നന്‍മയും തിന്‍മയും വേര്‍തിരിക്കപ്പെടുന്ന മാസം
വാബിസ്വത്ബ്‌നു മഅ്ബദി(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. ഞാന്‍ പ്രവാചകന്‍ (സ)യുടെ അടുക്കല്‍ ചെന്നു. നന്‍മയും തിന്‍മയും വിശദമായി ചോദിച്ചറിയുകയായിരുന്നു എന്റെ ഉദ്ദേശ്യം. നബി (സ) എന്നോട് പറഞ്ഞു. വാബിസേ അടുത്ത് വന്നിരിക്കൂ. ഞാന്‍ അടുത്തേക്ക് ചെന്നു. അങ്ങനെ എന്റെ കാല്‍മുട്ടുകള്‍ നബിയുടെ കാല്‍മുട്ടുകളോട് ചേര്‍ന്ന് ഞാന്‍ ഇരുന്നു. അപ്പോള്‍ നബി (സ) ചോദിച്ചു. വാബിസേ എന്തുകാര്യം അന്വേഷിക്കാനാണ് താങ്കള്‍ വന്നിരിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു തരട്ടയോ. ഞാന്‍ പറഞ്ഞു. അതേ നബിയെ. നബി (സ) പറഞ്ഞു. നന്‍മ തിന്‍മയെ കുറിച്ച് അറിയാനല്ലെ താങ്കള്‍ വന്നത്. ഞാന്‍ പറഞ്ഞു. അതേ. അപ്പോള്‍ നബി(സ) നബിയുടെ മൂന്ന് വിരലുകള്‍ കൂട്ടിപ്പിടിച്ച് എന്റെ നെഞ്ചില്‍ വെച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു. മനസ്സില്‍ സമാധാനവും ആത്മാവില്‍ സംതൃപ്തിയും അനുഭവപ്പെടുന്നതാണ് നന്‍മ. മനസ്സില്‍ അസ്വസ്ഥതയും ആത്മാവിന് അതൃപ്തിയും തോന്നുന്നതാണ് തിന്‍മ.
നന്‍മ കല്‍പ്പിക്കുകയും തിന്‍മ വിരോധിക്കുകയും ചെയ്യുന്ന നിഗൂഢമായ ഒരു ശക്തി വിശേഷം എല്ലാ മനുഷ്യരിലുമുണ്ട്. ജന്‍മ സിദ്ധമായിത്തന്നെ ഓരോ വ്യക്തിയിലും നന്‍മയോടുള്ള ആഭിമുഖ്യവും തിന്‍മയോടുള്ള വെറുപ്പും സ്ഥിതി ചെയ്യുന്നുണ്ട്. സല്‍ക്കര്‍മ്മങ്ങളില്‍ ആനന്ദിക്കുകയും തെറ്റുകുറ്റങ്ങളില്‍ വേദനിക്കുകയും ചെയ്യുന്ന നൈസര്‍ഗ്ഗികമായ ഒരു ബോധം. ഈ അദൃശ്യമായ പ്രതിഭാസത്തെയാണ് മനഃസാക്ഷി എന്ന് വിളിക്കുന്നത്. ശരീരത്തില്‍ മനഃസാക്ഷി എല്ലായ്‌പ്പോഴും പ്രവര്‍ത്തന നിരതമാണ്. തിന്‍മകളുടെ പേരില്‍ അത് മനസ്സിനെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും. അധര്‍മ്മം ചെയ്യാനുള്ള മാനസീക പ്രേരണകളെ മുളയിലെ നുള്ളിക്കളയാന്‍ ശ്രമിക്കും. തിന്‍മകളെ കുറിച്ച് അത് ഹൃദയത്തിന്‍ മുന്നറിയിപ്പ് നല്‍കി കൊണ്ടിരിക്കും. സദാചാര ബോധത്തിന്റെയും ധര്‍മ്മ നിഷ്ടയുടെയും നെടും തൂണായി വിലയിരുത്തപ്പെടുന്ന ഈ മനഃസാക്ഷിയെയാണ് ആക്ഷേപിക്കുന്ന ആത്മാവെന്നും ശുദ്ധ പ്രകൃതി എന്നുമൊക്കെ ഖുര്‍ആന്‍ പരിചയപ്പെടുത്തിയിട്ടുള്ളത്.
