ഓണ്‍ലൈന്‍ തട്ടിപ്പില്‍ പണം കൈമാറുന്ന നൈജീരിയക്കാരന്‍ അറസ്റ്റില്‍; പിടികൂടിയത് മഞ്ചേരി പൊലിസ് ഹൈദരാബാദില്‍ നിന്ന്
മലപ്പുറം: ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ പണം കൈമാറാനുള്ള ഏജന്റായി പ്രവര്‍ത്തിച്ച നൈജീരിയന്‍ സ്വദേശിയെ മഞ്ചേരി പൊലിസ് മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ നിന്ന് അറസ്റ്റ് ചെയ്തു. നൈജീരിയന്‍ സ്വദേശി ഇദുമെ ചാള്‍സ് ഒന്യാമയേച്ചി (32) ആണ് അറസ്റ്റിലായത്.
വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരികയായിരുന്ന കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശികളായ അകുംബെ ബോമഞ്ചിവ (28), ലാങ്ജി കിലിയന്‍ കെങ് (27 ) എന്നിവരെയും സംഘാംഗങ്ങളായ രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് കുംഭനഗര്‍ സ്വദേശി മുകേഷ് ചിപ്പ (48), ഉദയ്പൂര്‍ സ്വദേശി സന്ദീപ് മൊഹീന്ദ്ര (41) എന്നിവരെയും കഴിഞ്ഞ മാസങ്ങളില്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഇത്തരം കേസുകളില്‍ പണം സ്വീകരിക്കുന്നതിന് ഏജന്റായി പ്രവര്‍ത്തിക്കുന്നയാളാണ് ഇദുമെ ചാള്‍സ് എന്ന് പൊലിസ് പറഞ്ഞു. മഞ്ചേരി സ്വദേശിയുടെ ഹോള്‍സെയില്‍ മരുന്ന് വിപണന കേന്ദ്രത്തിലേക്ക് ആവശ്യമായ വിലപിടിപ്പുള്ള മരുന്ന് വെബ്‌സൈറ്റില്‍ സെര്‍ച്ച് ചെയ്തതിനെ തുടര്‍ന്ന് ബന്ധപ്പെട്ട പ്രതികള്‍ ഇപ്രകാരം പരാതിക്കാരനില്‍ നിന്ന് ഒന്നേകാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്തതാണ് കേസ്.
ഇദുമെ ചാള്‍സിനെ മുമ്പ് സമാനമായ കേസിന് രാജസ്ഥാന്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. പിടിക്കാതിരിക്കാന്‍ ഇടക്കിടെ വാസസ്ഥലം മാറുന്ന ഇയാളെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് പിടികൂടിയത്. വിവിധ സംസ്ഥാനങ്ങളില്‍ ഇയാള്‍ സമാനമായ കുറ്റങ്ങളില്‍ ഉള്‍പ്പെട്ടതായി സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഈ കേസില്‍ ഇതോടെ അഞ്ച് പ്രതികള്‍ അറസ്റ്റിലായി. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പുകള്‍ ഇവര്‍ മുഖേന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ മഞ്ചേരി സി.ജെ.എം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലപ്പുറം ജില്ലാ പൊലിസ് മേധാവി പ്രതീഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, സി.ഐ എന്‍.ബി. ഷൈജു, എസ്.ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തില്‍ സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍.എം അബ്ദുല്ല ബാബു, സ്‌പെഷ്യല്‍ സ്‌ക്വോഡ് അംഗങ്ങളായ കെ.പി അബ്ദുല്‍ അസീസ്, ടി.പി മധുസൂദനന്‍, ഷഹബിന്‍, ഹരിലാല്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."