകളുണ്ടാക്കിയാണ് അവരെ പാര്‍ട്ടിയുമായി സഹകരിപ്പിക്കുന്നത്. എന്നാല്‍, ഇവിടെ അതു ഫലപ്രദമായിക്കൊള്ളണമെന്നില്ല. പാര്‍ട്ടിയിലേക്കു നേരിട്ടുതന്നെ ഈ വിഭാഗങ്ങളെ കൊണ്ടുവരണം.
പാര്‍ട്ടിയിലെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സ്ഥാനങ്ങള്‍ നല്‍കി ഈ വിഭാഗങ്ങളിലെ മറ്റുള്ളവരെക്കൂടി ആകര്‍ഷിപ്പിക്കണം. ഇവരെ ഉപയോഗപ്പെടുത്തി മുസ്‌ലിം, ക്രൈസ്തവ സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വൈരുദ്ധ്യങ്ങളില്‍ ഇടപെട്ട് ആളുകളെ ആകര്‍ഷിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
സംസ്ഥാന ഭാരവാഹികളുടെ പ്രവര്‍ത്തനങ്ങളുടെ വിശദവിവരങ്ങള്‍ അമിത്ഷാ ചോദിച്ചറിഞ്ഞു. ഭാരവാഹികള്‍ ഓരോരുത്തരും അവര്‍ക്കു നല്‍കിയ ചുമതലകളില്‍ കൂടുതല്‍ സജീവമാകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ചുമതലയുള്ള പ്രദേശങ്ങള്‍ നിരന്തരം സന്ദര്‍ശിക്കണം. അവിടങ്ങളില്‍ പാര്‍ട്ടിയുടെ പൊതുപരിപാടികളില്‍ സജീവമായി രംഗത്തുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്ന ആദിവാസി നേതാവ് സി.കെ ജാനുവിന് ദലിത്, ആദിവാസി വിഭാഗങ്ങളുമായി ബന്ധപ്പെടുന്ന ഏതെങ്കിലും പ്രധാനപ്പെട്ട പദവി ദേശീയതലത്തില്‍ നല്‍കണമെന്നും ഇത് ഈ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാന്‍ പാര്‍ട്ടിയെ സഹായിക്കുമെന്നും നേതാക്കള്‍ അമിത്ഷായോടു പറഞ്ഞു. ഇക്കാര്യം പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
ഇന്നലെ കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ അമിത്ഷായ്ക്ക് നേതാക്കളും പ്രവര്‍ത്തകരും സ്വീകരണം നല്‍കി. പാര്‍ട്ടി നേതാക്കളായ കുമ്മനം രാജശേഖരന്‍, ഭൂപേന്ദ്ര യാദവ് എം.പി, ബി.എല്‍ സന്തോഷ്, വി. മുരളീധരന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
വിമാനത്താവളത്തില്‍ ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, സുരേഷ് ഗോപി എം.പി, സംസ്ഥാന വക്താവ് അഡ്വ ജെ.ആര്‍ പത്മകുമാര്‍, എന്‍.ഡി.എ ഘടകക്ഷി നേതാക്കളായ ചൂഴാല്‍ നിര്‍മലന്‍, ബാലരാമപുരം സുരേന്ദ്രന്‍, സോമശേഖരന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഇരുചക്ര വാഹനങ്ങളിലെത്തിയ പ്രവര്‍ത്തകര്‍ വിമാനത്താവളം മുതല്‍ തൈക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരം വരെ അകമ്പടി സേവിച്ചു.
വെള്ളയമ്പലം ജങ്ഷനിലെ അയ്യങ്കാളി പ്രതിമയില്‍ അമിത്ഷാ പുഷ്പാര്‍ച്ചന നടത്തി. ഭാരവാഹി യോഗത്തിനു പുറമെ സംഘ്പരിവാര്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ച, ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതലക്കാരായ നേതാക്കളുടെ യോഗം, പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളുടെ യോഗം എന്നിവയിലും അദ്ദേഹം പങ്കെടുത്തു. ഇന്നു രാവിലെ ഏഴിന് ബി.ജെ.പിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന് അമിത്ഷാ തറക്കല്ലിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."