നന്‍മ തിന്‍മകളെ കുറിച്ച് അന്വേഷിച്ചറിയാന്‍ വന്ന ഒരു അനുയായിക്ക് പ്രവാചകന്‍ (സ) നല്‍കിയ സാരവത്തായ മറുപടിയാണ് മുകളില്‍ കൊടുത്ത ഹദീസ്. ഹൃദയം പവിത്രമെന്നും വിശിഷ്ടമെന്നും സാക്ഷ്യപ്പെടുത്തുന്നത് ആത്യന്തികമായി നന്‍മയായിരിക്കുമെന്നും മനസ്സിന് അരോചകവും വെറുപ്പും ഉണ്ടാക്കുന്നത് തിന്‍മയായിരിക്കുമെന്നുമാണ് ഹദീസ് നല്‍കുന്ന പാഠം.
ഇസ്‌ലാമിക ശരീഅത്ത് നിയമമായി അനുശാസിച്ചിട്ടുള്ള മുഴുവന്‍ കാര്യങ്ങളും മനുഷ്യ മനസ്സിന്റെ അന്തര്‍ദാഹം തീര്‍ക്കാനുള്ളതും അതിനെ തൃപ്തിപ്പെടുത്തുന്നതുമാണ്. മതം വല്ലതും നിരോധിച്ചിട്ടുണ്ടെങ്കില്‍ അത്തരം കാര്യങ്ങള്‍ മനുഷ്യ പ്രകൃതി സ്വയം തന്നെ വിലക്കിയിട്ടുള്ളതാണ്. പ്രകൃതിക്ക് വിരുദ്ധമായ ഒരു കാര്യവും മതം മനുഷ്യരോട് കല്‍പ്പിക്കുന്നില്ല. നബി(സ) പറഞ്ഞു. ഒരു വിശ്വാസി ഒരു പാപം ചെയ്താല്‍ അവന്റെ മനസ്സില്‍ ഒരു കറുത്ത പുള്ളി വീഴുന്നു. അവന്‍ പശ്ചാതപിച്ച് മടങ്ങുകയും പാപമോചനം തേടുകയും ചെയ്താല്‍ അവന്റെ മനസ്സ് പഴയതുപോലെ തിളങ്ങാന്‍ തുടങ്ങും. എന്നാല്‍ പാപങ്ങള്‍ തുടര്‍ച്ചയായി ചെയ്യുമ്പോള്‍ ഹൃദയത്തില്‍ വീഴുന്ന പുള്ളികളും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. അവസാനം അവന്റെ ഹൃദയം തിന്‍മകളാല്‍ പൂര്‍ണ്ണമായും മൂടപ്പെട്ടുപോകും.
ഹൃദയങ്ങള്‍ക്ക് ഇത്തരമൊരു അവസ്ഥ വന്നാല്‍ പിന്നീട് അവക്ക് നന്‍മയോട് പ്രതിബദ്ധതയോ തിന്‍മയോട് വിരക്തിയോ ഉണ്ടാവുകയില്ല. തെറ്റും ശരിയും അത്തരക്കാരുടെ കണ്ണില്‍ ഒരുപോലെയായിരിക്കും. തിന്‍മകള്‍ ചെയ്യുന്നതില്‍ അസ്വസ്ഥതയോ നന്‍മകള്‍ ചെയ്യുന്നതില്‍ സന്തോഷമോ അവര്‍ക്കനുഭവപ്പെടുകയില്ല. എത്ര ആഴത്തിലുള്ള ഉപദേശ നിര്‍ദേശങ്ങളും അവരെ സ്വാധീനിക്കുകയില്ല. കാഴ്ച നഷ്ടപ്പട്ടവര്‍ക്ക് വെളിച്ചം എത്ര തീവ്രമാണെങ്കിലും കാണാന്‍ കഴിയാത്തതുപോലെയും കേള്‍വി നഷ്ടപ്പെട്ടവര്‍ക്ക് ശബ്ദം എത്ര കനത്തതാണെങ്കിലും കേള്‍ക്കാന്‍ കഴിയാത്തതുപോലെയുമാണ് അവരുടെ അവസ്ഥ. അതിനാല്‍ നിസാരമെന്ന് നാം കരുതുന്ന ചെറിയ പാപങ്ങള്‍ പോലും ഗൗരവപൂര്‍വ്വം സൂക്ഷിക്കേണ്ടതുണ്ട്. നന്‍മകളില്‍ നിരന്തരം മുഴുകി ഉള്ളിലെ പ്രകാശത്തെ കൂടുതല്‍ പ്രഭാപൂരിതമാക്കാനാണ് വിശ്വാസികള്‍ ശ്രമിക്കേണ്ടത്. നാഥന്‍ തുണക്കട്ടെ, ആമീന്‍.
(എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജന: സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."